രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ 4-ാം ബജറ്റ് ഫെബ്രുവരി 5 ന് നിയമസഭയില്‍ ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. 1,38,655.16 കോടി രൂപ വരവും 1,66,501.21 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി, മൂന്നു വര്‍ഷംകൊണ്ട് 3 ലക്ഷം കോടി നിക്ഷേപം, ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകള്‍ക്ക് ഊന്നല്‍, കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി, റബറിന് താങ്ങുവിലയില്‍ 10 രൂപ വര്‍ദ്ധന, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ വര്‍ദ്ധന, പങ്കാളിത്ത പെന്‍ഷനു പകരം സംവിധാനം എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുവാന്‍ പണം ഇല്ലാത്തതിനാല്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് പ്രധാനമായും സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സാമ്പത്തിക ഉദാരവല്ക്കരണവും സ്വകാര്യ മൂലധന സ്വരൂപണവും ലക്ഷ്യമിടുന്ന ബജറ്റില്‍ അതിനുള്ള മാര്‍ഗ്ഗമായി ചൈനീസ് മോഡല്‍ സാമ്പത്തിക നയമാണ് സ്വീകരിക്കുകയെന്ന് സൂചിപ്പിച്ചിരിക്കുന്നു. സ്വകാര്യ വ്യക്തികളില്‍നിന്നും സംഭാവനകളും സ്വീകരിക്കും.
നികുതി ഇനത്തില്‍ കുടിശിഖയായി കിട്ടാനുള്ള കോടികള്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ബജറ്റില്‍ മ+
ൗനം തുടരുന്നു. സാധാരണയുള്ള ഒരു ബജറ്റില്‍നിന്ന് വിഭിന്നമായി ഇക്കുറി രാഷ്ട്രീയ പ്രസംഗമാണ് മന്ത്രി നടത്തിയത്. കേന്ദ്രത്തെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തിയുള്ള മന്ത്രിയുടെ പ്രസംഗം ബജറ്റിന്റെ വിലതന്നെ ഇല്ലാതാക്കിയെന്നുള്ള പ്രതിപക്ഷ ആരോപണം ഒരുപരിധിവരെ ശരിയാണ്. കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനും ഇക്കുറി ബജറ്റ് അവതരണ വേളയില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയിരുന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു കേരളത്തിലും മന്ത്രി ബാലഗോപാലിന്റെ പ്രകടനം. ലക്ഷക്കണക്കിന് പാവങ്ങള്‍ നോക്കിയിരിക്കുന്ന ക്ഷേമ പെന്ഷന് കുടിശിഖ, എന്ന് കൊടുക്കുമെന്നുപോലും പറയുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അതിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളോ നിര്‍ദ്ദേശിക്കുന്നില്ല. ക്ഷേമ പെന്ഷന് കൊടുക്കാനാണെന്നുപറഞ്ഞാണ് പെട്രോളിനും ഡീസലിനും 2 രൂപ അധിക സെസ്സ് പിരിച്ച് കേരളീയരെ പിഴിയുന്നത്. ഈ പണം എവിടെയെന്ന ചോദ്യത്തിനു നിയമസഭയില്‍ മന്ത്രിയ്ക്ക് ഉത്തരമില്ലായിരുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് കേരളത്തെ ഈ രീതിയിലാക്കിയതെന്ന പ്രതിപക്ഷ വിമര്ശനത്തിനുപോലും വ്യക്തമായ മറുപടി നല്‍കാതെ നിയമസഭയില്‍ കേന്ദ്ര അവഗണന എന്ന പേരു പറഞ്ഞ് മന്ത്രി തടിതപ്പുകയായിരുന്നു. കേരളീയത്തിന്റെയും നവകേരള സദസ്സിന്റെയും കണക്കുപോലും സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറാവുന്നില്ല.
കേരളത്തിന്റെ സാമ്പത്തിക പ്രശ്ന പരിഹാരത്തിന് ഒരു ബദല്‍ നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കാന്‍ മന്ത്രിയ്ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ വരുമാനത്തിന്റെ 70% വും ശമ്പളത്തിനും പെന്‍ഷനുമായിട്ടാണ് നല്‍കുന്നത്. കേരളത്തിന്റെ ധന കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 3.4% (44,529 കോടി രൂപ) ആണ്. ധന ഉത്തരവാദിത്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടം എടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം സര്‍ക്കാരിന്റെ വികസന ചെലവുകളില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 2022-23 ല്‍ 1.42 ലക്ഷം കോടി രൂപമാത്രമാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് തലേവര്‍ഷത്തെക്കാള്‍ 2.89% കുറവാണ്. തന്മൂലം അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിലും വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, വ്യവസായം എന്നീ മേഖലകളിലും സര്‍ക്കാര്‍ നിക്ഷേപം കുറഞ്ഞു. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 13,627 കോടി വര്‍ദ്ധിച്ച് 71,968 കോടിയായി 23.36% ന്റെ വര്‍ദ്ധന രേഖപ്പെടുത്തിയത് നേട്ടമായി കാണിക്കുമ്പോഴും ഇത് ഉപയുക്തതയെ കുറയ്ക്കുകയാണ് ചെയ്യുക. സര്‍ക്കാര്‍ ചെലവിനെ ഉദ്ദീപിപ്പിക്കുവാന്‍ ശേഷിയുള്ള നികുതീതര വരുമാനം കാര്യമായി വര്ദ്ധിപ്പിച്ചിട്ടില്ലായെന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
നിലവില്‍ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അവശ്യാഹാരസാധനങ്ങളുടെ വിലക്കയറ്റവും സംസ്ഥാനത്തിന്റെ താഴ്ന്ന ഉപഭോഗ ഉപയുക്തതയും പരിഹരിക്കുവാന്‍ ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ല. സംസ്ഥാനത്തെ ഉപഭോഗ ആവശ്യങ്ങളിലെ കുറവിന്റെ പ്രധാന കാരണം ഗ്രാമീണ തൊഴിലവസരങ്ങളിലെ കുറവുമൂലം ഉണ്ടായ വരുമാന കമ്മിയാണ്. കേന്ദ്രത്തില്‍നിന്നുള്ള വരുമാനവും കടമെടുപ്പും പ്രതീക്ഷിച്ചാണ് നിലവിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിനു സാധിച്ചില്ലെങ്കില്‍ പ്ലാന്‍ ബി നടപ്പാക്കും എന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഒരു വിശദാംശങ്ങളും വ്യക്തമാക്കീട്ടില്ല. പ്ലാന്‍ ബി യെ പരിഹസിച്ച് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.
വിദേശ സര്‍വ്വകലാശാലകളുടെ വരവ് സംബന്ധിച്ച് ഇടതു മുന്നണിയില്‍പോലും ചര്‍ച്ച നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം യു.ജി.സി, വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി കൊടുക്കുവാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചപ്പോള്‍ അതിനെതിരെ സി.പി.എം. പോളിറ്റ്ബ്യൂറോ പ്രസ്ഥാവന ഇറക്കിയിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുമെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. സ്വാശ്രയ കോളജ് വിഷയത്തിലും സി.പി.എം. -ന്റെ മലക്കം മറിച്ചില്‍ കേരളം കണ്ടതാണ്. വിദേശ സര്‍വ്വകലാശാലകള്‍ വന്നാല്‍ ഒരു പരിധിവരെ നമ്മുടെ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.