കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്ക് വളര്‍ത്തിയെടുക്കുവാന്‍ വനിതകള്‍ക്കു കഴിയണം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്കു കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ വനിതകള്‍ക്കു കഴിയണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സമൂഹത്തിലെ കുടുംബങ്ങളിലെ വെല്ലുവിളികളെ തിരിച്ചറിയുവാനും അതിജീവിക്കുവാനും അമ്മമാര്‍ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശതോത്തര രജത ജൂബിലി ആഘോഷിക്കുന്ന കല്ലറ സെന്റ് തോമസ് പള്ളിയില്‍ കൈപ്പുഴ ഫൊറോനയുടെ ആതിഥേയത്വത്തിലാണ് ധ്യാനം സംഘടിപ്പിച്ചത്. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ധ്യാനത്തിനു തുടക്കമായത്.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ ആമുഖസന്ദേശം നല്കി. കോട്ടയം സെന്റ് ആന്റണീസ് തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ വചനചിന്തകള്‍ പങ്കുവച്ചു. ഉച്ചകഴിഞ്ഞ് ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും നടത്തപ്പെട്ടു. പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, കല്ലറ സെന്റ് തോമസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സില്‍ജി സജി, ഫൊറോന പ്രസിഡന്റ് മിനി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ യൂണിറ്റുചാപ്ലെയിന്‍മാര്‍, അതിരൂപതാ ഫൊറോന ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍ ധ്യാനത്തില്‍ പങ്കെടുത്തു.

 

 

Previous Post

അറുനൂറ്റിമംഗലം: വള്ളിനായില്‍ ത്യേസ്യാമ്മ ജോസഫ്

Next Post

യൂണിവേഴ്‌സിറ്റി ഓഫ് സാല്‍ഫോഡുമായി കൈകോര്‍ത്ത് കാരിത്താസ് ഹോസ്പിറ്റല്‍

Total
0
Share
error: Content is protected !!