ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണില്‍ ഹൃദ്യമായ യാത്രയയപ്പ്

ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി രണ്ടു വര്‍ഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്കി.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇടവകയ്ക്കും പ്രചോദനവും ഉണര്‍വും നല്കുന്ന മഹനീയ സേവനമായിരുന്നു ഫാ. തച്ചാറയുടേതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് പ്രസ്താവിച്ചു. സിറ്റിയുടെ പ്രത്യേക ഉപഹാരം അദ്ദേഹം ചടങ്ങില്‍ സമ്മാനിച്ചു.

ഫാ. തച്ചാറയുടെ ഉപരിപഠനത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്ന മിസ്സോറി സിറ്റി കൗണ്‍സിലര്‍ സോണിയാ ബ്രൗണ്‍ മാര്‍ഷല്‍, ഫാ. തച്ചാറ തിരികെവന്ന് കൂടുതല്‍ മഹത്തര സേവനം നല്കട്ടെയെന്ന് ആശംസിച്ചു. സിറ്റി കൗണ്‍സിലര്‍ ആന്റണി മരോലൂയിസിന്റെയും തന്റെയും ഉപഹാരങ്ങള്‍ സോണിയാ ഫാ. തച്ചാറയ്ക്കു കൈമാറി.

യുവത്വവും പ്രസരിപ്പും നിറഞ്ഞ നല്ലവൈദികനായ ഫാ. തച്ചാറ തനിക്ക് സഹോദര തുല്യനും സുഹൃത്തുമായിരുന്നുവെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ചു. ഫാ. തച്ചാറയുടെ അഭാവം തനിക്കും ഇടവകയ്ക്കും തീരാനഷ്ടമാണെന്ന് ഫാ. മുത്തോലത്ത് പ്രസ്താവിച്ചു.

ഇടവകയുടെ സെക്രട്ടറിയായി 27 വര്‍ഷം സന്നദ്ധസേവനം ചെയ്തശേഷം വിരമിച്ച സ്റ്റീഫന്‍ ഇടാട്ടുകുന്നേലിനെ ചടങ്ങില്‍ ആദരിച്ചു. ശ്രീ. സ്റ്റീഫന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവകയുടെ വളര്‍ച്ചയ്ക്കു മുതല്‍കൂട്ടായിരുന്നുവെന്ന് ഫാ. മുത്തോലത്ത് അനുസ്മരിച്ചു.

ഇന്‍ഡ്യയുടെ മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം പ്രസ്ഥാവിച്ചതുപോലെ നമ്മുടെ ഇടവകയുടെ മുന്നോട്ടുള്ള വളര്‍ച്ചയെക്കുറിച്ച് സ്വപ്നം കാണുന്നവരാകണമെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ ഫാ. തച്ചാറ ആഹ്വാനം ചെയ്തു. ഇടവകയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വരും തലമുറയ്ക്ക് മുതല്‍കൂട്ടാകുമെന്നും അതു വേഗം സാധ്യമാകുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫാ. ജോസഫ് തച്ചാറയ്ക്കും സ്റ്റീഫന്‍ ഇടാട്ടുകുന്നേലിനും ഇടവക സമൂഹം വികാരനിര്‍ഭരമായ യാത്രയയപ്പാണു നല്കിയത്. ഇടവകയുടെ ഉപഹാരങ്ങള്‍ വികാരി ഫാ. മുത്തോലത്തും ഇടവക പ്രതിനിധികളുംചേര്‍ന്നു നല്കി.

മതബോധന ഡിറക്ടര്‍ ജോണ്‍സണ്‍ വട്ടമറ്റത്തില്‍ പരിപാടികള്‍ ഏകോപിച്ചു. ഇടവകയുടെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി ഷിജു മുകളേല്‍, ആന്‍സണ്‍ കല്ലാറ്റ്, ജെഫ് പുളിക്കത്തൊട്ടിയില്‍, ആന്‍ജലീനാ താന്നിച്ചുവട്ടില്‍, ലെനാ താന്നിച്ചുവട്ടില്‍ എന്നിവര്‍ ഫാ. തച്ചാറയ്ക്ക് ആശംസകള്‍ നേര്‍ന്നു. പാരീഷ് എക്‌സിക്കുട്ടീവ് അംഗങ്ങളായ ഷിജു മുകളേല്‍, ബാബു പറയംകാലായില്‍, മാത്യു തെക്കേല്‍, ജോസ് പുളിക്കത്തൊട്ടിയില്‍, ടോം വിരിപ്പന്‍, സി.റെജി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

ബിബി തെക്കനാട്ട്

Previous Post

കോട്ടയം അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം

Next Post

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!