ചെപ്പേടുകളെക്കുറിച്ച് ബി.സി.എം. കോളേജില്‍ അന്തര്‍ദേശീയ പഠന സെമിനാര്‍ നടത്തി

കോട്ടയം: അന്താരാഷ്ട്ര വ്യാപാരവര്‍ദ്ധനവിനായി കേരളഭരണകര്‍ത്താക്കള്‍ വൈദേശികവ്യാപാരി സംഘങ്ങളുടെ നേതാക്കളായ ക്‌നായിത്തൊമ്മന്‍, മരുവാന്‍ സപരീശോ, ഇസുപ്പു റബ്ബാന്‍, ഇരവികൊര്‍ത്തന്‍ എന്നിവര്‍ക്ക് പ്രാചീനകാലങ്ങളില്‍ നല്കിയിട്ടുള്ള നാലു ചെപ്പേടുകളെക്കുറിച്ച് ബി.സി.എം. കോളേജില്‍ അന്തര്‍ദേശീയ പഠന സെമിനാര്‍ നടത്തി. ഭാരതത്തിലെ പ്രശസ്ത സുറിയാനി പഠനകേന്ദ്രമായ കോട്ടയം സീറി സംഘടിപ്പിച്ച ലോക സുറിയാനി സംഗമത്തോടനുബന്ധിച്ചാണ് ദുഖ്‌റാന ഓഫ് റവ. ഡോ. ജേക്കബ് വെള്ളിയാന്‍ ആന്‍ഡ് റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്ന പേരില്‍ സെമിനാര്‍ നടത്തിയത്.


കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സമാപനസമ്മേളനത്തില്‍ പ്രതിനിധികളുമായി സംവദിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സന്നിഹിതനായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റിഫി തോമസ്, ജെറ്റ് ട്രസ്റ്റി ഡോ. മാത്യു മണക്കാട്ട്, ജെറ്റ് ട്രസ്റ്റി ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍, കോട്ടയം അതിരൂപതാ കോളേജുകാര്യ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഫില്‍മോന്‍ കളത്ത്ര, തുളശ്ശേരി മണപ്പുറത്ത് തറവാട് ചാരിറ്റബിള്‍ സൊസൈറ്റി പേട്രണ്‍ പ്രൊഫ. ബാബു സക്കറിയ, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അന്നു തോമസ്, ആന്‍സി സിറിയക്, ആന്‍ മരിയ ബിനോയി, വരുണ്‍ ജോളി, ഗംഗ ജയന്‍, സ്‌കൊളാസ്റ്റിക ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
സീറി ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കക്കേപ്പറമ്പിലിന് കോപ്പി നല്കിക്കൊണ്ട് തുളശ്ശേരി മണപ്പുറത്ത് തറവാട് ചാരിറ്റബിള്‍ സൊസൈറ്റി പേട്രണ്‍ പ്രൊഫ. ബാബു സക്കറിയ പ്രബന്ധസംഗ്രഹം പ്രകാശനം നിര്‍വഹിച്ചു. കേരളത്തില്‍ സുറിയാനി ഭാഷയുടെയും സംസ്‌കാരത്തിന്റെയും പഠനത്തിന് സവിശേഷസംഭാവന നല്കിയ റവ. ഡോ. ജേക്കബ് തെക്കക്കേപ്പറമ്പിലിന് പുരസ്‌കാരം നല്കി ആദരിച്ചു. ബഹു. വെള്ളിയാനച്ചന്റെയും ബഹു. കൊല്ലാപറമ്പിലച്ചന്റെയും പുസ്തകങ്ങളുടെയും പുരാതനപ്പാട്ടുകളുടെ താളിയോലഗ്രന്ഥങ്ങളുടെയും പ്രദര്‍ശനം മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. എം.ജി. ബാബുജി ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ സുറിയാനിഭാഷയില്‍ നടത്തിയ ഭക്തിനിര്‍ഭരമായ സായാഹ്നപ്രാര്‍ത്ഥനയും ക്‌നാനായ വിവാഹാചാരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ദൃശ്യാവിഷ്‌കാരവും വൈദികരുടെ സുറിയാനി ഗീതാലാപനവും പൈതൃകഭോജനവും ശ്രദ്ധയാകര്‍ഷിച്ചു.
ഡോ. ജേക്കബ് വെള്ളിയാന്‍, ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിവര്‍ സുറിയാനി സംസ്‌കാരത്തിന് നല്കിയ സംഭാവനകള്‍, കേരളത്തിന്റെ പൂര്‍വ മധ്യകാല സമുദ്രാന്തര വാണിജ്യബന്ധങ്ങളില്‍ ചെപ്പേടുകളുടെ പങ്ക്, ക്രിസ്തീയ ചെപ്പേടുകളുടെ ദ്വിതീയ ആകരങ്ങള്‍, തരിസാപ്പള്ളി ചെപ്പേടില്‍നിന്ന് ലഭ്യമാകുന്ന ക്‌നായിത്തൊമ്മന്‍ ചെപ്പേട്, പൗരസ്ത്യസുറിയാനി പാരമ്പര്യം പേറുന്ന ക്‌നാനായ സമുദായം കേരളസമൂഹത്തിന് നല്കിയ സംഭാവനകള്‍, പോര്‍ച്ചുഗീസുകാരുടെയും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയും ചിത്രകലാമേളനം: കോട്ടയം ചെറിയപള്ളിയിലെ ചുവര്‍ചിത്രങ്ങളെ ആധാരമാക്കിയുള്ള പഠനം, കേരളത്തിലെ പാശ്ചാത്യ സുറിയാനി ആരാധനക്രമ പാരമ്പര്യത്തിന്റെ വ്യാപനം: മലയാളരേഖകള്‍ ആധാരമാക്കിയുള്ള പഠനം എന്നീ 7 പ്രബന്ധങ്ങള്‍ ഡോ. മാത്യു കൊച്ചാദംപള്ളില്‍, ഡോ. ടിന്റു കെ.ജെ., ഡോ. ഇസ്ത്‌വാന്‍ പെര്‍ക്‌സെല്‍, ഫാ. ബൈജു മാത്യു മുകളേല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡോ. അലക്‌സാണ്‌റ് വറേല, ഡോ. മേലേടത്ത് കുര്യന്‍ തോമസ് എന്നിവര്‍ അവതരിപ്പിച്ചു. രണ്ടു സെഷനുകളിലായി നടത്തിയ സെമിനാറിന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രൊഫസര്‍ ഡോ. ജോയി തോമസ്, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസ് പ്രൊഫസര്‍ ഡോ. എം. എച്ച്. ഇലിയാസ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. യു.എസ്.എ., ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യു.കെ., ജര്‍മനി, ഇറ്റലി, പോളണ്ട്, സ്വീഡന്‍, ഹംഗറി, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നായി മുപ്പത് പേരുള്‍പ്പെടെ നൂറിലധികം പണ്ഡിതര്‍ സംബന്ധിച്ചു.


