ഉത്തരവാദിത്വപ്പെട്ടവര്‍ അതിരുവിടാതിരിക്കാന്‍ കോടതിയുടെ ഇടപെടല്‍

ഇന്ത്യയില്‍ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സര്‍ക്കാരുകള്‍ ഉണ്ടാകുന്നത്‌ ജനാധിപത്യരീതിയില്‍ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകള്‍ വഴിയാണ്‌. ജനങ്ങളുടെ ആഗ്രഹവും മനസും ഏറ്റവും നന്നായി അറിയുന്നത്‌ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണ്‌. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ പരിമിതമായ അഞ്ചു വര്‍ഷമാണ്‌ സര്‍ക്കാരിനു ലഭിക്കുക. നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുവാന്‍ ഗവര്‍ണര്‍ക്കും രാഷ്‌ട്രപതിക്കും സമയക്രമം നിര്‍ദ്ദേശിക്കവെ സുപ്രീം കോടതി അതിനു കണ്ടെത്തിയ ന്യായങ്ങള്‍ പ്രസക്തമാണ്‌. നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാതെ അവ അനന്തമായി തടഞ്ഞുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കെതിരെ ശക്തമായ ഇടപെടലാണ്‌ സുപ്രീം കോടതി നടത്തിയിരിക്കുന്നത്‌. 2020 മുതലുള്ള പത്തു ബില്ലുകള്‍ തടഞ്ഞുവെച്ച തമിഴ്‌നാട്‌ ഗവര്‍ണര്‍ ആര്‍. എന്‍. രവിയുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ്‌ സുപ്രീം കോടതിയുടെ വിധി. ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്‌നാട്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഇക്കഴിഞ്ഞ ഏപ്രില്‍ 8-ാം തീയതി സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ. ബി. പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ച്‌ വിധി പറഞ്ഞത്‌.
ഭരണഘടനയുടെ 200-ാം വകുപ്പനുസരിച്ച്‌ നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്നു നടപടികളാണ്‌ സാധ്യമായിട്ടുള്ളത്‌. ഒന്നുകില്‍ ബില്ലുകള്‍ അംഗീകരിക്കാം അല്ലെങ്കില്‍ മടക്കി അയയ്‌ക്കാം. അല്ലെങ്കില്‍ രാഷ്‌ട്രപതിയുടെ പരിഗണനക്കായി അയയ്‌ക്കാം. ഗവര്‍ണര്‍ `എത്രയും വേഗം’ ബില്ലുകളില്‍ നടപടി എടുക്കണം എന്നല്ലാതെ കൃത്യമായ സമയക്രമം ഭരണഘടനയിലില്ല. ഈ വിടവാണ്‌ ഇന്ത്യയുടെ ഭരണഘടനയുടെ 200-ാം അനുച്ഛേദം വ്യാഖ്യാനിച്ച്‌ സുപ്രിം കോടതി നികത്തിയത്‌. പുതിയ ഉത്തരവനുസരിച്ച്‌ ഭരണഘടനയുടെ 200-ാം അനുച്ഛേദം അനുസരിച്ച്‌ ഗവര്‍ണര്‍ക്ക്‌ വിറ്റോ അധികാരം ഇല്ല. സുപ്രിം കോടതിയുടെ ഉത്തരവനുസരിച്ച്‌ സമയക്രമം പാലിക്കാത്ത ഗവര്‍ണറുടെ നടപടി പരിശോധിക്കാം, അനുമതി തടയുന്ന ബില്ലുകള്‍ കാരണ സഹിതം തിരിച്ചയയ്‌ക്കണം. തിരിച്ചയച്ച ബില്ലുകള്‍ നിയമ സഭ വീണ്ടും പാസാക്കിയാല്‍, അത്‌ ആദ്യത്തേതില്‍നിന്ന്‌ വ്യത്യസ്‌തമാണെങ്കില്‍ മാത്രമെ രാഷ്‌ട്രപതിക്ക്‌ അയക്കാവൂ; അല്ലാത്ത പക്ഷം അനുമതി നല്‍കുകയല്ലാതെ വിവേചനാധികാരം ഉപയോഗിക്കാനാവില്ല. മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ്‌ ഗവര്‍ണര്‍ ബില്ലുകള്‍ തടഞ്ഞു വയ്‌ക്കുകയോ, രാഷ്‌ട്രപതിക്ക്‌ അയക്കുകയോ ചെയ്യുന്നതെങ്കില്‍, ഒരു മാസത്തിനകം അതു വേണം. മന്ത്രി സഭയുടെ ഉപദേശത്തിനു വിരുദ്ധമായി അനുമതി തടയുകയോ രാഷ്‌ട്രപതിക്ക്‌ അയക്കുകയോ ചെയ്യുന്നെങ്കില്‍ മൂന്നു മാസത്തിനകം വേണം. നിയമസഭയ്‌ക്ക്‌ തിരിച്ചയച്ച ബില്‍ മാറ്റമില്ലാതെ വീണ്ടും പാസായി വന്നാല്‍ ഒരു മാസത്തിനകം അനുമതി നല്‍കണം. ഗവര്‍ണര്‍ അയക്കുന്ന ബില്ലുകളില്‍ മൂന്നു മാസത്തിനകം രാഷ്‌ട്രപതിയും തീരുമാനം എടുക്കണം. വൈകുന്നെങ്കില്‍ അക്കാര്യം സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കണം. തുടങ്ങിയ കാര്യങ്ങള്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. കേരള