മനുഷ്യകടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ നേരിടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ്, ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിക്കും 9 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ജാമ്യം ലഭിച്ച ആശ്വാസത്തിലാണ് ഭാരതത്തിന്റെ മതേതര മനസും ക്രൈസ്തവലോകവും. കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. മനുഷ്യ കടത്തു നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് കന്യാസ്ത്രീകള്‍ക്കെതിരെ തെളിവു കണ്ടെത്താനായിട്ടില്ലെന്നും ഇക്കാര്യം കേസ് ഡയറിയില്‍ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. കന്യാസ്ത്രീകളോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അവരോടൊപ്പം പോയതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും വിധി പകര്‍പ്പില്‍ പറയുന്നു. അറസ്റ്റ് മെമ്മോയില്‍ പ്രതികള്‍ പതിവു കുറ്റവാളികള്‍ അല്ലെന്നും അപകടകരമായ വ്യക്തികളുടെ വിഭാഗത്തില്‍ പെടുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം ചെയ്തതല്ല, കുറ്റം ചെയ്തെന്ന് സംശയത്തെ തുടര്‍ന്നാണ് അറസ്റ്റ്. സിസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന യുവതികള്‍ ക്രിസ്ത്യാനികള്‍ ആണെന്നും അതുകൊണ്ടു നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. യുവതികളെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നു അവരുടെ മാതാപിതാക്കളുടെ മൊഴിയും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 25-ാം തീയതി മനുഷ്യക്കടത്ത് നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ പരാതിയെ തുടര്‍ന്ന് ചത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സിസ്റ്റേഴ്സിനെ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തത്. നാരായണ്‍ പൂരില്‍ നിന്നുള്ള മൂന്നു സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി കടത്താന്‍ ശ്രമിച്ചു എന്നതായിരുന്നു ബജ്രംഗ്ദളിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. ആരോപണ വിധേയരായവരും കൂടെയുള്ളവരും ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനും ഭീഷണിക്കും വിധേയമാകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നു. സിസ്റ്റേഴ്സിന്റെ കൂടെയുണ്ടായിരുന്ന മൂന്നു സ്ത്രീകളെ മൂന്നു ദിവസം ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചതിനുശേഷം പിന്നീട് സ്വന്തം വീടുകളിലേക്കു അയയ്ക്കുകയാണുണ്ടായത്.
അടിസ്ഥാനരഹിതമായി ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ പേരില്‍ അതിതീവ്ര മതവാദികളുടെ പ്രേരണയില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റേഴ്സിനു ജാമ്യം ലഭിച്ചതില്‍ ആശ്വാസമുള്ളപ്പോഴും അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തെറ്റായ എഫ്.ഐ.ആര് റദ്ദാക്കണമെന്നാണ് ഭാരത കത്തോലിക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കാനും അപമാനിക്കാനും പതിവായി ഉപയോഗിക്കപ്പെടുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ റദ്ദു ചെയ്യപ്പെടണമെന്നും സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ് അനില്‍ കൂട്ടോ ആവശ്യപ്പെട്ടിട്ടുണ്ട്. സിസ്റ്റേഴ്സിന്റെ അറസ്റ്റില്‍ സിസ്റ്റേഴ്സ് തെറ്റുകാരല്ല എന്ന നിലപാട് കേരളത്തിലെ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സ്വീകരിച്ചപ്പോഴും കേരളത്തിലെ ആര്.എസ്.എസ് -ഉം ഹിന്ദു ഐക്യവേദിയുമുള്പ്പെടെയുള്ള സംഘപരിവാര്‍ ശക്തികള്‍ അറസ്റ്റിനെ അനുകൂലിക്കുന്ന സമീപനം ആണ് സ്വീകരിച്ചത്. കേരളത്തിലെ തൃശ്ശൂരില്‍ നിന്നുള്ള ബി.ജെ.പി എം.പി സുരേഷ് ഗോപി ഇക്കാര്യങ്ങളില്‍ ഒരു പ്രതികരണവും നടത്തി കണ്ടില്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നു കേന്ദ്രമന്ത്രി സഭയിലുള്ള മന്ത്രി ജോര്‍ജ് കുര്യനും വ്യക്തമായ ഒരു നിലപാട് എടുത്തു കണ്ടില്ല. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു `വിഷയം കോടതിയുടെ പരിഗണയിലാണെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും’ പറഞ്ഞ് മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നു ഒഴിഞ്ഞു മാറുകയായിരുന്നു. ചത്തീസ്ഗഡില്‍ മാത്രമല്ല ഉത്തരേന്ത്യയില്‍ പലയിടത്തും ക്രിസ്ത്യാനികളെ അന്യായമായി പീഡിപ്പിക്കാന്‍ മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗിക്കുന്നുണ്ട്. ഈ നിയമത്തിന്റെ മറവിലാണ് രാജസ്ഥാനില്‍ 28 വര്‍ഷമായി ശുശ്രൂഷ ചെയ്യുന്ന മലയാളി പാസ്റ്റര്‍ തോമസ് ജോര്‍ജി (ലാലിച്ചന്‍) നെതിരെ കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയുടെ 19, 25 ആര്‍ട്ടിക്കിളുകള്‍ അനുസരിച്ചു ഭാരതത്തില്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടായിരിക്കെ അതിനെതിരെയുള്ള മതതീവ്രപക്ഷക്കാരുടെ നിലപാടുകളും ആ നിലപാടുകള്‍ക്കനുസരിച്ച് ഭരണകൂടം അനീതിപരമായും ഉത്തരവാദിത്വരഹിതമായും പ്രവര്‍ത്തിക്കുന്നതും അങ്ങേയറ്റം അപഹാസ്യവും ഭരണഘടനയെ നോക്കുകുത്തിയാക്കുന്നതുമായ നിലപാടുമാണ്. രാജ്യത്ത് ഏതൊരു പൗരനുമുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതും രാജ്യത്ത് എവിടെയും തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കുന്നതും കൂടാതെ ഗുരുതരമായ രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പുകള്‍ ചേര്‍ത്തു ആദിവാസി യുവതികള്‍ക്കു തൊഴില്‍ നല്കുവാന് ശ്രമിച്ച സിസ്റ്റേഴ്സിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചതുമെല്ലാം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാകരവുമത്രെ. ആദിവാസികളെ അകാരണമായി മര്‍ദ്ദിക്കുന്ന ബജ്രംഗ്ദളിന്റെ വനിത നേതാവിനെതിരെ എന്തുകൊണ്ടു കേസ് എടുക്കുന്നില്ല എന്ന ചോദ്യം നിലനില്ക്കുന്നു. അതിനാല്‍ മതേതരത്വത്തിനു വില കല്പിക്കാത്തവര് മനുഷ്യത്വത്തെ അപഹസിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
റവ. ഡോ. മാത്യു കുരിയത്തറ
മതേതരത്വത്തിനു വില കല്പിക്കാത്തവര് മനുഷ്യത്വത്തെ അപഹസിക്കുന്നു





