കോട്ടയം : ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ ഈശോയുടെ കരുണാര്‍ദ്രസ്നേഹം പ്രാവര്‍ത്തികമാക്കി വിശുദ്ധിയുടെ പരിമളം പരത്തിയ അജപാലകനായിരുന്നുവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ദൈവകരുണ അനുഭവിച്ച് കാരുണ്യ മനോഭാവത്തോടെ ശുശ്രൂഷ ചെയ്തതിനാലാണ് ഒരു നൂറ്റാണ്ടു മുന്‍പുതന്നെ ഭിന്നശേഷിയുള്ളവര്‍ക്ക് സവിശേഷ പരിഗണന നല്കി സ്ഥാപനങ്ങളും ഇതര സൗകര്യങ്ങളുമൊരുക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചതെന്നും പിതാവു കൂട്ടിച്ചേര്‍ത്തു.
കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രോപ്പോലീത്തന്‍ കത്തീഡ്രലില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമകരണ നടപടികള്‍ക്കുള്ള രേഖകള്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിരൂപതാദ്ധ്യാക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണു കര്‍മ്മങ്ങള്‍ക്കു തുടക്കമായത്. അതിരൂപതയിലെ സഹായമെത്രാന്മാരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍, സമുദായസംഘടനാ ഇടവക പ്രതിനിധികളും പങ്കെടുത്തു.
വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപതാതല നാമകരണ നടപടികളുടെ സമാപന കര്‍മ്മങ്ങളില്‍ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും അതിരൂപതാ സഹായമെത്രാമാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണവും ഗീവര്‍ഗീസ് മാര്‍ അപ്രേം ആശംസാ പ്രസംഗവും നടത്തി. തുടര്‍ന്ന് എപ്പിസ്‌കോപ്പല്‍ ഡെലഗേറ്റ് ഫാ. തോമസ് ആദോപ്പിള്ളില്‍, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് ഫാ. തോമസ് ആനിമൂട്ടില്‍, നോട്ടറിമാരായ ഫാ. മാത്യു മെത്താനത്ത്, ഫാ. സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പേല്‍ , സിസ്റ്റര്‍ റ്റിജി എസ്.ജെ.സി എന്നിവര്‍ അതിരൂപതാതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് അതിരൂപതാദ്ധ്യക്ഷന്‍ നടപടിക്രമങ്ങളുടെ രേഖകള്‍ ഔദ്യോഗികമായി സ്വീകരിച്ച് അതിരൂപതയുടെ രേഖാലയത്തില്‍ സൂക്ഷിക്കുന്നതിനായുള്ള കോപ്പി ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴിക്കും പരിശുദ്ധ സിംഹാസനത്തില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ സിസ്റ്റര്‍ റ്റിജി എസ്.ജെ.സിക്കും കൈമാറി. സെന്റ് ജോസഫ്സ് സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്. ജെ.സി നന്ദി അറിയിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
1871 ഒക്ടോബര്‍ 24ന് നീണ്ടൂര്‍ പൂതത്തില്‍ കുടുംബത്തില്‍ ജനിച്ച തൊമ്മിയച്ചന്‍ 1897 ഡിസംബര്‍ 28 കോട്ടയം അതിരൂപതയില്‍ വൈദികനായി അഭിഷിക്തനായി. ശാരീരികവും മാനസികവുമായ വൈകല്യമുള്ളവര്‍ കുടുംബത്തിനും സമൂഹത്തിനും ശാപമെന്ന് കരുതിയ കാലഘട്ടത്തില്‍ അവര്‍ക്ക് പ്രത്യാശ പകര്‍ന്നുകൊണ്ട് അവര്‍ക്കായി പുണ്യപ്രവര്‍ത്തികളില്‍ അദ്ദേഹം വ്യാപൃതനായി. 1925 മെയ് 3-ാം തീയതി അഗതികള്‍ക്കും ആലംബഹീനര്‍ക്കുമായി കൈപ്പുഴയില്‍ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടര്‍ന്ന് 1928 ജൂലൈ 3-ാം തീയതി അഗതി ശുശ്രൂഷാര്‍ത്ഥം സെന്റ് ജോസഫ് സന്യാസിനി സമൂഹവും സ്ഥാപിച്ചു. കരുണ നിറഞ്ഞ സ്നേഹസേവന വഴിയില്‍ സഞ്ചരിച്ച ആ പുണ്യശ്ലോകന്‍ 1943 ഡിസംബര്‍ 4-ന് ദിവംഗതനായി. 2009 ജനുവരി ജനുവരി 26-ാം തീയതിയാണ് പൂതത്തില്‍ തൊമ്മിയച്ചന്‍ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.