ബാന്‍ഡേജും ഓയിന്മെന്റും ഒന്നുമില്ലാതെ കാപ്പി പൊടിയും പഞ്ചസാരയും ചോരയൊലിക്കുന്ന മുറിവില്‍ വച്ച് കെട്ടി രണ്ട് ദിവസം കൊണ്ട് മുറിവുണക്കുന്ന എന്റെ അമ്മയായിരുന്നു ഞാന്‍ കണ്ട ആദ്യത്തെ നഴ്സും ഡോക്ടറുമെല്ലാം.. കണ്ണുകെട്ടി കളിക്കുന്നതിനിടയില്‍ പെട്ടിയുടെ മൂലയില്‍ ചെന്നിടിച്ചു മുഴച്ച് വന്ന നെറ്റി തടത്തില്‍ മുരിങ്ങയിലയും പച്ച കടുകും ചതവിന് നല്ലതാണെന്ന് പറഞ്ഞു അരകല്ലില്‍ അരച്ചെടുത്ത് പുരട്ടി മുഴയെ ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമാക്കിയ അമ്മ.. പിറ്റേന്നു കാലത്ത് മുഴയുണ്ടോന്ന് കണ്ണാടിയില്‍ നോക്കി കാണാതായപ്പോള്‍ ഈ അമ്മ ഒരു സംഭവം തന്നെ എന്ന് മനസ്സില്‍ പറഞ്ഞു…വിറക് മുറിക്കാന്‍ കോടാലി കൊണ്ട് സ്വന്തം കാലില്‍ വെട്ടിയ ചേട്ടായിയെ ഇത് കുത്തിക്കെട്ടിയാലെ ശരിയാവൂ എന്ന് സ്വയം രോഗ നിര്‍ണ്ണയം നടത്തി , രക്ത പ്രവാഹം നിലക്കാന് തോര്‍ത്തുകൊണ്ട് മുറുക്കെ കെട്ടി കാല് ഉയര്‍ത്തി പിടിച്ച് കൊണ്ട് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കോടിയ അമ്മയില്‍ വീണ്ടും കണ്ടു ഞാന്‍ ആ നഴ്സിനെ പിന്നെയും എന്തെല്ലാം.. ഈ അടുത്ത്, യൂറോപ്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് സയന്‍സസില്‍ പബ്ലിഷ് ചെയ്ത ഒരു റിസേര്‍ച് ആര്‍ട്ടികിള്‍ (Why the coffee powder is the best topical wound dressing) വായിച്ചപ്പോഴാണ് എന്റെ അമ്മ വെറും പുലിയല്ല പുല്പ്പുലി ആയിരുന്നു എന്നു മനസ്സിലായത്.
പ്രീഡിഗ്രി പഠനം കഴിഞ്ഞ് ജോലി കിട്ടാന്‍ എളുപ്പം നഴ്സിങ്ങിന് പഠിക്കുന്നതാണ് എന്ന ഉപദേശം ചെവിക്കൊണ്ട് അതിന് ചേര്‍ന്നു. പിന്നീടങ്ങോട്ട് സാന്ത്വനത്തിന്റെയും പരിചരണത്തിന്റെയും വക്താവായി നീണ്ട 24 സംവത്സരങ്ങള്എത്രയെത്ര രോഗികള്‍..അവരുടെ ഉറ്റവരും ഉടയവരും..ജനന മരണങ്ങള്‍ക്ക് സാക്ഷിയായ എത്രയോ നിമിഷങ്ങള്‍.. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍, സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ എന്നിങ്ങനെ, ഒട്ടനവധിപേരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുവാന്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും സര്‍വ്വശക്തന്റെ ഒരു ഉപകരണമായി. ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരി…ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ലാഭേച്ഛയില്ലാത്ത സേവനങ്ങള്‍ നിര്‍ലോഭമായി ഏവര്‍ക്കും അനുഭവ യോഗ്യമായ ദിനങ്ങള്‍.. ആരോഗ്യ പ്രവര്‍ത്തകയുടെ വേഷമണിഞ്ഞതിന് ശേഷം സന്തോഷവും ദുഖവുമൊക്കെ നിറഞ്ഞ ഒരുപാട് നിമിഷങ്ങള്‍.
