പശ്ചിമഘട്ടത്തില്‍ പുതിയ ഇനം ചിതലുകള്‍ കണ്ടെത്തിയ സംഘത്തില്‍ ക്‌നാനായ ഗവേഷക വിദ്യാര്‍ത്ഥിയും

എഡ്വവിന്‍ ജോസഫ്

കടുത്തുരുത്തി: പശ്ചിമഘട്ടത്തില്‍ നിന്നു പുതിയ ഇനം ചിതലുകളെ കണ്ടെത്തി. കോട്ടയം സി.എം.എസ് കോളജ് ജന്തുശാസ്ത്രം വിഭാഗം അധ്യാപകനും ഗവേഷകനുമായ ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍, ഗവേഷണ വിദ്യാര്‍ത്ഥിയായ എഡ്വിന്‍ ജോസഫും സംഘവുമാണു പശ്ചിമഘട്ട പ്രദേശമായ കോരുത്തോട് ഭാഗത്തു നിന്നു പുതിയ ചിതലുകളെ കണ്ടെത്തിയത്. പ്രോറൈനോ ടെര്‍മസ് കോട്ടയം എന്നാണു പുതിയ ചിതലുകള്‍ക്കു പേരിട്ടിരിക്കുന്നത്.
മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണു ലോകത്ത് ഈ വിഭാഗത്തില്‍ പെട്ട പുതിയ ഇനം ചിതലിനെ കണ്ടെത്തുന്നത്.
ഇവയെപ്പറ്റിയുള്ള പഠനവിവരങ്ങള്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ ഇന്‍സെക്റ്റ് സയന്‍സ് എന്ന രാജ്യാന്തര ശാസ്ത്ര മാഗസിനില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.
റൈനോടെര്‍മറ്റഡേ (ഞവശിീലേൃാശശേറമല)കുടുംബത്തില്‍ പെടുന്ന അത്യപൂര്‍വമായ ഇനമാണു പ്രോറൈനോടെര്‍മസ്. ഈ ഇനത്തില്‍പ്പെട്ട ഇന്ത്യയിലെ രണ്ടാമത്തെ ചിതലാണിവ. കേരളത്തില്‍ നിന്നുള്ള ഈ ഇനത്തിലെ ആദ്യ റിപ്പോര്‍ട്ടാണിത്. പൊങ്ങിക്കിടക്കുന്ന തടികള്‍, തെങ്ങുകള്‍, ചങ്ങാടങ്ങള്‍ എന്നിവയിലൂടെ ജലമാര്‍ഗം ഒരു പ്രദേശത്തു നിന്നു മറ്റൊരിടത്തേക്കു പോകാനുള്ള കഴിവ് ഈ ചിതലുകള്‍ക്കുണ്ട്. ഈ ജനുസ്സിന്റെ പ്രത്യേകതയായ ലവണാംശ സഹിഷ്ണുതയാണ് അതിന് അവയെ സഹായിക്കുന്നത്.
സമീപകാല പഠനങ്ങളില്‍ പശ്ചിമഘട്ടത്തില്‍ പുതിയ ജീവികളെ കണ്ടെത്തുന്നത് ഈ പ്രദേശത്തിന്റെ പ്രാധാന്യം കൂട്ടുന്നു. ഇനിയും കണ്ടുപിടിക്കപ്പെടാത്ത ജീവിവര്‍ഗങ്ങള്‍ ഇവിടെയുണ്ടെന്നതിനുള്ള തെളിവു കൂടിയാണ് ഈ പഠനത്തിലൂടെ ലഭിച്ചത്.
ഈ കണ്ടെത്തല്‍ ഇന്ത്യന്‍ സസ്യ-ജന്തുജാലങ്ങളുടെ വൈവിധ്യം പ്രത്യേകിച്ചു പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം കൂട്ടുന്നു. കേരളത്തിന്റെ പശ്ചിഘട്ട പ്രദേശത്തു നിന്നു കണ്ടെത്തിയ ഈ ജീവിവര്‍ഗത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ പ്രദേശത്തെ വൈവിധ്യം വിശദമായി വിലയിരുത്തുന്നതിനും കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് എഡ്വിന്‍ ജോസഫ് പറയുന്നു. മുന്നൂറിലേറെ ഇനം ചിതലുകള്‍ ഇന്ത്യയിലുണ്ട്.
കടുത്തുരുത്തി ഇടവക പട്ടിയാലയില്‍ പി. യു ജോസഫിന്റെയും ലൗലി തോമസിന്റെയും മകനാണു ഗവേഷണ വിദ്യാര്‍ത്ഥിയായ എഡ്വിന്‍ ജോസഫ്. +2 കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നിന്നു പാസ്സായ എഡ്വിന്‍ ഡിഗ്രി സി.എം.എസ്. കോളജിലും പി.ജിയും എംഫില്ലും ചെന്നൈ ലയോള കോളജിലും പഠിച്ചു. ഇപ്പോള്‍ സി.എം.എസില്‍ പി.എച്ച്.ഡി ചെയ്യുന്നു.

 

Previous Post

പിറവം: പനച്ചിക്കുഴിയില്‍ ലില്ലി ബേബി

Next Post

ക്‌നാനായ സ്റ്റാര്‍സ് ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

Total
0
Share
error: Content is protected !!