വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള സുസ്ഥിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കേരള കത്തോലിക്കാ സഭ. ഭവനരഹിതരായവരുടെ നിലവിലെ ജീവിത സാഹചര്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും പുതിയ ഭവനനിര്‍മ്മാണമുള്‍പ്പടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ദുരിതബാധിതരില്‍ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും കെ.സി.ബി.സി. പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റവന്യൂ മന്ത്രി കെ. രാജനുമായി കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കമ്മീഷന്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഡിസാസ്റ്റര്‍ മിറ്റിഗേഷന് കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതികളില്‍ സഭയുടെ പങ്കാളിത്ത സന്നദ്ധത കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അടിയന്തിര സമാശ്വാസമായി കത്തോലിക്കാ സഭ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഒമ്പതിനായിരത്തി അഞ്ഞൂറ് രൂപവീതം വയനാട്ടിലെ 925 കുടുംബങ്ങള്‍ക്കു കൈമാറിക്കഴിഞ്ഞ വിവരം കമ്മീഷന്‍ അംഗങ്ങള്‍ റവന്യൂ മന്ത്രിയെ അറിയിച്ചു. നൂറ് ഭവനങ്ങളുടെ നിര്‍മ്മാണം, ഗൃഹോപകരണങ്ങള്‍ നല്കല്‍, ജീവനോപാധി ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും കത്തോലിക്കാ സഭയുടെ ഇടപെടലില്‍ ഉണ്ടാവുക. വിലങ്ങാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ വ്യക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന കെ.സി.ബി.സി. ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസ് പുളിക്കലിന്റെ നിര്‍ദ്ദേശവും മന്ത്രിയെ അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തന പദ്ധതി സമര്‍പ്പണത്തിനുമായി കെസിബിസിയുടെ പോസ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന് കമ്മിറ്റി അംഗങ്ങള്‍ 22 ന് തിരുവനന്തപുരത്തുവച്ച് റവന്യൂമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുവാന്‍ തീരുമാനമായി.