കോട്ടയം: അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാവല്‍ക്കരണത്തിന് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അടിസ്ഥാന സൗകര്യവികസനത്തിനും തൊഴില്‍ നൈപുണ്യ വികസന പദ്ധതികള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യകിരണം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിരുചിയ്ക്ക് അനുസരിച്ചുള്ള തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിര വരുമാന സാധ്യതകള്‍ കണ്ടെത്തുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം പശു, ആട്, കോഴി വളര്‍ത്തല്‍ തുടങ്ങിയ ചെറുകിട വരുമാന പദ്ധതികള്‍ക്കുമായിട്ടാണ് ധനസഹായം ലഭ്യമാക്കിയത്.