ജനപ്രതിനിധി സഭകളില്‍ ജനാധിപത്യത്തിന്റെ ശോഭ കെടരുത്‌

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ശോഭയും തെളിഞ്ഞു നില്‍ക്കേണ്ട ഇടങ്ങളാണ്‌ പാര്‍ലമെന്റിന്റെ ഇരുസഭകളും സംസ്ഥാന നിയമസഭകളും. അവിടെയാണ്‌ ജനങ്ങളുടെ താല്‌പര്യം അനുസരിച്ച്‌ ഭരണഘടനക്കു വിധേയമായി നിയമപ്രകാരം നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ച്‌ എടുക്കേണ്ടത്‌. എന്നാല്‍ അടുത്തകാലത്ത്‌ കേന്ദ്ര പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരള നിയമസഭയിലും ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നില്ല എന്നു മാത്രമല്ല അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ആരോപണം കൂടി ചിലര്‍ ഉന്നയിക്കുന്നു. ജനാധിപത്യം എന്ന സംജ്ഞ തന്നെ ഡെമോസ്‌, ക്രാറ്റോസ്‌ എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ്‌ ഉദ്‌ഭവിക്കുന്നത്‌. ഡെമോസ്‌ എന്നാല്‍ ആളുകള്‍ എന്നും, ക്രിറ്റോസ്‌ എന്നാല്‍ ശക്തി എന്നുമാണര്‍ത്ഥം. അതിനാല്‍ തന്നെ ജനങ്ങളുടെ ശക്തിയായി ജനാധിപത്യത്തെ മനസിലാക്കാം. ജനങ്ങളുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്ന ഒരു ഭരണ രീതിയാണ്‌ ജനാധിപത്യഭരണമെന്നാണ്‌ വിവക്ഷ. എന്നാല്‍ ജനാഭിലാഷം എന്നതു ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും താല്‌പര്യങ്ങളായി പരിമിതപ്പെടുത്തുന്ന അവസ്ഥയാണ്‌ ചിലപ്പോഴെങ്കിലും സംജാതമായിരിക്കുന്നത്‌. ഭൂരിപക്ഷത്തിന്റെ ഇഷ്‌ടങ്ങള്‍ക്കും ഇച്ഛകള്‍ക്കും വഴങ്ങാന്‍ ന്യൂനപക്ഷം വിധിക്കപ്പെടുന്നു. ഒരു പക്ഷേ ജനാധിപത്യ വ്യവസ്ഥിതിയുടെ പരിമിതിയും ഇതു തന്നെയായിരിക്കാം.
ബഹളങ്ങളില്‍ അലങ്കോലപ്പെട്ട്‌ മറ്റൊരു പാര്‍ലമെന്റ്‌ സമ്മേളനം കൂടി തുടര്‍ച്ചയായി ഫലശൂന്യമാകുന്നു. കേരള നിയമസഭാസമ്മേളനം വെട്ടി ചുരുക്കി അനിശ്ചിത കാലത്തേക്കു പിരിയുന്നു. ഇവിടെയൊക്കെ തോല്‌ക്കുന്നതു ജനാധിപത്യത്തിന്റെ ശക്തിയും ശോഭയുമാണ്‌. ജനാധിപത്യം ക്രിയാത്മകമായ സംവാദങ്ങളിലൂടെയും അതു സൃഷ്‌ടിക്കുന്ന സ്വഭാവീക സംഘര്‍ഷങ്ങളിലൂടെയും അനിവാര്യമായ പരിണാമങ്ങളിലൂടെയും കടന്നുപോയി പക്വത പ്രാപിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യണം. പക്ഷേ കഴിഞ്ഞ ഏതാനും ദിനങ്ങളായി ലോകസഭയിലും രാജ്യസഭയിലും കേരള നിയമസഭയിലും ഇതൊന്നുമല്ല രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്‌. ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുകളില്‍ രണ്ടിടത്തും സഭാ നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ്‌. സ്വഭാവികമായി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ന്യായീകരിക്കുന്നവരും അവരുടെ പക്ഷത്തു ചേരുന്നവരും ഉണ്ടാകാം. പക്ഷേ ആരുടെയും പക്ഷം ചേരാതെ, നാടിന്റെ നന്മക്കായി നിലകൊള്ളുകയാണ്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വം. പ്രതിപക്ഷ ശബ്‌ദത്തിലും ജനശബ്‌ദമുണ്ടെന്നു ഭരിക്കുന്നവര്‍ തിരിച്ചറിയുകയും ജനങ്ങളുടെ ശബ്‌ദമായി പ്രവര്‍ത്തിക്കുക എന്നതിനപ്പുറം മറ്റു താല്‌പര്യങ്ങളൊന്നും ഇല്ലെന്നു പ്രതിപക്ഷം ഉറപ്പു വരുത്തുകയും ചെയ്യണം. ഇതാണ്‌ രാജ്യ താല്‌പര്യത്തിനു ഉത്തമമായിട്ടുള്ളത്‌. സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന ആരോപണം നേരിടുന്ന അദാനി വിഷയം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം