ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപത സമാപനം ഏപ്രില്‍ 13 ന്

കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം ഏപ്രില്‍ 13 ശനിയാഴ്ച കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. നാമകരണ നടപടികള്‍ക്കുള്ള രേഖകള്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ രാവിലെ 10 മണിക്ക് കോട്ടയം
അതിരൂപതാദ്ധ്യാക്ഷന് മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയോടെ കര്‍മ്മങ്ങള്‍ക്കു തുടക്കമാകും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപതാതല നടപടിക്രമങ്ങളുടെ ഔദ്യോഗിക സമാപനത്തിന്റെ നടപടികള്‍പൂര്‍ത്തിയാക്കും.
1871 ഒക്ടോബര്‍ 24ന് നീണ്ടൂര്‍ പൂതത്തില്‍ കുടുംബത്തില്‍ ജനിച്ച തൊമ്മിയച്ചന്‍ 1897 ഡിസംബര്‍ 28 കോട്ടയം അതിരൂപതയില്‍ വൈദികനായി അഭിഷിക്തനായി. ശാരീരികവും മാനസികവുമായ വൈകല്യമുള്ളവര്‍ കുടുംബത്തിനും സമൂഹത്തിനും ശാപമെന്ന് കരുതിയ കാലഘട്ടത്തില്‍ അവര്‍ക്ക് പ്രത്യാശ പകര്‍ന്നുകൊണ്ട് അവര്‍ക്കായി പുണ്യപ്രവര്‍ത്തികളില്‍ അദ്ദേഹം വ്യാപൃതനായി. 1925 മെയ് 3-ാം തീയതി അഗതികള്‍ക്കും ആലംബഹീനര്‍ക്കുമായി കൈപ്പുഴയില്‍ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടര്‍ന്ന് 1928 ജൂലൈ 3-ാം തീയതി അഗതി ശുശ്രൂഷാര്‍ത്ഥം സെന്റ് ജോസഫ് സന്യാസിനി സമൂഹവും സ്ഥാപിച്ചു. കരുണ നിറഞ്ഞ സ്നേഹസേവന വഴിയില്‍ സഞ്ചരിച്ച ആ പുണ്യശ്ലോകന്‍ 1943 ഡിസംബര്‍ 4-ന് ദിവംഗതനായി. 2009 ജനുവരി ജനുവരി 26-ാം തീയതിയാണ് പൂതത്തില്‍ തൊമ്മിയച്ചന്‍ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

Previous Post

മോനിപ്പള്ളി എം. യു. എം ആശുപത്രിയില്‍ ജനിച്ച കുട്ടികളുടെ സംഗമം നടത്തി

Next Post

കാര്‍ട്ടിന്റെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പിന് തുടക്കമായി

Total
0
Share
error: Content is protected !!