ഭരണകര്‍ത്താക്കള്‍ക്കു സുരക്ഷയൊരുക്കണം ഒപ്പം ജനത്തെ ബന്ധിയാക്കരുത്‌

ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ ജനങ്ങളില്‍ നിന്നും ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കുന്ന ഭരണരീതി എന്നാണല്ലോ. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി തങ്ങളെ ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ജന നേതാക്കളാണ്‌. അവര്‍ക്കു സുരക്ഷയൊരുക്കുക എന്നത്‌ പോലീസിനെ സംബന്ധിച്ചു അനിവാര്യമായ കാര്യമാണ്‌. എന്നാല്‍ അടുത്തകാലത്തു ഭരണത്തിനു നേതൃത്വം നല്‌കുന്ന മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുന്നതിന്റെ പേരില്‍ ജനങ്ങള്‍ ഏറെ വലയുന്ന സാഹചര്യമുണ്ടാകുന്നു എന്ന പൊതു ആക്ഷേപം നിലനില്‍ക്കുന്നു. പ്രതിപക്ഷം ഈ ആക്ഷേപത്തെ അടിവരയിടുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി കെ. കരുണാകരനും ഈ കാര്യത്തില്‍ വിമര്‍ശന വിധേയനായിട്ടുണ്ട്‌. വലിയ പ്രതിഷേധങ്ങള്‍ അദ്ദേഹത്തിന്‌ എതിരെ ഉയര്‍ന്നപ്പോഴും വഴിയടച്ചുള്ള സുരക്ഷ ഒരുക്കിയ ചരിത്രമുണ്ട്‌. എന്നാല്‍ അന്നു അതിന്റെ പേരില്‍ ഏറെ രാഷ്‌ട്രീയ വിമര്‍ശനം നടത്തിയവരായിരുന്നു ഇടതുപക്ഷക്കാര്‍. ഇന്നു ആ ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്ക്‌ ഇപ്രകാരമുള്ള സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ സാധാരണക്കാര്‍ക്കു ബുദ്ധിമുട്ട്‌ ഉണ്ടാകുന്നു എന്ന ആക്ഷേപമാണുള്ളത്‌. മുഖ്യമന്ത്രിയുടെ യാത്രക്കിടയിലെ പ്രതിഷേധവും അതിനെ പ്രതിരോധിക്കാനുള്ള പോലീസിന്റെ തത്രപ്പാടുമിപ്പോള്‍ നാട്ടിലാകെ ചര്‍ച്ചാവിഷയമാകുന്നുണ്ട്‌.
ജനാധിപത്യത്തില്‍ ജനങ്ങളെല്ലാം തുല്യതയുള്ളവരും അവസരസമത്വമുള്ളവരുമാണ്‌. എവിടെയൊക്കെയാണോ എപ്പോഴൊക്കെയാണോ ഈ തുല്യതയും അവസരസമത്വവുമൊക്കെ നിഷേധിക്കപ്പെടുന്നത്‌ അപ്പോഴൊക്കെ ജനാധിപത്യത്തിന്റെ മാറ്റു കുറയുകയാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനു സുരക്ഷയൊരുക്കുക പോലീസിന്റെ പ്രഥമ ദൗത്യമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഭരണ നേതൃത്വത്തിനു ഒരുക്കുന്ന സുരക്ഷയുടെ പേരില്‍ ഭരിക്കപ്പെടുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യവും മറ്റും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നതു ജനാധിപത്യത്തിന്റെ ശോഭ കൊടുത്തും. പ്രത്യേകിച്ചു ജനങ്ങളോടു എന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ജനമനസുകളുടെ വികാരങ്ങള്‍ ഏറ്റു വാങ്ങുന്നവരെന്ന്‌ അഭിമാനിക്കുന്ന, തൊഴിലാളി വര്‍ഗത്തോടു ഐക്യദാര്‍ഢ്യ പെടുകയും മുതലാളിത്തത്തോടും അതിന്റെ അധികാര പ്രഭുത്വങ്ങളോടും ബിംബങ്ങളോടും താത്വികമായ വിപ്രതിപത്തി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുവെന്നു കരുതുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിലിരിക്കുമ്പോള്‍.
