കെടുകാര്യസ്ഥതയുടെയും ധൂര്‍ത്തിന്റെയും ആഘാതം ജനത്തിന്റെ ചുമലില്‍

കേരളത്തില്‍ നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനവു കൊണ്ടു പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക്‌ ഇരുട്ടടിയായി വൈദ്യുത നിരക്കും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 1.07 കോടി ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കുന്ന നിരക്കു വര്‍ദ്ധനയുടെ ന്യായീകരണത്തിനു പല ന്യായങ്ങളും വൈദ്യുത ബോര്‍ഡിനു പറയാന്‍ കഴിയുമെങ്കിലും യഥാര്‍ത്ഥ കാരണങ്ങളിലേക്കോ അവയ്‌ക്കുള്ള പരിഹാരങ്ങളിലേക്കോ പലപ്പോഴും ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധ ചെല്ലുന്നില്ലെന്നതാണു വസ്‌തുത. കൂടിയ വിലക്കു വൈദ്യുതി വാങ്ങേണ്ടി വരുന്നതും വൈദ്യുത ഉത്‌പാദനത്തിനുള്ള പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങുന്നതും ശമ്പള ധൂര്‍ത്തും ബോര്‍ഡിന്റെ കെടുകാര്യസ്ഥതയുമെല്ലാം വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുകയും അതിന്റെ ആഘാതം ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന നിലയാണുള്ളത്‌. കുറഞ്ഞ വിലക്കു 465 മെഗാവാട്ട്‌ വൈദ്യുതി നാലു കമ്പനികളില്‍നിന്ന്‌ 25 വര്‍ഷത്തേക്കു വാങ്ങാനുള്ള കെ.എസ്‌.ഇ.ബി യുടെ ദീര്‍ഘകാല കരാറുകള്‍ 2014 ല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഒപ്പിട്ടതാണ്‌. അതില്‍ ക്രമക്കേട്‌ ഉണ്ടെന്ന്‌ എല്‍.ഡി.എഫ്‌ ആരോപിക്കുകയും പാകപ്പിഴകള്‍ കണ്ടെത്തി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കരാര്‍ റദ്ദു ചെയ്യുകയും ചെയ്‌തു. സാങ്കേതികത്വം പറഞ്ഞു കേരളത്തിനു ലാഭകരമായിരുന്ന ദീര്‍ഘകാല കരാറുകള്‍ അവസാനിപ്പിച്ച്‌ അതിനേക്കാള്‍ മികച്ച കരാര്‍ ഉണ്ടാക്കുവാന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനോ വൈദ്യുതി ബോര്‍ഡിനോ സാധിച്ചില്ല എന്നതാണ്‌ വസ്‌തുത. അതിനേക്കാള്‍ വളരെ ഉയര്‍ന്ന വിലയിലാണ്‌ ഇപ്പോള്‍ വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത്‌ എന്നതാണ്‌ സത്യം. അതുപോലെ തന്നെ ഹിമാചല്‍ പ്രദേശിലെ സത്‌ലജ്ജല്‍ വൈദ്യുതി നിഗം ലിമിറ്റഡില്‍ നിന്നു 25 വര്‍ഷത്തേക്കു 4.46 രൂപക്കു ലഭ്യമാകുമായിരുന്ന 166 മെഗാവാട്ട്‌ വൈദ്യുതി, കെ.എസ്‌.ഇ.ബി തീരുമാനം വൈകിച്ചതുകൊണ്ടു മാത്രം നഷ്‌ടമായെന്നു കണ്ടെത്തി കഴിഞ്ഞവര്‍ഷം ചൂണ്ടി കാണിച്ചത്‌ റെഗുലേറ്ററി കമ്മീഷനാണ്‌. പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതി പിന്നീടു തിരിച്ചുകൊടുക്കുന്ന സ്വാപ്‌ രീതിക്കു പകരം, ദിവസവും വൈദ്യുതി പണം നല്‍കി വാങ്ങിയതും ബോര്‍ഡിനു സാമ്പത്തിക പ്രതിസന്ധിയായതും കഴിഞ്ഞ വര്‍ഷം വിവാദം ആയിരുന്നു. അദാനിയില്‍ നിന്നു കൂടിയ വിലക്കു വൈദ്യുതി വാങ്ങാനുള്ള നീക്കം റെഗുലേറ്ററി കമ്മീഷനാണ്‌ അടുത്തയിടെ അനുവദിക്കാതിരുന്നത്‌. അതിലും വില കുറച്ചു വൈദ്യുതി ലഭിക്കുവാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ അപ്പോഴും കേട്ടിരുന്നു. ഉയര്‍ന്ന വിലക്കു പുറത്തുനിന്നു വൈദ്യുതി വാങ്ങുമ്പോഴും 778 മെഗാവാട്ടിന്റെ 128 ജല വൈദ്യുതി പദ്ധതികള്‍ സംസ്ഥാനത്തു പൂര്‍ത്തിയാകാതെ കിടപ്പുണ്ടെന്നതാണ്‌ വസ്‌തുത. കെ.എസ്‌.ഇ.ബി യെ സംബന്ധിച്ചു പറയുമ്പോള്‍ 24 മെഗാവാട്ട്‌ ശേഷിയുള്ള ഭൂതത്താന്‍കെട്ട്‌ ചെറുകിട ജല വൈദ്യുത പദ്ധതി നിശ്ചിത സമയത്തു പൂര്‍ത്തീകരിക്കാത്തതു മൂലം നിശ്ചിത സമയത്തു പൂര്‍ത്തിയായിരുന്നെങ്കില്‍ ലഭിക്കേണ്ട തുകയും ചേര്‍ത്ത്‌ ഏകദേശം 500 കോടിയുടെ നഷ്‌ടമുണ്ടായെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്‌. 18 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയോടെ 2015 മാര്‍ച്ചില്‍ തമിഴ്‌ നാട്ടിലെ ശ്രീശരവണ എന്‍ജിനിയറിംഗ്‌ ഭവാനി (എസ്‌.എസ്‌.ഇ.ബി) എന്ന കമ്പനിക്കു കരാര്‍ നല്‍കിയെങ്കിലും അതു പൂര്‍ത്തിയായിട്ടില്ല. കമ്പനിക്കു തുക മുന്‍കൂറായി നല്‍കിയെന്നു പറയപ്പെടുന്നു.
ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം മറ്റു ഡിപ്പാര്‍ട്ടുമെന്റിലെ ശമ്പള നിലവാരത്തേക്കാള്‍ കൂടുതലാണ്‌ എന്ന വസ്‌തുത. 2022 മെയ്‌ മാസത്തിലെ ശമ്പളച്ചെലവ്‌ ഏഴു മുതല്‍ 10 ശതമാനമെങ്കിലും കുറച്ചില്ലെങ്കില്‍ ബോര്‍ഡിനു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും നിലനില്‍ക്കാനാകില്ലെന്നും ആയതുകൊണ്ടു തസ്‌തികകള്‍ വെട്ടിച്ചുരുക്കണമെന്നും ഡയറക്‌ടര്‍മാരുടെ ഉപസമിതിയോടു കെ.എസ്‌.ഇ.ബി നിര്‍ദ്ദേശിച്ചിരുന്നു. ബോര്‍ഡില്‍ ആയിരത്തോളം ജീവനക്കാര്‍ അധികമാണെന്നു റഗുലേറ്ററി കമ്മീഷന്‍ അതിനു മുന്‍പേ കണ്ടെത്തിയിരുന്നു. ഇതൊന്നും പരിഹരിക്കാതെ സര്‍ക്കാരിന്റെ അനുമതി കൂടാതെ ക്രമവിരുദ്ധമായി 2021 ല്‍ ബോര്‍ഡ്‌ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി. അതിലൂടെ ഒരു വര്‍ഷം 734.4 കോടിയുടെ അധിക ബാധ്യത ബോര്‍ഡിനുണ്ടായി. ഇതിന്റെ ഫലമായി ശമ്പള-പെന്‍ഷന്‍ വിഹിതം റവന്യു വരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത്‌ ഒറ്റയടിക്ക്‌ 46.59 ശതമാനമായി ഉയര്‍ന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചെലവാണിതെന്നു പറയപ്പെടുന്നു. ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനമെടുത്ത ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ 2023 മെയില്‍ ശിപാര്‍ശ ചെയ്‌തിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സര്‍ക്കാരിന്റെ അനുമതി നേടാതെ 2016 ലും ശമ്പളം വര്‍ദ്ധിപ്പിച്ചിരുന്നു. പൊതു മേഖലാസ്ഥാപനങ്ങളുടെ ശമ്പള പരിഷ്‌ക്കരണം സര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കാവു എന്ന്‌ 2021 ജനുവരിയില്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു നല്‍കിയ നിര്‍ദ്ദേശത്തിനു പുല്ലു വിലയാണ്‌ കെ.എസ്‌.ഇ.ബി നല്‍കിയത്‌. ഇത്തരത്തിലുള്ള ധൂര്‍ത്തിനും ധിക്കാരത്തിനും റദ്ദാക്കലിനുമൊന്നും ഭരണ കക്ഷിക്കോ പ്രതിപക്ഷത്തിനോ കെ.എസ്‌.ഇ.ബി ക്കോ ഒന്നും വ്യക്തിപരമായ നഷ്‌ടമില്ല. നഷ്‌ടം സാധാരണജനത്തിനു മാത്രം. പ്രതിസ്ഥാനത്തു കെ.എസ്‌.ഇ.ബി നില്‍ക്കുമ്പോള്‍ ശിക്ഷിക്കപ്പെടുന്നത്‌ സാധാരണക്കാര്‍ മാത്രം എന്നത്‌ അങ്ങേയറ്റം അപലപനീയമാണ്‌. പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി ജനത്തിന്റെ അഘാതം എത്രയും പെട്ടെന്നു ലഘുകരിക്കുക തന്നെ വേണം. അതിനു ജനത്തോട്‌ പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരുണ്ടാവണം. ഒപ്പം ജനത്തിന്റെ നികുതിപണമാണ്‌ തങ്ങള്‍ മേടിക്കുന്ന ശമ്പളമെന്ന തിരിച്ചറിവുള്ള ഉദ്യോഗസ്ഥവൃന്ദമുണ്ടാകണം. ഇതു രണ്ടും ഇല്ലാത്തിടത്തോളം കാലം ജനം ഈ ദുസ്സഹമായ ഈ ചുമടു ചുമന്നേ മതിയാവൂ.

                                                                                                                                      റവ. ഡോ. മാത്യു കുരിയത്തറ

Previous Post

മാഞ്ഞൂര്‍: കുന്നൂപ്പറമ്പില്‍ അന്നമ്മ തോമസ്

Next Post

ബൈബിള്‍ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!