സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ CML – AROHA ’25 പ്രവര്‍ത്തനത്തിന് തുടക്കം.

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് (CML) യൂണിറ്റിന്റെ നേതൃത്വത്തില്‍, വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് CML – AROHA ’25 എന്ന കാരുണ്യ പ്രവര്‍ത്തനത്തിന് ഭംഗിയായ തുടക്കം കുറിച്ചു. ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയ ദൈവവചനങ്ങളോടും കുട്ടികളുടെ സ്വതന്ത്രമായ സൃഷ്ടിപരതയോടും കൂടിയ ക്രിസ്മസ് ഗ്രീറ്റിംഗ് കാര്‍ഡുകള്‍, ദേവാലയത്തിന്റെ ഹോള്‍വേയില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ബോക്‌സില്‍ ഡിസംബര്‍ 7 മുതല്‍ നിക്ഷേപിച്ചു തുടങ്ങി.

ഈ പദ്ധതിയുടെ ഭാഗമായി, ഡിസംബര്‍ 21-ന് ഇടവക ദേവാലയ പരിസരപ്രദേശങ്ങളിലുള്ള വൃദ്ധസദനങ്ങള്‍ CML കുട്ടികള്‍ സന്ദര്‍ശിച്ച് ക്രിസ്മസ് കരോളുകള്‍ ആലപിക്കുകയും അവര്‍ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അവിടുത്തെ അന്തേവാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും. പ്രായാധിക്യം മൂലം ഒറ്റപ്പെടലനുഭവിക്കുന്ന മുതിര്‍ന്നവരോടുള്ള സ്‌നേഹവും കരുതലും കുട്ടികളുടെ മനസ്സില്‍ വളര്‍ത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് CML – AROHA ’25 വിഭാവനം ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം ഫാമിലി ഗ്രീറ്റിംഗ് കാര്‍ഡ് മേക്കിംഗ് ചലഞ്ചും സംഘടിപ്പിച്ചിട്ടുണ്ട്. മിഷന്‍ ലീഗ് യൂണിറ്റ് വിതരണം ചെയ്ത പ്ലെയിന്‍ കാര്‍ഡ് കിറ്റുകള്‍ കുടുംബങ്ങള്‍ ചേര്‍ന്ന് സൃഷ്ടിപരമായതും അര്‍ത്ഥവത്തരുമായ രീതിയില്‍ തയ്യാറാക്കി AROHA ബോക്‌സില്‍ നിക്ഷേപിക്കുന്ന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് രാത്രി പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

”സ്‌നേഹവും ദയയും ഒരിക്കലും പാഴാകുന്നില്ല; അവ എപ്പോഴും മാറ്റം സൃഷ്ടിക്കുന്നു” എന്ന പ്രമേയത്തോടെ, CML സെക്രട്ടറി ഷോബിന്‍ കണ്ണമ്പള്ളി മാതാപിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ക്രിസ്മസ് കാലയളവില്‍ മുതിര്‍ന്നവരോടുള്ള കരുതല്‍ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി, ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാ കുട്ടികളെയും സജീവമായി പങ്കാളികളാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ 21-ന് നടക്കുന്ന വൃദ്ധസദന സന്ദര്‍ശനവും കരോളിംഗും വിജയകരമാക്കുന്നതിന് മാതാപിതാക്കളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ച CML പ്രസിഡന്റ് ഐസക് മറ്റത്തില്‍ പറഞ്ഞു: ”ഇത്തരത്തിലുള്ള ഈ ലളിതമായ സ്‌നേഹപ്രവര്‍ത്തനം നമ്മുടെ വയോധിക സമുദായാംഗങ്ങളുടെ ഹൃദയങ്ങളില്‍ ആത്മസാന്ത്വനവും സന്തോഷവും നിറയ്ക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. AROHA ’25 മുഖേന നിങ്ങള്‍ സ്‌നേഹത്തിന്റെ ചെറിയ മിഷനറിമാരായിത്തീരുന്നു. നിങ്ങള്‍ ഒരുക്കുന്ന ഓരോ കാര്‍ഡും പാടുന്ന ഓരോ ഗാനവും യേശുവിനുള്ള ഒരു സമ്മാനമായി മാറുന്നു”.

CML – AROHA ’25 പ്രവര്‍ത്തനങ്ങളുടെ തുടക്കമായി, നവംബര്‍ 29-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം CML എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ തയ്യാറാക്കുകയും, കുട്ടികള്‍ നിര്‍മ്മിക്കുന്ന കാര്‍ഡുകള്‍ നിക്ഷേപിക്കുന്നതിനായി ദേവാലയ ഹോള്‍വേയില്‍ പ്രത്യേക ഡ്രോപ്പ് ബോക്‌സ് സജ്ജീകരിക്കുകയും ചെയ്തു.

ഈ സ്‌നേഹ-കരുണ പ്രവര്‍ത്തനത്തിലൂടെ ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം സമൂഹത്തിലെ ഏറ്റവും കൂടുതല്‍ പരിഗണനയും ആശ്വാസവും ആവശ്യമായവരിലേക്കെത്തിക്കുകയാണ് AROHA ’25ന്റെ ലക്ഷ്യം. ഇതിലേക്കുള്ള കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഇടവക വികാരി ഫാദര്‍ സിജു മുടക്കോടില്‍ മാതാപിതാക്കളോടും കുട്ടികളോടും അഭ്യര്‍ത്ഥിച്ചു.

പരിപാടിയുടെ വിജയത്തിനായി CML സ്പിരിച്വല്‍ ഡയറക്ടര്‍ അനീഷ് മാവേലി പുത്തന്‍പുരയില്‍, യൂണിറ്റ് ഡയറക്ടര്‍ ജോജോ ആനാലില്‍, മറ്റ് കോഡിനേറ്റേഴ്‌സ്, മത അധ്യാപകര്‍, ട്രസ്റ്റിമാര്‍ എന്നിവര്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.

 

Previous Post

ചിക്കാഗോയിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ധ്യാനം നയിക്കുന്നു

Next Post

CML – AROHA ’25 Launched at St. Mary’s Knanaya Catholic Church, Chicago with an Inspiring Beginning

Total
0
Share
error: Content is protected !!