
കോട്ടയം: കാന്‍സര്‍ രോഗ ചികിത്സാ വേളയില്‍ 49.82 ശതമാനം രോഗികളും കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിലും സാമൂഹിക ഒറ്റപ്പെടലിലും അനുഭവിക്കുന്നതായി പഠനം. എന്നാല്‍, നല്ല സാമൂഹിക പിന്തുണയും ചേര്‍ത്തുനിര്‍ത്തലുകളും രോഗിയുടെ മനശ്ശാസ്ത്രപരമായ സഹിഷ്ണുത വര്‍ദ്ധിപ്പിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജിയുടെ (ESMO) അന്താരാഷ്ട്ര കോണ്‍ഗ്രസ്സില്‍ പ്രശസ്ത മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ബോബന് തോമസ് അവതരിപ്പിക്കുന്ന പഠനത്തിലാണ് ഇവ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത്. കാന്‍സര്‍ രോഗികള്‍ ചികിത്സാ കാലഘട്ടത്തില്‍ നേരിടുന്ന മാനസിക വെല്ലുവിളികളെയും സമ്മര്‍ദ്ദങ്ങളെയും കുറിച്ചുള്ള ഡോ. ബോബന് തോമസിന്റെ പഠനത്തിനാണ് ESMO കോണ്‍ഗ്രസ്സില്‍ അവതരണാനുമതി ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള ഏക പ്രബന്ധമാണിത്. കോട്ടയം കാരിത്താസ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. ബോബന് തോമസും എം.എസ്.ഡബ്ലിയു ബിരുദധാരിയായ ഭാര്യ വിനയ ബോബനും ചേര്‍ന്നാണ് പഠനം നടത്തിയത്. യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജിയുടെ ഈ അന്താരാഷ്ട്ര സമ്മേളനം ജര്‍മനിയില്‍ ഒക്ടോബര്‍ 17-മുതല്‍ 21-വരെയാണ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍, ഗവേഷകര്‍, രോഗികളുടെ അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രതിനിധികള്‍ എന്നിവര്‍ ഒത്തുചേരുന്ന ആഗോള ഓങ്കോളജി പ്ലാറ്റ്ഫോമാണ് ESMO കോണ്‍ഗ്രസ്.
കാന്‍സര്‍ രോഗത്തിന്റെ അനുഭവം ശാരീരികമായ പോരാട്ടത്തിനേക്കാള്‍ വളരെ വലിയ വൈകാരികവും മാനസികവുമായ യാത്ര ഉള്‍ക്കൊള്ളുന്നു. നമ്മുടെ നാട്ടില്‍ സാമൂഹികമായ അകല്‍ച്ചയും രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും പലപ്പോഴും മുന്‍വിധികള്‍ക്കും ഒറ്റപ്പെടുത്തലിനും കാരണമാകുന്നു. ഇത് കാന്‍സര്‍ രോഗികളെ അവരുടെ രോഗത്തില്‍ നിന്ന് മുക്തിപ്രാപിക്കാന്‍ കഴിയാത്തവരാക്കുന്നു. സാംസ്കാരികവും സാമൂഹികവും അസ്തിത്വപരവുമായ കാരണങ്ങളാല്‍ നിലവിലെ ചികിത്സാ രീതികള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇന്ത്യയിലെ കാന്‍സര്‍ രോഗികളുടെ വൈകാരിക ആരോഗ്യം വിലയിരുത്തുന്നതിന് ഫ്രാങ്ക്ളിന്റെ ‘ലോഗോതെറാപ്പി’, ലാസര്‍ ആന്‍ഡ് ഫോക്ക്മാന്റെ ‘സ്ട്രെസ് ആന്‍ഡ് കോപ്പിങ് തിയറി’ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സാമൂഹിക പിന്തുണയും നിലനില്‍പ്പും കാന്‍സര്‍ രോഗികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. സാമൂഹിക ഒറ്റപ്പെടലും ആകാംക്ഷാപരമായ ജീവിത സാഹചര്യവും വൈകാരിക ക്ലേശങ്ങള്‍ നല്കുന്ന ബന്ധപ്പെട്ട ഘടകങ്ങളാണ്. ഇത് വിഷാദ രോഗ ലക്ഷണങ്ങളെ കാണിക്കുന്നതായും പഠനം പറയുന്നു. (ഡോ. ബോബന് കൈപ്പുഴ ഒട്ടക്കാട്ടില്‍ കുടുംബാംഗവും എസ്. എച്ച് മൗണ്ട് ഇടവകാംഗവുമാണ്)





