വിഷപുകയില്‍ മുങ്ങി കൊച്ചി നഗരം

കൊച്ചിയില്‍ ബ്രഹ്മപുരത്ത്‌ മാലിന്യമലക്കു തീ പിടിച്ച്‌ പുക ശ്വസിച്ച്‌ കൊച്ചിക്കു ശ്വാസം മുട്ടുകയാണ്‌. കേരളത്തിന്റെ സാമ്പത്തിക ടൂറിസ്റ്റ്‌ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന കൊച്ചിക്കു സംഭവിച്ച ഈ ദുര്‍ഗതി ജനജീവിതം ദുഃസഹമാക്കുകയാണ്‌. കുട്ടികള്‍ക്കു പരീക്ഷ അടുത്തതുകൊണ്ടും കഠിന വേനലായതുകൊണ്ടും ഇതു സൃഷ്‌ടിക്കുന്ന ദുരിതം നിസാരമല്ല. പുക ശ്വസിച്ചും ശ്വാസം മുട്ടിയും ചൊറിച്ചില്‍ അനുഭവപ്പെട്ടും ഒട്ടേറെ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്‌. ഈ വിഷയത്തില്‍ സ്വമേധയാ കേസ്‌ എടുത്ത ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. മാലിന്യമുക്ത അന്തരീക്ഷമെന്ന പൗരാവകാശം എറണാകുളത്തു ഹനിക്കപ്പെട്ടുവെന്നും യഥാസമയം നടപടി സ്വീകരിക്കുന്നതില്‍ കളക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വീഴ്‌ച സംഭവിച്ചുവെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ കുറ്റപ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കേന്ദ്ര ഉദ്യോഗസ്ഥരുടെ സഹായം തേടുമെന്നും നീണ്ട റിപ്പോര്‍ട്ടുകളല്ല കൃത്യമായ ഉത്തരങ്ങളാണ്‌ വേണ്ടതെന്നും കോടതി വ്യക്തമാക്കി. അതിനിടെ വായുമാലിന്യം പരിശോധിക്കാന്‍ ആവശ്യത്തിനു മൊബൈല്‍ യൂണിറ്റുകള്‍ കേരളത്തില്‍ ഇല്ലെന്ന പരാതിയും ഉയര്‍ന്നു വന്നിട്ടുണ്ട്‌.
കേരളത്തില്‍ മാലിന്യ സംസ്‌ക്കരണവും നിര്‍മ്മാര്‍ജ്ജനവും എന്നും പ്രശ്‌നമായി നിലകൊള്ളുന്നു. പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനവും സംസ്‌ക്കരണവുമെങ്കിലും ഇക്കാര്യത്തില്‍ പലയിടങ്ങളിലും കാര്യക്ഷമമായ ഇടപെടലുകളോ നടപടികളോ ഉണ്ടാകുന്നില്ല എന്നത്‌ ആക്ഷേപകരമാണ്‌. ശാസ്‌ത്ര സാങ്കേതിക മേഖലയില്‍ ആഗോള രംഗത്ത്‌ പല വികസിത രാജ്യങ്ങളെക്കാളും മുന്‍പന്തിയില്‍ നില്‌ക്കുന്ന നമ്മുടെ രാജ്യത്ത്‌, കൊച്ചിപോലുള്ള നഗരത്തില്‍ ഇപ്രകാരമുള്ള മാലിന്യ സംസ്‌ക്കരണ പ്രശ്‌നവും, തീയുമെല്ലാം ഉണ്ടാകുന്നത്‌ നാടിനു നാണക്കേടാണ്‌. ഡല്‍ഹി പോലെ കൊച്ചിയും അന്തരീക്ഷ വായുമലിനീകരണം കൂടുതലുള്ള നഗരമായി മാറുന്നത്‌ നിരാശജനകമാണ്‌. ബ്രഹ്മപുരത്ത്‌ പുകഞ്ഞുകൊണ്ടിരിക്കുന്ന തീയും അതില്‍ നിന്നു വമിക്കുന്ന വിഷപുകയും കൊച്ചിക്കു മാത്രമല്ല കേരളത്തിനു മുഴുവനുമുള്ള മുന്നറിയിപ്പാണ്‌. യഥാര്‍ത്ഥത്തില്‍ മാലിന്യമലകള്‍ ബ്രഹ്മപുരത്തെ മാത്രം പ്രശ്‌നമല്ല. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും മറ്റും നേതൃത്വത്തില്‍ പദ്ധതികള്‍ ഏറെയുണ്ടെങ്കിലും ഖര മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായി തന്നെ തുടരുകയാണ്‌. ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ ഏറെയുള്ള കൊച്ചിയില്‍ ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തിയാല്‍ മാലിന്യം കുമിഞ്ഞുകൂടുന്നതു കുറെയെങ്കിലും തടയാനാകും. എന്നാല്‍ ഏറെ ചര്‍ച്ചകളും വിവാദങ്ങളുമൊക്കെ ഉണ്ടാക്കുന്നതിനപ്പുറം കാര്യമായ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നതാണ്‌ വാസ്‌തവം. വിദേശ രാജ്യങ്ങളില്‍ ജൈവ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍, കുപ്പികള്‍ പോലുള്ള ഗ്ലാസ്‌ ഐറ്റംസ്‌ എല്ലാം തരംതിരിച്ചു കൃത്യമായി ഭവനങ്ങളില്‍ നിന്നു ശേഖരിച്ചു സംസ്‌ക്കരിക്കുന്നതുകൊണ്ട്‌ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രശ്‌നം രൂക്ഷമാകാറില്ല. ഇവിടെ, അത്തരത്തില്‍, സാധിക്കുന്നിടത്തോളം ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാനുള്ള സംവിധാനം ഉണ്ടാകണം. പ്രത്യേകിച്ചും ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റ്‌, വില്ല സമുച്ചയങ്ങളില്‍ ഇതു ഉണ്ടായേ മതിയാവൂ. എന്നാല്‍ പലയിടത്തും കെട്ടിടത്തിനു നമ്പരും കംപ്ലിഷന്‍ സര്‍ട്ടിഫിക്കറ്റും കിട്ടാനുള്ള ഒരു താത്‌ക്കാലിക സംവിധാനം കണക്കെയാണ്‌ ഇതു ഒരുക്കുന്നത്‌. ഉത്തരവാദിത്വപ്പെട്ടവരുടെ ഉത്തരവാദിത്വ രാഹിത്യവും ജനങ്ങളുടെ പൗരബോധമില്ലായ്‌മയും, അഴിമതിയും ഇഴപിരിഞ്ഞു കിടക്കുന്നതിന്റെ പരിണതഫലമാണ്‌ ഇതിനു കാരണം. കേരളത്തിന്റെ വ്യവസായ വാണിജ്യ തലസ്ഥാനവും വിനോദ സഞ്ചാര കേന്ദ്രവുമായ കൊച്ചിയിലെ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ പിടുത്തത്തില്‍ അഴിമതിയും അട്ടിമറിയും ഒക്കെ ആരോപിക്കപ്പെടുന്നുണ്ട്‌. മാലിന്യ നിര്‍മ്മാണത്തിനു കരാര്‍ എടുത്തിരിക്കുന്ന കമ്പനിക്കു അതിനാവശ്യമായ പ്രവര്‍ത്തന പരിചയമോ സംവിധാനമോ ഇല്ലെന്നും ഇഷ്‌ടക്കാര്‍ക്ക്‌ ഇഷ്‌ടം നോക്കിയാണ്‌ കരാറും ഉപകരാറും നല്‌കിയതെന്നുമൊക്കെ പറയപ്പെടുന്നുണ്ട്‌. ഇതു സംബ്‌ധിച്ച്‌ സത്യാവസ്ഥ ജനങ്ങള്‍ക്കു അറിയാന്‍ അവകാശമുണ്ട്‌. പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതുവരെ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകാത്തതാണ്‌ ബ്രഹ്മപുരത്തു മാലിന്യമലയുണ്ടാകാനും അവിടെ തീ പിടിത്തമുണ്ടാകാനും കാരണം. 15 വര്‍ഷം മുന്‍പു ബ്രഹ്മപുരത്ത്‌ മാലിന്യം കൊണ്ടുപോകുന്നതു ജനങ്ങള്‍ തടഞ്ഞതു എറണാകുളം ജില്ലയില്‍ മാലിന്യം കുന്നുകൂടി ഗുരുതര സാഹചര്യം സൃഷ്‌ടിച്ചിരുന്നു. അന്ന്‌ കോര്‍പ്പറേഷനു പ്രശ്‌നം പരിഹരിക്കാനാവില്ലെന്നു വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുകയും മുതിര്‍ന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥനു ചുമതല നല്‌കി പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുകയും ചെയ്‌തു. ഗ്രീന്‍ ട്രിബ്യൂണല്‍ ഇടപെട്ട്‌ നിര്‍ദ്ദേശങ്ങള്‍ നല്‌കിയിട്ടും ബ്രഹ്മപുരം പ്ലാന്റിലെ പ്രശ്‌നങ്ങള്‍ക്കു ശാശ്വാത പരിഹാരം കാണാന്‍ കൊച്ചിന്‍ കോര്‍പ്പറേഷനു കഴിയുന്നില്ല. നൂറേക്കറിലധികം സ്ഥലം ഉണ്ടായിട്ടും ശാസ്‌ത്രീയവും കുറ്റമറ്റതുമായ രീതിയില്‍ സംസ്‌ക്കരണ സംവിധാനം ഉണ്ടാക്കാന്‍ പറ്റുന്നില്ലന്നതാണു പ്രശ്‌നം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വാര്‍ഷിക പദ്ധതിയില്‍ നിശ്ചിത ശതമാനം തുക മാലിന്യ സംസ്‌ക്കരണത്തിനു നീക്കിവെക്കണമെന്നു നിര്‍ദ്ദേശമുണ്ട്‌. നഗരങ്ങളും സെന്‍സസ്‌ ടൗണുകളും ചേര്‍ന്ന നഗര സഞ്ചയങ്ങള്‍ക്ക്‌ മാലിന്യ സംസ്‌ക്കരണത്തിനു കേന്ദ്രധനകാര്യ കമ്മീഷന്‍ പ്രത്യേകം തുക അനുവദിച്ചതുമാണ്‌. കീശ വീര്‍പ്പിക്കുന്നതിനുള്ള ഉപാധിയായി ബ്രഹ്മപുരത്തെ കാണുന്ന, കോര്‍പ്പറേഷന്‍ മാറിമാറി ഭരിക്കുന്ന രാഷ്‌ട്രീയ ഭരണ നേതൃത്വത്തിനാണ്‌, കൊച്ചിക്കാര്‍ ഒരാഴ്‌ചയായി സഹിക്കുന്ന വിഷപുകക്കുള്ള ഉത്തരവാദിത്വം. മാലിന്യ നിര്‍മ്മാര്‍ജ്ജനവും സംസ്‌ക്കരണവും ബന്ധപ്പെട്ടവര്‍ക്കു കൈയ്യിട്ടു വാരാനുള്ള ഉപാധിയും വരുമാനം കൂട്ടാനുള്ള കറവ പശുവും ആകാതിരുന്നാല്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം എളുപ്പമായേക്കാം.

Previous Post

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വനിതാസംഗമം സംഘടിപ്പിച്ചു

Next Post

ചിക്കാഗോ സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!