ഓര്‍മകളുടെ മണിച്ചെപ്പില്‍ ഒട്ടനവധി കരയുന്ന, ചിരിക്കുന്ന, ആശങ്കപ്പെടുന്ന മുഖങ്ങള്‍ മിന്നി മറയുമ്പോഴും ഈ അടുത്ത നാളുകളില്‍ കണ്ട ചില മുഖങ്ങള്‍
മറക്കാന്‍ കഴിയുന്നില്ല. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. മരണത്തെ മുഖാമുഖം കണ്ട് സന്തോഷത്തോടെ ആ ജീവിത സത്യത്തെ സ്വീകരിച്ച ചില മുഖങ്ങള്‍. തട്ടി മാറ്റാനോ ഓടിയൊളിക്കാനോ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ് മരണമെന്ന പ്രപഞ്ച സത്യത്തെ പുഞ്ചിരിയോടെ നേരിട്ട മുഖങ്ങള്‍. ജീവിത വിജയം നേടാന്‍ ശതാഭിഷക്തനാകുകയോ സപ്തതി ആഘോഷിക്കുകയോ മറ്റോ വേണ്ട, ആയുസ്സിന്റെ പുസ്തക താളില്‍ നമുക്കായ് തരുന്ന എണ്ണപ്പെട്ട ദിനങ്ങള്‍ സന്തോഷമായി ജീവിച്ച് തീര്‍ത്താല്‍ മതി എന്ന് എന്നെ പഠിപ്പിച്ച ചില മുഖങ്ങള്‍..മാരകമായ . ക്യാന്‍സര്‍ രോഗത്തിന് അടിമയായി വളരെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്ത്യ വിശ്രമത്തിന് വിളിക്കപ്പെട്ട ഒരു യുവതി. അവരുടെ ഭര്‍ത്താവ്, ആ സ്നേഹ വല്ലരിയില്‍ വിരിഞ്ഞ അവരുടെ ആറ് മാസം പ്രായം മാത്രമുള്ള പൊന്നോമന, തന്റെ ഏക മകളെ നഷ്ടപ്പെട്ട അമ്മ എന്നിവരുടെ മുഖങ്ങളാണ് എന്റെ മനസ്സിന്റെ ആഴങ്ങളില്‍ ഒരു വിങ്ങുന്ന ഓര്‍മയായ് നില നില്‍ക്കുന്നത്.
‘വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു ‘ എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. ആ സ്വര്‍ഗം ഭൂമിയിലെ സുന്ദരമായ പലയിടങ്ങളാവാം. എന്നിരിക്കിലും ഒരു ആശുപത്രി കിടക്ക കല്യാണ മണ്ഡപമായി മാറിയത് അത്യപൂര്‍വ്വ മായ ഒരു കാഴ്ച തന്നെ നിയമത്തിന്റെ മുന്നില്‍ (registered marriage )വിവാഹിതരായ രണ്ട് മനസ്സുകള്‍..അവരുടെ പ്രണയ സാക്ഷാത്കാരമായി ജനിച്ച പൊന്നോമന പുത്രി. ജീവിതം സന്തോഷമായി നീങ്ങുമ്പോഴാണ് അപശകുനമായി അര്‍ബുദമെന്ന മാരക സര്‍പ്പം അവള്‍ക്ക് മുന്നില്‍ ഫണം വിടര്‍ത്തിയാടിയത്. ആ നീരാളിക്കൈകളില്‍ നിന്നുമൊരു മോചനം സാധ്യമാവില്ലെന്നും തന്റെ ഉടയവരെ ഉപേക്ഷിച്ച് ഈ ലോകത്തില്‍ നിന്നും മടങ്ങേണ്ടി വരുമെന്നുമൊക്കെ അധികം വൈകാതെ തന്നെ ചികില്സിക്കുന്ന ഭിഷഗ്വരന്മാരില് നിന്നും ആ യുവതി മനസ്സിലാക്കി. തന്റെ പൊന്നോമനയെ കണ് നിറയെ കാണാന്‍ പോലും സമയം തന്നില്ലല്ലോ എന്നവള്‍ ഉടയവനോട് പരാതി പറഞ്ഞു. വിശന്ന് കരയുന്ന കുഞ്ഞിനെ മാറോട് ചേര്‍ക്കുവാന്‍ കഴിയാതെ ആ അമ്മ മനം തേങ്ങി.. പതിയെ യാഥാര്‍ത്ഥ്യത്തിന്റെ മുഖം മരണത്തിന്റേത് മാത്രമാണെന്ന് അവള്‍ക്ക് മനസ്സിലായി. തന്റെ പ്രിയ ഭര്‍ത്താവിനെയും അമ്മയെയും സമാശ്വസിപ്പിച്ചു. സ്വന്തം വിധി പരാതികള്‍ ഒന്നും കൂടാതെ അവള് ഏറ്റുവാങ്ങി. അവളുടെ നിര്‍ബന്ധവും ഒപ്പം വിധിയെl തോല്‍പ്പിക്കാനാവില്ല എന്ന തിരിച്ചറിവും മൂലം അവളുടെ ഭര്‍ത്താവ് DNR ( do not resuscitate-) എന്ന രേഖയില്‍ ഒപ്പുവച്ചു. കണ്ണീരില്‍ കുതിര്‍ന്ന ആ രംഗത്തിന് സാക്ഷികളായ എല്ലാവരുടെയും മിഴികള്‍ തെല്ലിട നനവാര്‍ന്നു .
