Pro-Life ‘ജീവന്റെ മഹത്വം” -മാര്‍ച്ച് 26 ന്

ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യവംശം. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് സ്വയം മണ്ണില്‍ പിറന്ന യേശു ക്രിസ്തു, ജീവന്റെ മാഹാത്മ്യം ഉറക്കെ വെളിപ്പെടുത്തുകയാണ് ചെയ്തത്. ഓരോ ജീവനും അമൂല്യമാണ്, ഓരോ ജീവനും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട്, പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, Pro Life നോട് അനുബന്ധിച്ച്, മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക, ‘ജീവന്റെ മഹത്വം’, ഈ വരുന്ന മാര്‍ച്ച് മാസം 26-ാം തിയതി നടത്തുന്നു.

ഫോക്‌നര്‍ സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയില്‍ 4.15 പി.എമ്മിനും, നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയില്‍ 6.30 പി.എമ്മിനുമുള്ള വിശുദ്ധ കുര്‍ബാനയോടൊപ്പമാണ് ജീവന്റെ മഹത്വം സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേകമായ വിശുദ്ധ കുര്‍ബാനയും, കാഴ്ചവെപ്പുകളും, ഗര്‍ഭഛിദ്രത്തെയും ദയാവധത്തെയും പരാമര്‍ശിക്കുന്ന ബോധവല്‍കരണം, ജീവന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ചര്‍ച്ചകള്‍, തുടങ്ങിയവ ജീവന്റെ മഹത്വം എന്ന ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഇതോടൊപ്പം തന്നെ, ഇടവകാംഗങ്ങളായ നാലോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങളെ ആദരിക്കുകയും അവര്‍ക്ക് പ്രത്യേക പ്രശംസാപത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ശ്രീ. സോജന്‍ പണ്ടാരശ്ശേരിയുടെയും, സിജോ ജോര്‍ജ് മൈക്കുഴിയിലിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍, പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ജീവന്റെ മഹത്വവും മാഹാത്മ്യവും ഉള്‍ക്കൊള്ളുന്നതിനും, ഈയൊരു Pro Life പ്രത്യേക പരിപാടിയുടെ ഭാഗമാക്കുന്നതിനും, നാലോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുവാനും, അവരോടൊപ്പം സംവദിക്കുന്നതിനുമായി എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നുവെന്ന്, സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍ എന്നിവര്‍ അറിയിച്ചു.

 

Previous Post

പയസ്മൗണ്ട്: വേരംമ്മാനാല്‍ വി.കെ അലോഷ്യസ്

Next Post

ഗ്രാമ പഠന ശിബിരത്തിനു തുടക്കമായി

Total
0
Share
error: Content is protected !!