നിയമസഭ പാസാക്കിയ 7 ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവെച്ച കേരളത്തിന്റെ മുന്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നിലപാട്‌ കേരളവും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്‌തു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌. കേന്ദ്ര ഗവണ്‍മെന്റ്‌ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു ബുദ്ധിമുട്ടിക്കുന്നു എന്ന ആക്ഷേപം അടുത്തകാലത്തായി കൂടിയിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ കോടതി വിധിക്കു കൂടുതല്‍ പ്രസക്തിയുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ നിയമ നിര്‍മാണ അവകാശങ്ങള്‍ ഈ വിധിയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറിലസത്തെ പ്രോത്സാഹിപ്പിക്കുന്ന വിധിയാണിതെന്നുമാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാന്‍ലിന്‍ കോടതിയുടെ ഉത്തരവിനെക്കുറിച്ച്‌ പ്രതികരിച്ചത്‌.
ബില്ലുകളില്‍ ഭരണഘടനാ വിരുദ്ധത പരിശോധിക്കാന്‍ തങ്ങള്‍ ക്കാണ്‌ കൂടുതല്‍ സാധിക്കുകയെന്നും വിധിയില്‍ കോടതി പരോക്ഷമായി പറയുന്നുണ്ട്‌. ബില്ലില്‍ ഭരണ ഘടനാ വിരുദ്ധത ഉണ്ടെന്ന്‌ രാഷ്‌ട്രപതിക്കു തോന്നിയാല്‍ ഭരണഘടനയുടെ 143-ാം അനുച്ഛേദം അനുസരിച്ച്‌ തങ്ങള്‍ക്കു റഫര്‍ ചെയ്‌ത്‌ അഭിപ്രായം തേടേണ്ടതാണെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ ഭരണ ഘടനാ പദവിയിലിരിക്കുന്ന രാഷ്‌ട്രപതിയും ഗവര്‍ണര്‍മാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ മറ്റൊരു ഭരണഘടനാപരമായ സ്ഥാപനമായ സുപ്രീം കോടതിക്കു നിര്‍ദേശിക്കാനാവുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്‌. ഈ വിധിയില്‍ കേരള ഗവര്‍ണര്‍ നിലപാട്‌ എടുക്കുകയും പാര്‍ലമെന്റിന്റെ അവകാശത്തിന്മേലുള്ള കൈ കടത്തലാണിതെന്ന നിലപാടു സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. സുപ്രീം കോടതിയിലെ രണ്ടു ജഡ്‌ജിമാരല്ല ഭരണ ഘടനാഭേദഗതി ചെയ്യേണ്ടതെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. ഇത്രയും വലിയ ഭരണഘടനാ വ്യാഖ്യാനം നടത്തേണ്ടത്‌ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചായിരുന്നു എന്നു കരുതുന്നവരുമുണ്ട്‌. ഭരണഘടനയില്‍ സമയക്രമം എടുത്തു പറയാത്തതിന്‌ ബില്ലുകള്‍ എത്ര കാലവും തടഞ്ഞു വെക്കുന്നതിനു ഗവര്‍ണര്‍ക്കും രാഷ്‌ട്രപതിക്കും അനുമതി ഉണ്ടെന്നു കരുതാനാവില്ല. എന്തുകൊണ്ട്‌ തങ്ങളുടെ ഇടപെടല്‍ ആവശ്യമായി വന്നിരിക്കുന്നുവെന്നു വിശദമായി വിധി ന്യായത്തില്‍ പറഞ്ഞ കോടതി തങ്ങള്‍ അതിരു കടന്നിട്ടില്ലെന്നും വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട 1988 ലെ സര്‍ക്കാരിയ കമ്മീഷനും 2007 ലെ പുഞ്ചി കമ്മീഷനും സമയക്രമത്തിന്റെ കാര്യം പറയുന്നുണ്ട്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2016 ല്‍ ഇറക്കിയ ഓഫീസ്‌ മെമ്മോറാണ്ടത്തിലും മൂന്നു മാസത്തിന്റെ പരിധി വേണമെന്നു പറയുന്നതായി വിധിയില്‍ ചൂണ്ടിക്കാട്ടി.
                                                                                                                            റവ.ഡോ. മാത്യു കുരിയത്തറ

Previous Post

സ്ത്രീധന നിരോധന നിയമം-ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് മാസ്സ്

Next Post

Pope Francis has died on Easter Monday aged 88

Total
0
Share
error: Content is protected !!