ഭാരതം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടു ദിവസങ്ങള്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും പട്ടേലും പോലുള്ള രാജ്യത്തെ ത്യാഗസന്നദ്ധരും ധീരന്മാരുമായ നേതാക്കളുടെ കഠിനാദ്‌ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും അവരോടു ചേര്‍ന്നു പ്രവര്‍ത്തിച്ച കോടിക്കണക്കിനു സാധാരണക്കാരുടെയും ആത്മത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി അഹിംസയുടെ മാര്‍ഗത്തിലൂടെ ബ്രിട്ടീഷുകാരില്‍ നിന്നു പിടിച്ചുവാങ്ങിയതാണ് നാം ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതു വിലകൊടുത്തു വാങ്ങിയതുകൊണ്ടുതന്നെ വിലപ്പെട്ടതും കണ്ണിലെ കൃഷ്‌ണമണിപോലെ അവധാനതയോടെ കാത്തുസൂക്ഷിക്കേണ്ടതുമാണ്.
സ്വതന്ത്ര ഭാരതത്തില്‍ ജനാധിപത്യത്തെ സംരക്ഷിച്ചു പോന്നത് സ്വതന്ത്രമായ ജുഡീഷ്യറിയും രാജ്യനന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ലെജിസ്ലേച്ചറും സമര്‍പ്പണബോധമുള്ള എക്‌സിക്യൂട്ടീവുമായിരുന്നു. എന്നാലിന്ന് ലെജിസ്ലേച്ചറിന്റെയും ജൂഡിഷ്യറിയുടെയും എക്‌സിക്യൂട്ടീവിന്റെയും സല്‍പേരിനുമേല്‍ കളങ്കം ചാര്‍ത്തുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു. ഭരണഘടനാസ്ഥാപനങ്ങള്‍ പാലിക്കേണ്ട സ്വാതന്ത്രവും നിഷ്‌പക്ഷവുമായ നിലപാടുകള്‍ ഇല്ലാതാകുന്നു. സ്വാതന്ത്ര ഇന്ത്യയിലെ ഒരു സുപ്രീം കോടതി ജഡ്‌ജിയുടെ വീട്ടില്‍, കണക്കില്‍ പെടാത്ത നോട്ടു കെട്ടുകള്‍ കത്തിക്കപ്പെട്ടതിന്റെ പേരില്‍ പാര്‍ലമെന്റില്‍ ഇംപിച്ച്‌മെന്റിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദം പലപ്പോഴും രാജ്യത്തെ സേവിക്കുകയെന്ന ചുമതല മറക്കുന്നു എന്നു മാത്രമല്ല, അഴിമതിയില്‍ മുങ്ങികുളിക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ സഹകരിക്കാത്തവരും അതിനോടു പുറം തിരിഞ്ഞുനിന്നവരും ഇന്നു സ്വാതന്ത്രസമരത്തിന്റെ നേരവകാശികളായി വാഴ്‌ത്തപ്പെടുന്നു. എന്നാല്‍ സ്വാതന്ത്രസമരത്തില്‍ ത്യാഗോജ്ജ്വലമായ നേതൃത്വം കൊടുത്തവരും പങ്കുചേര്‍ന്നവരും തമസ്‌ക്കരിക്കപ്പെടുകയും ചിലപ്പോഴൊക്കെ അപഹസിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഗാന്ധിജിയെ തള്ളി പറയുന്നവര്‍ ഗാന്ധി ഘാതകരെ മഹത്വവല്‍ക്കരിക്കുന്നു. നിഷ്‌പക്ഷമതികള്‍ക്ക് ഒരിക്കലും നിഷേധിക്കാനാകാത്ത സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തെയും സംഭാവനകളെയും സാധ്യമായ വിധത്തിലെല്ലാം തമസ്‌ക്കരിക്കുന്നു എന്നു മാത്രമല്ല, ചരിത്ര താളുകളില്‍ നിന്നു പരമാവധി അപ്രത്യക്ഷമാക്കാന്‍ ശ്രമിക്കുന്നു. ഭാരതത്തിലെ സാമാന്യജനം, സ്വാതന്ത്ര്യസമര സേനാനികളെന്നു മനസുകൊണ്ടു അംഗീകരിക്കാത്ത പലരും നെഹ്രു ഇരിക്കേണ്ട ഇടങ്ങളില്‍ ഇടം പിടിക്കുന്നു. സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനയുടെ ആത്മാവില്‍നിന്ന് സോഷ്യലിസം, മതേതരത്വം (Socialist and Secular) എന്നീ പദങ്ങള്‍ എടുത്തു മാറ്റണമെന്ന മുറവിളി ചിലയിടങ്ങളില്‍ നിന്നുണ്ടാകുന്നു. ഭരണഘടനയുടെ 25-ാം ആര്‍ട്ടിക്കിളില്‍ ഉറപ്പു വരുത്തിയിരിക്കുന്ന, മനഃസാക്ഷി സ്വാതന്ത്ര്യത്തെയും തങ്ങളുടെ മത വിശ്വാസം, ഏറ്റു പറയാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കുവാനുമുള്ള അവകാശങ്ങളെയും ഇല്ലായ്‌മ ചെയ്യുന്ന