പക്ഷെ, പിന്നീടുള്ള എണ്ണപ്പെട്ട ദിവസങ്ങള്‍ അവര്‍ക്ക് ഉത്സവ പ്രതീതി ആയിരുന്നു. അവളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സ്നേഹ സമ്പന്നനായ അവളുടെ ഭര്‍ത്താവും ആ അമ്മയും മത്സരിച്ചു. ഒരു ദേവാലയത്തില്‍ വിവാഹം നടത്തണമെന്നായിരുന്നു അവളുടെ അന്ത്യാഭിലാഷം. കേള്‍ക്കുന്നവര്‍ക്ക് ഒരു തമാശയായി തോന്നാം . പക്ഷെ, അവളുടെ വലിയ ഒരു സ്വപ്നമായിരുന്നു അത്. അതിനു വേണ്ടി ദേവാലയത്തിലേക്ക് പോകുക എന്നത് അവളുടെ ആരോഗ്യ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ അപ്രാപ്യമായിരുന്നതിനാല്‍ ആശുപത്രിയില്‍ വിവാഹം നടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കുടുംബത്തോടൊപ്പം ആശുപത്രി അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും അത്യുത്സാഹത്തോടെ പരിശ്രമിച്ചതിനാല്‍ അവളുടെ സ്വപ്നം സഫലമായി. വെളുത്ത നീളന്‍ ഗൗണില്‍ അവളൊരു മാലാഖയെ പോലെ സുന്ദരിയായിരുന്നു. നിറയെ ബലൂണുകളും പൂക്കളും കൊണ്ടലങ്കരിച്ച ആശുപത്രി മുറിയില്‍ വൈദികന് വിവാഹം ആശീര്‍വദിച്ചു. വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി വിവാഹ പ്രതിജ്ഞ നിറവേറ്റുമ്പോള്‍ അവളുടെ കണ്ണിലെ തിളക്കം നാമെല്ലവരിലും ആനന്ദാശ്രുക്കള്‍ നിറച്ചു. മോതിരം കൈമാറി, കേക്ക് മുറിച്ച് ആഘോഷം മധുരതരമാക്കി. തന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമെന്ന് അറിഞ്ഞ് പ്രണയാര്‍ദ്രമായി നവ ദമ്പതികള്‍ ചുംബിക്കുമ്പോള്‍ അവളുടെ കവിള് തടങ്ങള്‍ അരുണ വര്‍ണമായി. ആഘോഷങ്ങളുടെ അവസാനം എല്ലാവരും പിരിഞ്ഞു പോയി …ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലോ അതോ ബാക്കി വച്ച സ്വപ്നങ്ങള്‍ അടുത്തൊരു ജന്മത്തില് പൂര്‍ണമാകുമെന്ന പ്രതീക്ഷയിലോ അവളും യാത്രയായി…വേദനകളും വ്യഥകളും ഇല്ലാത്ത ലോകത്തേക്ക്…
പതിവു പോലെ രാവിലെ റൗണ്ട്സിന് ചെല്ലുമ്പോള്‍ കണ്ടു നീണ്ട ഇടനാഴിയില്‍ ഒട്ടേറെ ആള്ക്കാര്…അവളുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് കാണാനെത്തിയ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മറ്റുമാണ്.. ഒന്നുമറിയാതെ മ്മ.. മ്മ എന്ന് ശബ്ദമുണ്ടാക്കി അമ്മയുടെ നേര്‍ക്ക് കൈ നീട്ടുന്ന ആ പൊന്നോമന ഒരുവേള ഇടനെഞ്ചില്‍ ഒരു വിങ്ങലായി മാറി. വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ പരിചരിച്ചുള്ളൂ എങ്കിലും മനസ്സിന് കോണില്‍ മറക്കാനാവാത്ത ഒരു മുഖം ആയത് കൊണ്ടാവാം ആ വേര്പാടിന് സാക്ഷിയായ നഴ്സ് വേദന ഉള്‍ക്കൊള്ളാനാവാതെ അശ്രു പൊഴിച്ചത്. Compassion fatigue എന്ന് ആലങ്കാരികമായി പറയാം. ആരെ എങ്ങിനെ ആശ്വസിപ്പിക്കും എന്ന മനോവ്യഥയില്‍ അവളുടെ അമ്മയെ ഒന്നാ ശ്ലേഷിച്ചു. ഇനി തന്നെ താലോലിക്കാന്‍ അമ്മയില്ലെന്നറിയാതെ നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന കുഞ്ഞി കവിളില്‍ മെല്ലെ തലോടി.. നൈറ്റ് ഡ്യൂട്ടിയുടെ ആലസ്യവും പ്രിയ രോഗിയുടെ വിയോഗവുമായി വേദനിക്കുന്ന സഹപ്രവര്‍ത്തകയെ ആശ്വസിപ്പിച്ച് വീണ്ടും ജോലി തിരക്കിലേക്ക് ഊളിയിട്ടു. രോഗ ശമനത്തോടൊപ്പം അനിവാര്യമായ മരണത്തിലേക്ക് ശാന്തമായി നടന്നടുക്കാന്‍ മാരകമായ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്ന ഓരോ രോഗിയെയും അനുവദിക്കുന്നതും നല്ല ആശുപത്രികളുടെ ഉത്തരവാദിത്തമാണ്.
