കോട്ടയം: നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറയാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സാമൂഹ്യനീതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഓരോരുത്തര്‍ക്കും ഉറപ്പുവരുത്തുന്നതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തുവാനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി ഇന്നിന്റെ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് സാമൂഹ്യ പ്രവര്‍ത്തക അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന് നേതൃത്വം നല്കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.