ഫീനിക്സ് ( യുു. എസ്.എ ) : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കയിലെ അരിസോണയില്‍ കുട്ടികളുടെ ഇടയില്‍ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സണ്‍ഷൈന്‍ ഹോം മാനേജിങ് ഡയറക്ടറും ക്നാനായക്കാരനുമായ സൈമണ്‍ കോട്ടൂരിനെ അരിസോണ ഗവര്‍ണര്‍ കാത്തി ഹോംസ് ആദരിച്ചു. ഈ ആദരവ് അമേരിക്കയിലെ ക്നാനായ സമൂഹത്തിനും മലയാളികള്‍ക്കും ലഭിച്ച അംഗീകാരമായി കരുതുന്നുവെന്ന് സൈമണ്‍ കോട്ടൂര്‍ പ്രതികരിച്ചു. വീടുകളിലും സമൂഹത്തിലും ഒറ്റപ്പെടലോ കുടുംബത്തിലെ എതിര്‍പ്പോ മാനസിക വെല്ലുവിളികളോ നേരിടുന്ന കുട്ടികള്‍ക്കുള്ള അമേരിക്കയിലെ ഏറ്റവും മികച്ച അഭയ കേന്ദ്രമാണ് സൈമണ്‍ കോട്ടൂരും ഭാര്യ എലിസബത്തും ചേര്‍ന്ന് നടത്തുന്ന സണ്‍ ഷൈന്‍ ഹോംസ്. മികച്ച പരിപാലനവും പ്രചോദനാത്മകമായ പരിചരണവും നല്കി ഈ കുട്ടികളെ മുഖ്യധാര ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. അരിസോണ സംസ്ഥാനത്ത് 37 സ്ഥലങ്ങളില്‍ ഇത്തരം ഗ്രൂപ്പ് ഹോംസുകള്‍ ഇവര്‍ നടത്തുന്നു. ലോകത്തിന്‍്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 220 പേര് സണ്‍ ഷൈന്‍ ഹോംസില്‍ ജോലി ചെയ്യുന്നു. ഒരേ സമയത്ത് 370 കുട്ടികള്‍ക്ക് ഇവിടെ സംരക്ഷണം നല്കുന്നു. 30 വര്‍ഷം മുമ്പ് സൈമന് കോട്ടൂര്‍ ആരംഭിച്ച സണ്‍ഷൈന്‍ റെസിഡന്‍ഷ്യല്‍ ഹോംസ് ഇന്ന് അരിസോണ സംസ്ഥാനത്തിന്‍്റെ അഭിമാനം ഉയര്‍ത്തുന്നു എന്ന് ഗവര്‍ണര്‍ കാത്തി ഹോംസ് അറിയിച്ചു.
അരിസോണ ഗവര്‍ണറുടെ ഉപദേശക സമിതി അംഗം കൂടിയായ സൈമണ്‍ നല്കുന്ന സേവനങ്ങളെ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 150,000 കുട്ടികള്‍ക്ക് സണ്‍ഷൈന്‍ ഹോംസിന്്റെ പരിപാലനത്തിലൂടെ ജീവിതത്തില്‍ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ ഗവര്‍ണര്‍മാരായ ജോണ്‍ മക്കെയന്‍, ജാനറ്റ് നെപ്പോല്ട്ടന്, ജാന്‍ ബ്രൂവര്‍ എന്നിവരുമായി സൈമണ്‍ മികച്ച സൗഹൃദം പുലര്‍ത്തുന്നു . അമേരിക്കന്‍ വൈസ് പ്രസിഡന്‍്റ് കമല ഹാരിസ് കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു സുപ്രധാന മീറ്റിങ്ങില്‍ അരിസോണയിലെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയില്‍ സൈമണ്‍ പ്രത്യേക ക്ഷണിതാവായിരുന്നു. സൈമന് കോട്ടൂരും ഭാര്യയും ഇന്ത്യയിലും വിവിധ സാമൂഹ്യസേവന പദ്ധതികള്‍ നടത്തുന്നുണ്ട്. ഗവര്‍ണറുടെ ആദരവ് തന്നെയും കുടുംബത്തെയും കൂടുതല്‍ വിനയാന്വീതരാക്കുന്നു എന്നും സമൂഹത്തിന്‍്റെ നന്മയ്ക്കായി തങ്ങളാല്‍ കഴിയുന്ന ഏതു സേവനവും ചെയ്യുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സൈമണ്‍ കോട്ടൂര്‍ പ്രതികരിച്ചു. കിടങ്ങൂര്‍ ഇടവക കോട്ടൂര്‍ പരേതരായ കെ.ടി മാത്യുവിന്‍െറയും ഏലിക്കുട്ടിയുടെയും മകനാണ്. മദ്രാസ് ലയോള കോളജ്, മദ്രാസ് സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് സൈമണ്‍ ഉന്നത ബിരുദം നേടിയിട്ടുണ്ട്. ഭാര്യ കിഴക്കേ നട്ടാശേരി ഇടവക പാറമേല്‍ ജോസഫ് (കല്‍ക്കട്ട ജോസഫ്)- മറിയാമ്മ ദമ്പതികളുടെ മകള്‍ എലിസബത്ത്. ഇവരും സോഷ്യല്‍ വര്‍ക്കില്‍ ബിരുദധാരണിയാണ്. മക്കള്‍: അരുണ്‍, ടോണി.