കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ അപ്നാദേശിന്റെ പങ്കാളിത്തത്തോടെ ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായി കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളില്ലാത്ത ജീവിതം നിഷ്‌ക്രിയമായിരിക്കുമെന്നും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുവാനും തരണം ചെയ്യുവാനുമുള്ള മനക്കരുത്തും ഇച്ഛാശക്തിയും ഓരോരുത്തരും കൈവരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഓരോ നിമിഷവും ഓരോ അവസരങ്ങളാണെന്നും അവയെ ക്രിയാത്മകമായി ഉപയോഗിക്കുമ്പോഴാണ് ജീവിതവിജയം കൈവരിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ കാര്‍ട്ട് ഡയറക്ടറും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുര്യത്തറ, തൂവാനിസ അസി. ഡയറക്ടര്‍ ഫാ. റ്റിനേഷ് പിണര്‍ക്കയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ക്നാനായ സ്റ്റാര്‍സ് ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, സി. റോമില്‍ഡ എല്‍.ഡി.എസ്.ജെ.ജി എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും വിനോദപരിപാടികളും ക്രമീകരിച്ചിരുന്നു. കാര്‍ട്ട് എക്സിക്യൂട്ടീവ് അംഗങ്ങളും ക്നാനായ സ്റ്റാര്‍സ് മെന്റേഴ്സും ക്യാമ്പിനു നേതൃത്വം നല്‍കി. ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 162 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.