മണിപ്പൂരില്‍ സത്വരശാന്തിയുണ്ടാകട്ടെ

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ വംശീയകലാപം തുടങ്ങിയിട്ട്‌ രണ്ടു മാസത്തോടടുക്കുന്നു. പട്ടാളം ക്രമസമാധാനത്തിന്റെ ചുമതല ഏറ്റെടുത്തിട്ടും കലാപ തീ അണയുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ ആളികത്തുന്നതിന്റെ റിപ്പോര്‍ട്ടുകളാണ്‌ പുറത്തു വന്നു കൊണ്ടിരിക്കുന്നത്‌. മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ കേവലം വംശീയ കലാപം മാത്രമല്ലെന്നും അതിന്റെ പിന്നില്‍ മണിപ്പൂരിലെ ക്രൈസ്‌തവരുടെ ഉന്മൂലനാശം ലക്ഷ്യമാക്കിയുള്ള ആസൂത്രിത നീക്കളാണു നടക്കുന്നതെന്നും വാര്‍ത്തകളുണ്ട്‌. ഇതിനോടകം 300 ലധികം ക്രൈസ്‌തവ ദേവാലയങ്ങളും സ്‌കൂളുകളും ഇതര ക്രൈസ്‌തവ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടതിന്റെയും ആക്രമിക്കപ്പെട്ടതിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ അങ്ങനെ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. എന്തായാലും മണിപ്പൂരിലെ ജനത സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വളരാനാവശ്യമായ ക്രിയാത്മക ഇടപെടലുകളും അക്രമസംഭവങ്ങളും ക്രമസമാധാനലംഘനങ്ങളുമൊക്കെ അവസാനിപ്പിക്കാനാവശ്യമായ സത്വര ഇടപെടലുകളുമാകണം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നു ഉണ്ടാകേണ്ടത്‌. ഇന്ത്യയിലെ ഏഴു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ `രത്‌നം’ എന്നറിയപ്പെടുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന പരസ്‌പര വിശ്വാസമില്ലായ്‌മ അതിന്റെ എല്ലാ അതിരുകളും ഭേദിച്ചു പുറത്തുവന്നിരിക്കുകയാണ്‌. വൈവിധ്യം എന്നത്‌ ഭാവി നഷ്‌ടപ്പെട്ട ഒരു ആശയമായി മാറാതിരിക്കാനാവശ്യമായ ജാഗ്രതയും വിവേകപൂര്‍ണ്ണമായ സമീപനവുമാണ്‌ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും ഉണ്ടാകേണ്ടത്‌. ഇതിനോടകം നൂറ്റി മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. കുഞ്ഞുങ്ങളടക്കം അന്‍പതിനായിരം പേരെങ്കിലും വീടുവിട്ടു ദുരിതാശ്വാസ ക്യാമ്പുകളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും പലായനം ചെയ്‌തിട്ടുണ്ട്‌. കലാപത്തിനിടെ ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും പ്രത്യേകം ഉന്നം വയ്‌ക്കപ്പെടുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നു.
1972 ല്‍ സംസ്ഥാനമായ മണിപ്പൂര്‍ 1980 മുതല്‍ ഇരുപതു വര്‍ഷത്തിലേറെ പ്രശ്‌ന ബാധിത മേഖലയായിരുന്നു. മണിപ്പൂരില്‍ മാത്രം 39 വംശീയവിഭാഗങ്ങള്‍ ഉണ്ട്‌. ഓരോ വിഭാഗവും തങ്ങളുടെ തനിമ സംരക്ഷിക്കുന്നതിനും വെല്ലുവിളികള്‍ നേരിടുന്നതിനും തങ്ങളുടേതായ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്‌. ഇന്ത്യയുടെ മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഏറെക്കുറെ സമാനമായ സാഹചര്യങ്ങള്‍ ഉണ്ട്‌. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ ഏറെ ജാഗ്രതയോടെയുള്ള സമീപനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്‌. അതേസമയം മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിവിധ വംശീയ മതവിഭാഗങ്ങളെ തങ്ങളുടെ താല്‌പര്യസംരക്ഷണത്തിനായി ഉപയോഗിച്ചതിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും പറയപ്പെടുന്നു. മണിപ്പൂരിലെ പ്രബലമായ മെയ്‌ത്തി വിഭാഗത്തില്‍പ്പെട്ടവരും ഗോത്ര വിഭാഗക്കാരായ കുക്കികളും തമ്മിലാണ്‌ സംഘര്‍ഷം പ്രധാനമായും നടക്കുന്നത്‌. ഇരു വിഭാഗക്കാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കു