സഭൈക്യം: ക്‌നാനായസമുദായത്തിന്റെ പ്രേഷിതദൗത്യം

കോട്ടയം: പൗരസ്ത്യസുറിയാനി സഭയെയും മാര്‍ത്തോമ്മാസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും കത്തോലിക്കാസഭയില്‍നിന്നും അകന്നുപോയ സഭാ കൂട്ടായ്മകളെ സീറോമലങ്കര സഭാരൂപീകരണത്തിലൂടെ കത്തോലിക്കാസഭയിലേക്ക് വിളക്കിച്ചേര്‍ക്കുന്നതിനും നേതൃത്വം നല്കിയത് ക്‌നാനായസമുദായ പൂര്‍വികരാണെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ്മാര്‍ അപ്രേം. കോതനല്ലൂര്‍ തൂവാനീസാ പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ നടന്നുവരുന്ന കോട്ടയംഅതിരൂപതയുടെ നാലാമത് ത്രിദിന അസംബ്ലിയുടെ രണ്ടാംദിവസം സഹായമെത്രാന്‍ മാര്‍ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വി. കുര്‍ബാനയില്‍ വചനസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ സഭൈക്യം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സമുദായം എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വി. പൗലോസ്ശ്ലീഹായുടെ മാനസാന്തരവും സഭൈക്യചിന്തകളും സിനഡാത്മകതയുടെ ഉദാഹരണങ്ങളായി അഭി. പിതാവ് എടുത്തുകാട്ടി. വി. പൗലോസ്ശ്ലീഹായുടെ മാനസാന്തരത്തിരുന്നാളും സഭൈക്യവാരത്തിന്റെ സമാപനദിനവും സംയുക്തമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
അതിരൂപതാഅസംബ്ലിയുടെ രണ്ടാമത് വിഷയാവതരണ യോഗം സി. ഡോ. കരുണ എസ്.വി.എം.ന്റെ അദ്ധ്യക്ഷതയില്‍ നടന്നു. സി. അനിത എസ്.ജെ.സി.യുടെ പ്രാര്‍ത്ഥനയോടെആരംഭിച്ച യോഗത്തില്‍ ഫാ. ഡോ. ജോര്‍ജ് കറുകപ്പറമ്പില്‍ “സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം” എന്ന വിഷയം അവതരിപ്പിച്ചു. ഫാ. ജേക്കബ് മുല്ലൂര്‍, ലിന്‍സി വടശ്ശേരിക്കുന്നേല്‍, തമ്പി എരുമേലിക്കര എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി. വിവിധ സംഘങ്ങളായിതിരിഞ്ഞ് വിഷയബദ്ധമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ഫാ. ഡോ. മാത്യു മണക്കാട്ടിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു.
ഫാ. തോമസ് ആനിമൂട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നാം വിഷയാവതരണ യോഗത്തില്‍ “പ്രേഷിതത്വം: കോട്ടയം അതിരൂപതയ്ക്കുള്ളിലും സഭാത്മകബന്ധത്തിലും” എന്ന വിഷയം ഫാ. ഡോ. തോമസ് പുതിയകുന്നേലും”ക്‌നാനായപ്രേഷിതദൗത്യം: വിദേശകുടിയേറ്റമേഖലകളില്‍” എന്ന വിഷയം ഫാ. തോമസ് മുളവനാലും അവതരിപ്പിച്ചു. ലിബിന്‍ പാറയില്‍, ജയ്‌മോന്‍ നന്ദികാട്ട്, പ്രിന്‍സ് കുളക്കാട്ട്, തോമസ് ബേബി പുല്‍പ്പാറ, സ്റ്റീഫന്‍ പുത്തന്‍പുരയില്‍, ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി.
അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യുമൂലക്കാട്ട് മെത്രാപ്പോലീത്ത, സഹായമെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ്മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഷെവ. ജോയിജോസഫ് കൊടിയന്തറ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, തോമസ് ചാഴികാടന്‍ എം.പി. തുടങ്ങിയവരുള്‍പ്പെടെ വൈദികശ്രേഷ്ഠരും സന്യസ്തരും അല്മായപ്രമുഖരുമടങ്ങുന്ന പ്രതിനിധികളായ 136 പേര്‍ ഈ അസംബ്ലിയില്‍ പങ്കെടുക്കുന്നു. 2024 ഒക്‌ടോബര്‍മാസത്തില്‍ റോമില്‍ നടക്കുന്ന 16-ാമതു മെത്രാന്‍ സിനഡിന്റെ മുന്നോടിയായാണു കോട്ടയംഅതിരൂപതയില്‍ അസംബ്ലി നടത്തുന്നത്. അസംബ്ലി നാളെ (ജനുവരി 26) സമാപിക്കും.

 

Previous Post

ഒരു കൈത്താങ്ങ് -ഭവന നിര്‍മ്മാണ പദ്ധതി

Next Post

ആത്മീയ നേതൃത്വം നല്‍കി കടന്നുപോയ വൈദികരുടെ കബറിടത്തിങ്കല്‍ കൂപ്പുകൈകളുടെ കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ്

Total
0
Share
error: Content is protected !!