നിലകൊള്ളുന്നു. ലണ്ടനില്‍ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന കണക്കെ പ്രസംഗിച്ച രാഹുല്‍ ഗാന്ധി രാജ്യത്തെ വിദേശത്തു വെച്ചു അപഹസിച്ചുവെന്നും രാഹുല്‍ ഗാന്ധി അതിനു മാപ്പു പറയാതെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നുമാണ്‌ ഭരണപക്ഷത്തിന്റെ നിലപാട്‌. എന്തായാലും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിയുന്നതു രാജ്യത്തിനു ഭൂഷണമല്ല. ഭരിക്കുന്നവരെയും അവര്‍ക്കു വേണ്ടപ്പെട്ടവരെയും വിമര്‍ശിക്കുന്നതു രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന കാഴ്‌ചപ്പാടു അങ്ങേയറ്റം അപകടകരവും അസഹിഷ്‌ണത നിറഞ്ഞതുമാണ്‌. ഒപ്പം സ്വദേശത്തും വിദേശത്തും നമ്മുടെ നാടിനു അവമതിപ്പുണ്ടാക്കുന്ന പ്രചരണം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതും ഭൂഷണമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ കേരള നിയമസഭയില്‍ വാഗ്വാദങ്ങളല്ലാതെ ഒന്നുമുണ്ടായില്ല. ഒന്‍പതും പതിനേഴും മിനിറ്റുകള്‍ മാത്രമാണ്‌ ചില ദിവസങ്ങളില്‍ നിയമസഭ ചേര്‍ന്നത്‌. കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ്‌ അംഗങ്ങളെ പോലിസ്‌ മര്‍ദ്ദിച്ചതു സഭ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ്‌ സ്‌പീക്കര്‍ തള്ളിയതാണു നിയമസഭ സ്‌തംഭനത്തിനു തുടക്കമായത്‌. തിരുവനന്തപുരം ചെങ്കോട്ടുകോന്നത്തു സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോയ വിദ്യാര്‍ത്ഥിയെ ഗുണ്ടകള്‍ നടുറോഡിലിട്ടു മര്‍ദ്ദിച്ചതും സഹായിക്കാനെത്തിയ സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയതുമെല്ലാം ഉമ തോമസ്‌ അടിയന്തര പ്രമേയത്തിനു വിഷയമാക്കിയപ്പോള്‍ അതും തള്ളുകയുണ്ടായി. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെ നിരാകരിക്കുന്നതില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയാണുണ്ടായത്‌. നിയമസഭയില്‍ പ്രതിപക്ഷം സമാന്തര സഭ സമ്മേളിച്ചതും, സ്‌പീക്കറുടെ ഓഫീസിനു മുന്‍പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എ-മാരെ ഭരണകക്ഷി എം.എല്‍.എ-മാരും സുരക്ഷ ഉദ്യോഗസ്ഥരും തടഞ്ഞതുമെല്ലാം സംഘര്‍ഷത്തിനു കാരണമായി. സുരക്ഷ ഉദ്യോഗസ്ഥരുടെ പരാതിയില്‍ പ്രതിപക്ഷ എം.എല്‍.എ മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി കേസ്‌ രജിസ്റ്റര്‍ ചെയ്‌തതും പ്രതിപക്ഷ എം.എല്‍.എ മാരുടെ പരാതിയില്‍ ഭരണകക്ഷി എം.എല്‍.എ മാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകള്‍ ചുമത്തി കേസ്‌ എടുത്തതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. പ്രതിപക്ഷം ഉയര്‍ത്തുന്ന കാതലായ ചോദ്യങ്ങള്‍ക്കു മറുപടി പറയാതിരിക്കാനാണ്‌ നിയമസഭാ സമ്മേളനം അവസാനിപ്പിച്ചതെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം. പാര്‍ലമെന്റിലെ ഇരുസഭകളിലാകട്ടെ, നിയമസഭകളിലാകട്ടെ ചോദ്യം ചോദിക്കാനും ഉത്തരം പറയാനും കേള്‍ക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടാകണം. അതിനുള്ള ആര്‍ജ്ജവം ഭരണപക്ഷവും പ്രതിപക്ഷവും കാണിക്കുമ്പോഴാണ്‌ രാജ്യത്തു ജനാധിപത്യം ശക്തമാവുക.

Previous Post

മളളൂശ്ശേരി: പൊക്കംതാനം ജോര്‍ജ് തോമസ്

Next Post

കാരിത്താസ് നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനിക്ക് ഒന്നാം റാങ്ക്

Total
0
Share
error: Content is protected !!