കോട്ടയം: കുട്ടികളുടെ അവകാശ സംരക്ഷത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സ് – സമന്വയയ്ക്ക് കോട്ടയം ബി.സി.എം കോളേജില്‍ തുടക്കമായി. ബിഷപ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ കോളേജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ത്രിദിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ സംഘടിപ്പിക്കുന്നത്. നേപ്പാള്‍ കാദംബരി കോളേജ്,കേരളാ അസോസിയേഷന്‍ ഓഫ് പ്രെഫഷണണ്‍ സോഷ്യല്‍ വര്‍ക്കേഴ്സ്, അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ഇന്‍ കേരള, യൂണിവേഴ്സിററി ഓഫ് ജോഹനാസ്ബര്‍ഗ് സൗത്ത് ആഫ്രിക്ക, എന്നിവയുടെ സഹകരണത്തോടെ ‘കുട്ടികളുടെ അവകാശങ്ങളും സാമൂഹികമായ ഉള്‍പ്പെടുത്തലും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കോണ്‍ഫറസില്‍ നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. മാനേജര്‍ ഫാ. അബ്രാഹം പറമ്പേട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. കേരള തുറമുഖ വകുപ്പുമന്ത്രി വി. എന്‍. വാസവന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്തറ, ഡോ. ഐപ്പ് വര്‍ഗീസ്, പ്രദിപ്ത കാദംബരി (നേപ്പാള്‍), ഡോ. വിര്‍ജില്‍ ഡി സാമി, അന്‍സണ്‍ അലക്‌സാണ്ടര്‍, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, സേവ്യര്‍കുട്ടി ഫ്രാന്‍സിസ്, മനു എം. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഡ്യയിലും വിദേശത്തുമുള്ള വിവിധ സാമൂഹ്യസേവന പരിശീലന കോളേജുകളില്‍ നിന്നായി അഞ്ഞുറോളം പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച കലാവിരുന്ന് സിനിമാ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ ശിവ ഉദ്ഘാടനം ചെയ്തു,സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 22-ാമത് സമന്വയ നാളെ (ഫെബ്രുവരി 5) സമാപിക്കും.
സമന്വയയ്ക്ക് ബി.സി.എം കോളേജില്‍ തുടക്കമായി