ബി.സി.എം. കോളേജിലെ രംഗകലാപഠനകേന്ദ്രമായ ഡോ. ജേക്കബ് വെള്ളിയാന്‍ ചെയര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സിന്റെയും മലയാളവിഭാഗത്തിന്റെയും ആഭിമുഖ്യത്തിലും ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എജുക്കേഷനല്‍ ട്രസ്റ്റ്, തുളശ്ശേരി മണപ്പുറത്ത് തറവാട് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയുമാണ് സെപ്റ്റംബര്‍ 14-ാം തീയതി സെമിനാര്‍ നടത്തിയത്. പ്രാചീന ചെപ്പേടുകളെക്കുറിച്ചും അവ സ്വീകരിച്ച സമൂഹങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളെക്കുറിച്ചും ഡോ. ജേക്കബ് വെള്ളിയാനും ഡോ. ജേക്കബ് കൊല്ലാപറമ്പിലും നടത്തിയിട്ടുള്ള ഗവേഷണപഠനങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയും സുറിയാനി ഭാഷയ്ക്കും സംസ്‌കാരത്തിനും അവരിരുവരും നല്കിയിരിക്കുന്ന സംഭാവനകളുടെ അനുസ്മരണാര്‍ത്ഥവുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ക്‌നാനായോളജി ഫൗണ്ടേഷന്‍ സെമിനാറിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സറായിരുന്നു.

Previous Post

മോനിപ്പള്ളി: ഇലവുംകുഴുപ്പില്‍ എ.എം സ്റ്റീഫന്‍

Next Post

കുറുമുള്ളൂര്‍ (കല്ലമ്പാറ) : പാടികുന്നേലായ മനപ്പറമ്പില്‍ പി.സി. കുര്യാക്കോസ്‌

Total
0
Share
error: Content is protected !!