കല്ലറ: കല്ലറ സെന്റ്. തോമസ് ക്നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി.കുര്‍ബ്ബാനയോടുകൂടിയായിരുന്നു ആഘോഷപരിപാടികളുടെ ആരംഭം. മുന്‍ വികാരിമാരും ഇടവകാംഗങ്ങളായ വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച സമൂഹ ബലിയെ തുടര്‍ന്ന് തോമസ് നാമധാരികളായ ഇടവകാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് തിരിതെളിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപരിപാടികളുടെ ഭാഗമായി 90 വയസ്സിനു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. 1900-ല്‍ സ്ഥാപിതമായ ഈ ഇടവക ദേവാലയത്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ 2025 ഏപ്രില്‍ മാസത്തിലാണ് സമാപിക്കുന്നത്. ഈ ഇടവകയുടെ ആത്മീയ വളര്‍ച്ചയുടെ ഭാഗമായി അന്‍പതോളം വൈദികരും എഴുപതോളം സിസ്റ്റേഴ്സും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്തുവരുന്നു. ഈ ജൂബിലി വര്‍ഷം ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്ക് വഴിതെളിക്കുന്ന നിരവധി കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി അറിയിച്ചു.