ദശാബ്‌ദങ്ങളുടെ ചരിത്രമുണ്ടെങ്കിലും പട്ടിക വര്‍ഗ പദവി വേണമെന്ന മെയ്‌ത്തി വിഭാഗത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന്‌ അംഗീകാരം നല്‌കികൊണ്ട്‌, മണിപ്പൂര്‍ ഹൈക്കോടതി ഏപ്രില്‍ 19 -നു പുറപ്പെടുവിച്ച ഉത്തരവാണ്‌ സംഘര്‍ഷത്തിനു കാരണമായ പെട്ടെന്നുള്ള പ്രകോപനം. മണിപ്പൂരിലെ 33 ഗോത്രസംഘടനകളെ പ്രതിനിധാനം ചെയ്യുന്ന `ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌ യൂണിയന്‍ ഓഫ്‌ മണിപ്പൂര്‍’ കോടതി ഉത്തരവിനെതിരെ മെയ്‌ മൂന്ന്‌ ഐക്യദാര്‍ഢ്യ മാര്‍ച്ച്‌ സംഘടിപ്പിച്ചു. ഇതിനിടെ ചില ഭാഗങ്ങളില്‍ മെയ്‌ത്തി തീവ്രവാദസംഘടനകള്‍ കുക്കികള്‍ക്കുനേരെ അക്രമം അഴിച്ചു വിടുന്നതായി വാര്‍ത്ത പരക്കുകയും ഐക്യദാര്‍ഢ്യ മാര്‍ച്ച്‌ അക്രമാസക്തമാവുകയും ചെയ്‌തു. ഇംഫാല്‍ താഴ്‌വരയും ചുറ്റുമുള്ള മലനിരകളുമടങ്ങിയതാണ്‌ മണിപ്പൂരിന്റെ ഭൂപ്രകൃതി. സംസ്ഥാനത്തിന്റെ പത്തു ശതമാനം മാത്രമാണ്‌ താഴ്‌വരയെങ്കിലും മൊത്തം ജനസംഖ്യയില്‍ 65 ശതമാനമുള്ള മെയ്‌ത്തികള്‍ അവിടെ താമസിക്കുന്നു. ബാക്കി 90 ശതമാനം വരുന്ന മലപ്രദേശങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ സംസ്ഥാന ജനസംഖ്യയുടെ 35 ശതമാനം വരും. മെയ്‌ത്തികള്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്‌. കുക്കികളും മറ്റു വിഭാഗങ്ങളില്‍ പെട്ടവരും മുഖ്യമായും ക്രിസ്‌ത്യാനികളാണ്‌. ഭൂപ്രദേശത്തിന്റെ 90 ശതമാനമുള്ള മലനിരകളില്‍നിന്നു മണിപ്പൂര്‍ നിയമസഭയില്‍ 20 അംഗങ്ങളും 10 ശതമാനം വരുന്ന താഴ്‌വരയില്‍ നിന്നു 40 ജനപ്രതിനിധികളുമുണ്ട്‌. താഴ്‌വരയിലുള്ളവര്‍ക്കു മലനിരകളില്‍ ഭൂമി വാങ്ങുന്നതിനു വിലക്കുണ്ട്‌. മെയ്‌ത്തി വിഭാഗത്തിനു പട്ടികവര്‍ഗ്ഗ പദവി ലഭിക്കുന്നതോടെ അതിനുള്ള വിലക്കു തീരും ഇതാണ്‌ കുക്കികളുടെ ആശങ്കയുടെ മുഖ്യ കാരണം. അതോടൊപ്പം സര്‍ക്കാര്‍ ജോലികളില്‍ തങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നും അവര്‍ ഭയപ്പെടുന്നു. മലനിരകളില്‍ വികസനത്തിന്റെ തോത്‌ കുറവുമാണ്‌. എന്നാല്‍ കുക്കികള്‍ മ്യാന്‍മറില്‍ നിന്നു കുടിയേറിവന്ന `അന്യരാ’ണെന്നാണു മെയ്‌ത്തി വിഭാഗക്കാരുടെ പ്രധാന ആരോപണം. അവര്‍ വനഭൂമി കൈയ്യേറി കറുപ്പു കൃഷി നടത്തുകയാണെന്നവര്‍ കുറ്റപ്പെടുത്തുന്നു. ഈ ആരോപണങ്ങളെ ഒരു വിധത്തില്‍ ശരിവയ്‌ക്കുന്ന തരത്തില്‍, സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം മലനിരകളില്‍ നിന്നുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും കറുപ്പു കൃഷി നശിപ്പിക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു. ഇക്കാര്യത്തിലെ ശരി തെറ്റുകള്‍ എന്തുമാകട്ടെ മണിപ്പൂരില്‍ ഒന്നാമതായി ഉണ്ടാകേണ്ടത്‌ സമാധാന അന്തരീക്ഷമാണ്‌. രാജ്യത്തെ പൗരന്മാര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ നിലയും വിലയും ലഭിക്കുകയും രാഷ്‌ട്ര നിര്‍ മ്മാണ ചുമതലകളും അവകാശങ്ങളും ഏറ്റെടുത്തും അനുഭവിച്ചും അഭിമാനബോധത്തോടെ ജീവിക്കാനുമാവശ്യമായ സാഹചര്യവും സംജാതമാക്കണം. രാജ്യ താല്‌പര്യവും മുന്നില്‍ കണ്ട്‌ പൗരജനങ്ങളുടെ സമാധാന ജീവിതത്തിനുവേണ്ടി അക്രമവും അരാജകത്വവും അവസാനിപ്പിക്കുവാന്‍ നിഷ്‌പക്ഷതയോടും ആര്‍ജ്ജവത്തോടും കൂടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ താമസിച്ചു കൂടാ.

Previous Post

കാരിത്താസില്‍ ഡോക്ടേഴ്സ് ഡേ ആഘോഷം

Next Post

കോട്ടയം അതിരൂപതയിലെ വൈദികരുടെ തുടര്‍ പരിശീലനം രണ്ടാം ബാച്ചിന് തുടക്കമായി

Total
0
Share
error: Content is protected !!