13 ദിവസത്തെ ഏറ്റവും ദീര്‍ഘമേറിയ നാലു ചെറിയ രാജ്യങ്ങളിലേക്കുള്ള യാത്ര മംഗളകരമായി പര്യവസാനിച്ചു. ഏഷ്യാ പസിഫിക്കിലുള്ള അനേകായിരം ആളുകള്‍ക്ക് സുവിശേഷത്തിന്റെ ആഹ്ലാദവും പ്രതീക്ഷയും നല്കി റോമിലെ ഫ്യൂമിച്ചിനോലെയൊണാര്ഡോ ദാവിഞ്ചി എയര്‍പോര്‍ട്ടിലെത്തിയ പാപ്പ വരുന്ന വഴിക്കുതന്നെ റോമിലെ മരിയാ മജിയോരെ ബസിലിക്കായില്‍ എത്തി മഞ്ഞുമാതാവിന് പുഷ്പാഞ്ജലി നടത്തിയശേഷമാണ് തന്റെ വാസസ്ഥലമായ വത്തിക്കാനിലെ സാന്റാമാര്ത്തായിലേക്ക് എത്തിയത്. ഇറ്റലിക്ക് പുറത്തുള്ള ഏതു തീര്‍ത്ഥയാത്രകള്‍ക്ക് മുമ്പും പിമ്പും മരിയാ മജിയോരെ ദേവാലയം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക പതിവാണ്.
ഏഷ്യ പസിഫിക്കിലെ കത്തോലിക്കാസഭ വളര്‍ച്ചയിലാണെന്ന് മനസ്സിലാക്കിയ പാപ്പ, ദൈവകാരുണ്യവും വിശ്വാസവും സാഹോദര്യവും സാക്ഷ്യപ്പെടുത്താന്‍ എല്ലാ ജനങ്ങളെയും ഉത്ബോധിപ്പിച്ചു. ഇന്‍ഡോനേഷ്യയില്‍ സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാനും വ്യത്യസ്തതകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ നല്ല ബന്ധങ്ങള്‍ എല്ലാ മതസ്ഥരും തമ്മില്‍ വളര്‍ത്താനും ആഹ്വാനം ചെയ്തു. ദൈവത്തെ തേടിയുള്ള യാത്രയില്‍ ഭീകരതയ്ക്ക് ഇടമില്ലെന്നും സഹകരണത്തിനു മാത്രമേ അത് സുഗമമാവൂ എന്ന് മാര്‍പാപ്പ എല്ലാവരോടുമായി പറഞ്ഞു.
പപ്പുവാ ന്യൂഗിനിയ റോമില്‍നിന്ന് ഏറ്റവും അകലെയാണെങ്കിലും കത്തോലിക്കാസഭാകേന്ദ്രമായ റോമുമായി ഹൃദയഐക്യത്തിലാണെന്നു പറഞ്ഞ മാര്‍പാപ്പ അവരുടെ സാംസ്കാരിക പാരമ്പര്യങ്ങളെയും ആത്മീയതയേയും അഭിനന്ദിച്ചു. പാപ്പുവ ന്യൂഗിനിയയുടെ മധ്യസ്ഥനായ സെന്റ് മൈക്കിളിന്റെ സംരക്ഷണം ആ രാജ്യത്തിനുണ്ടാവട്ടെ എന്നാശംസിച്ചു.
14 ലക്ഷത്തോളം കത്തോലിക്കരുള്ള കിഴക്കന്‍ റ്റിമോറില്‍ ഏതാണ്ട് പകുതിയോളം വിശ്വാസികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മിഷനറിമാരുടെ സവിശേഷ ശ്രദ്ധയാല്‍ വിശ്വാസത്തില്‍ വളരുന്ന ഈ രാജ്യത്തെ സുവിശേഷവത്കരണ യജ്ഞത്തില്‍ ഏര്‍പ്പെടുന്ന എല്ലാവരെയും മാര്‍പാപ്പ അഭിനന്ദിച്ചു. തലസ്ഥാനമായ ദിലിയില്‍ യുവജനങ്ങളുമായി മാര്‍പാപ്പ സംവദിച്ചു.
സിങ്കപ്പൂരിലെ സാമ്പത്തികവളര്‍ച്ചയില്‍ അഭിനന്ദനം നല്കിയ മാര്‍പാപ്പ എല്ലാവരും ദൈവത്തെ തേടാനും ദൈവമക്കളാകാനും ശ്രമിക്കണമെന്ന് ഉപദേശിച്ചു. ആധുനിക ലോകത്തിലെ അപകടങ്ങളെക്കുറിച്ച് ജാഗരൂകരാകണമെന്നും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. ഏതാണ്ട് 60,000-ത്തോളം ആളുകളാണ് സിങ്കപ്പൂരില്‍ വി. കുര്‍ബാനയില്‍ പങ്കെടുത്തത്.
സന്ദര്‍ശിച്ച രാജ്യങ്ങളിലെല്ലാം അവരുടെ നിജസ്ഥിതി മനസിലാക്കിയാണ് മാര്‍പാപ്പയുടെ ഉത്ബോധനങ്ങള്‍.
ഫാ. തോമസ് കോട്ടുര്‍