സംസ്ഥാന ബഡ്‌ജറ്റ്‌ അവതരിപ്പിച്ചശേഷം എല്ലാ മേഖലയിലും നികുതി വര്‍ദ്ധിപ്പിക്കുകയും പെട്രോളിനും ഡീസലിനും ലിറ്ററിനു2 രൂപ സെസ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തത്‌ നാട്ടിലെ സാധാരണക്കാരനെ ഏറെ ഞെരുക്കത്തിലാക്കും. അതിന്റെ പേരില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ട്‌. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ മൗലികമായിട്ടുള്ളതാണ്‌. മുഖ്യമന്ത്രിക്ക്‌ നക്‌സലൈറ്റ്‌ ഭിഷണി ഉണ്ടെന്നാണ്‌ പോലീസ്‌ വിശദീകരിക്കുന്നത്‌. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക്‌ പഴുതകളില്ലാത്ത സുരക്ഷയൊരുക്കേണ്ടതു ആവശ്യവുമാണ്‌. എന്നാല്‍ ഈ സുരക്ഷയുടെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ട യുവജന സംഘടനയില്‍പെട്ടവരെ കരുതല്‍ തടങ്കലിലെടുക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നുണ്ട്‌. യൂത്ത്‌ കോണ്‍ഗ്രസുകാരെയും കെ.എസ്‌.യു ക്കാരെയുമൊക്കെ ഇപ്രകാരം കസ്റ്റഡിയിലെടുക്കുന്നുണ്ട്‌ എന്ന്‌ പറയപ്പെടുന്നു. മുഖ്യമന്ത്രി കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണമായി സ്‌തംഭിപ്പിക്കുന്നത്‌ എതിര്‍പ്പിനു കാരണമാകുന്നുണ്ട്‌. വഴിയോരങ്ങളില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ അനുവദിക്കുന്നില്ലെന്നു പറയപ്പെടുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കറുത്ത വസ്‌ത്രം ധരിക്കാന്‍ പാടില്ലെന്നു മുന്‍കൂര്‍ അറിയിപ്പു നല്‌കുന്നതായി ആക്ഷേപമുയരുന്നു. മരണ വീട്ടിലേക്കുള്ള സൂചന നല്‌കുന്ന കറുത്ത കൊടി വരെ അഴിപ്പിച്ചതായി വാര്‍ത്തകള്‍ വരുന്നു. കുഞ്ഞിനു മരുന്നു വാങ്ങാന്‍ വന്ന വാഹനം പോലും പാര്‍ക്കുചെയ്യാന്‍ അനുവദിച്ചില്ലെന്നും കുഞ്ഞിന്റെ പിതാവിനോടു പോലീസ്‌ അനുചിതമായി പെരുമാറിയെന്നും കെ.എസ്‌.യു-ക്കാരി പെണ്‍കുട്ടിയെ പുരുഷ പോലീസ്‌ ബലം പ്രയോഗിച്ചു പിടിച്ചുമാറ്റിയെന്നുമൊക്കെ ആക്ഷേപം പുറത്തു വന്നിട്ടുണ്ട്‌. ഇതൊക്കെ സാമാന്യജനത്തിനു ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങള്‍ക്കും സമരങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും സ്‌പേസ്‌ അനുവദിക്കുന്ന ഭരണ രീതിയാണ്‌ ജനാധിപത്യം. പ്രതിഷേധം അക്രമരഹിതമായി ചെയ്‌തു പോന്ന ശീലമാണ്‌ സ്വാതന്ത്ര്യസമര കാലം മുതല്‍ നാം സ്വീകരിച്ചു പോന്നത്‌. വി.ഐ.പി യുടെ സുരക്ഷ പോലീസിന്റെ അലംഘനിയമായ ഉത്തരവാദിത്വമാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാലിക്കാര്യത്തില്‍ ഭരണത്തിലെ രാഷ്‌ട്രീയ നേതൃത്വത്തിനു കുറച്ചുകൂടി ഔചിത്യപൂര്‍ണ്ണവും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതുമായ ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിക്കാനാകണം. കരിങ്കൊടി കാണിക്കുന്നവരെ തടയുന്നത്‌ ജനാധിപത്യ വിരുദ്ധമാണെന്നു പറയുന്ന പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ സംയമനം ആവശ്യമാണ്‌. വാഹനവ്യൂഹത്തിന്റെ മുന്നിലേക്കു ചാടി വീഴുന്ന രീതി ആപത്‌ക്കരമാണെന്നു തിരിച്ചറിയണം. കരുതല്‍ തടങ്കല്‍ പോലെയുള്ള നടപടികള്‍ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന ആരോപണമുണ്ട്‌. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണു ജനാധിപത്യത്തിന്റെ കാതല്‍. അഭിപ്രായ സ്വാതന്ത്ര്യം വിലക്കപ്പെടുന്നിടത്തും പ്രതിഷേധത്തിന്റെ ഇടം നഷ്‌ടപ്പെടുന്നിടത്തും ജനാധിപത്യം മരിക്കും. സമരം നടത്തുന്നതും അതിനെ നേരിടുന്നതും കൂടുതല്‍ ജനാധിപത്യപരമാകട്ടെ.

Previous Post

പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷനിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു

Next Post

മാഞ്ഞുര്‍സൗത്ത്: പറപ്പള്ളില്‍ സാജന്‍ ഫിലിപ്പ്

Total
0
Share
error: Content is protected !!