പുതിയ തലമുറക്കായ് … ഒട്ടേറെ സാധ്യതകളും അവസരങ്ങളുമുള്ള എന്നും പുതുമകള്‍ നിറഞ്ഞ ഒരു തൊഴില്‍ മേഖല തന്നെയാണ് നഴ്സിംഗ്. പ്രാക്ടിക്കല്‍ നഴ്സ് മുതല്‍ നഴ്സ് പ്രാക്ടിഷണര്‍, നഴ്സ് ഇന്‍ഫര്‍മാറ്റിക്സ്, നഴ്സ് അനെസ്തെടിസ്റ്റ് , ലീഗല്‍ നഴ്സ് കണ്‍സള്‍ട്ടന്റ്, നഴ്സ് എജ്യുകേറ്റര്‍, ക്ലിനിക്കല്‍ റിസേര്‍ച് നഴ്സ് എന്നിങ്ങനെ നീണ്ടു കിടക്കുന്ന അനേകം വൈവിധ്യമാര്‍ന്ന ജോലികള്‍ ഈ മേഖലയില്‍ സുലഭമാണ്. ബി എസ് സി നഴ്സിംഗ് ഒരു ഡിഗ്രി കോഴ്സ് ആയതിനാല്‍ അതിന് ശേഷം അനുയോജ്യമായ മറ്റെന്തെങ്കിലും പി ജി കോഴ്സുകള്‍ക്കും സാധ്യതയുണ്ട്. സഹായ മനസ്കതയും കാരുണ്യവും സ്നേഹവും ക്ഷമയും നല്ലൊരു നഴ്സിനു ആവശ്യമാണ്. മേമ്പൊടിക്ക് നല്ല ശാസ്ത്ര വിദ്യാഭാസവും പുതിയ അറിവുകള്‍ നേടാനുള്ള മനസ്സും..പ്ലസ് ടുവിന് ശേഷം മെഡിസിനും എന്‍ജിനീയറിങ്ങിനും മാത്രം അവസരം കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ മറിച്ചൊന്ന് ചിന്തിക്കുന്നത് ഉചിതമാവും..
‘സിസ്റ്റര്‍.. ഒന്നു നില്ക്കണെ.. ഒരു സംശയം..ഈ മരുന്ന് എങ്ങനെ കഴിക്കാന.. ഡോക്റ്റര്‍ പറഞ്ഞത് മനസ്സിലായില്ല…ഇന്ന് ഡിസ്ചാര്‍ജ് ആണ്..’ ‘ഇത് രാത്രിയില്‍ ഒന്നു മാത്രം…കൊളസ്ട്രോളിന്റെയാ..ആന്റിബയോട്ടിക് കാലത്തും വൈകിട്ടും ഒന്നു വീതം ഭക്ഷണത്തിന് ശേഷം.. പിന്നെ ബിപി യുടെ കാലത്തും വൈകിട്ടും ഓരോന്ന്…മരുന്ന് മുടക്കല്ലെ..’.. ‘ വളരെ നന്ദി സിസ്റ്റര്‍..’ വേദനയോടെ നിലവിളിച്ച് വന്നയാളാണ് ഇപ്പോ ഈ പോയത്..പുഞ്ചിരിക്കുന്ന ഈ മുഖങ്ങള്‍ തന്നെയല്ലേ ഓരോ നഴ്സിന്റെയും ഊര്‍ജം.
മോളമ്മ മാത്യു അമ്പലപ്പറമ്പില്‍