വിധത്തില്‍ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ മൗലിക ദര്‍ശനത്തെ മറികടക്കുന്ന ഇത്തരം നിയമനിര്‍മ്മാണം തന്നെ ഭരണഘടനാലംഘനമാണെന്നു പറയേണ്ടി വരും. ഇങ്ങനെയുള്ള നിയമങ്ങളുടെ ദുരുപയോഗം വഴി ഉത്തരേന്ത്യയില്‍ പല സ്ഥലത്തും ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചു ക്രിസ്‌ത്യാനികളെ വേട്ടയാടുന്നു. തീവ്ര മത നിലപാടുകള്‍ നിയമം കൈയ്യിലെടുക്കുന്നു. പോലീസ് പലപ്പോഴും തീവ്രമത നിലപാടുകള്‍ സ്വീകരിക്കുന്നവരോടു കൂട്ടുചേരുന്നു. മത ന്യൂനപക്ഷങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും തടയപ്പെടുന്നുവെന്നു മാത്രമല്ല അന്യായവും സത്യവിരുദ്ധവുമായ കുറ്റങ്ങള്‍ അവരുടെ മേല്‍ ആരോപിക്കപ്പെടുന്നു. ഇങ്ങനെ നമ്മുടെ രാജ്യത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തുന്ന പല കാര്യങ്ങളും എടുത്തു പറയാനുണ്ടാവും.
ഏറ്റവും ഒടുവിലായി പ്രതിപക്ഷ നേതാവും ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ തന്നെ സംശയം ഉന്നയിച്ചിരിക്കുന്നു. സ്വതന്ത്ര ഭാരതത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതുവരെയും തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത ഇത്രമേല്‍ ചോദ്യം ചെയ്യപ്പെട്ട അവസരങ്ങള്‍ ഉണ്ടായിട്ടില്ല. പ്രതിപക്ഷം മെഷിന്‍ വച്ച് വായിക്കാവുന്ന വോട്ടര്‍ പട്ടികയുടെ കോപ്പികളാവശ്യപ്പെട്ടത് സമീപ കാലത്തെ ചില തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായതായി പറയപ്പെടുന്ന വ്യാപകമായ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ്. ഇതു നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറായില്ലയെന്നതു കമ്മീഷന്റെ വിശ്വാസ്യതയെ സംശയത്തിന്റെ നിഴലില്‍ ആക്കിയിരിക്കുന്നു. ഇതു കമ്മീഷനു പലതും മറച്ചുവയ്‌ക്കുവാനുണ്ടെന്ന ചിന്ത സാധാരണക്കാരില്‍ ജനിപ്പിക്കുന്നു. തിരഞ്ഞെടുപ്പു കമ്മീഷന്‍ ബി.ജെ.പി യുമായി ചേര്‍ന്നു വോട്ട് മോഷ്‌ടിക്കുകയാണ് എന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടര്‍ അധികാര്‍ യാത്ര, ബീഹാറില്‍ നടത്തുകയാണ്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവര്‍ അംഗമായ മൂന്നംഗ സമിതി വേണം തിരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കേണ്ടതെന്ന 2023 ലെ സുപ്രീം കോടതി വിധി അട്ടിമറിച്ച് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാന മന്ത്രിയും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന മറ്റൊരു മന്ത്രിയും പ്രതിപക്ഷ നേതാവു മടങ്ങുന്ന സമിതിയായിരിക്കണം ഇലക്ഷന്‍ കമ്മീഷനെ നിയമിക്കേണ്ടതെന്ന നിയമം കേന്ദ്ര ഗവണ്‍മെന്റ് 2023 ല്‍ കൊണ്ടു വന്നു. ഇവിടെ പ്രതിപക്ഷ നേതാവിനു വീറ്റോ പവര്‍ ഇല്ലാത്തിടത്തോളം കാലം ഭരണകൂടത്തിന്റെ താല്‌പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടാനുള്ള സാധ്യതയാണ് ഇക്കാര്യത്തില്‍ ഉള്ളത്. സ്വാതന്ത്രവും നിഷ്‌പക്ഷവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടത്. അതു സാധ്യമാകാനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവാദിത്വം കുറവു കൂടാതെ പൂര്‍ത്തിയാക്കിയേ മതിയാവൂ.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്.
സ്വതന്ത്ര ഇന്ത്യയിലെ അപകടകരമായ പ്രവണതകള്‍





