അതിരൂപത അസംബ്ലി റിസോഴ്‌സ് ടീം പരിശീലനം

2023 ജനുവരി 24, 25, 26 തീയതികളില്‍ കോട്ടയം അതിരൂപതയില്‍ നടത്തുന്ന നാലാമത് അതിരൂപത അസംബ്ലിയോടനുബന്ധിച്ച് പ്രകാശനം ചെയ്ത പ്രാരംഭരേഖ വിശദമായി പഠിപ്പിക്കുന്നതിന് സെപ്റ്റംബര്‍ 3-ന് 51 പേരടങ്ങുന്ന ഒരു റിസോഴ്‌സ് ടീമിനു പരിശീലനം നല്കി. പരിശീലനകളരി അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
അതിരൂപതയുടെ വളര്‍ച്ചയുടെ പാതയില്‍ അതിരൂപത അസംബ്ലിയുടെ ആവശ്യകതയും പ്രാധാന്യം എടുത്തുപറഞ്ഞ അതിരൂപതാധ്യക്ഷന്‍ 2023-ലെ അസംബ്ലിയുടെ പ്രത്യേകത എടുത്തുപറയുകയുണ്ടായി. 2023 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ ”ഒരു സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം” എന്ന ആപ്തവാക്യം ചുവടുപിടിച്ചാണ് അതിരൂപതയിലും അസംബ്ലി നടത്തുന്നത്. ‘സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം’ എന്നതാണു അതിരൂപതാ അസംബ്ലിയുടെ ആപ്തവാക്യം. ഈ വിഷയത്തിന്റെ നാനാവശങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ഒരു ആപ്തവാക്യം തെരഞ്ഞെടുത്തതിന്റെ ആവശ്യകതയും സാംഗത്വവും അഭി. പിതാവ് വിശദമായി പങ്കുവച്ചു. സിനഡാത്മകത-ഒരുമിച്ചുള്ള സഞ്ചാരം സഭയുടെ അസ്തിത്വസ്വഭാവമാണ്. അതിരൂപതയിലെ ക്‌നാനായ കത്തോലിക്കരായ നാം ഒരുമിച്ച് ഒരു ജനമായി അതിരൂപതയിലെ എല്ലാ സംവിധാനങ്ങളിലും പങ്കുചേര്‍ന്ന് പ്രേഷിത ദൗത്യം ഏറ്റെടുത്ത് നിത്യതയിലേക്ക് യാത്ര ചെയ്യുന്നവരാകണം. അതിനായിട്ടാണ് ഈ വിഷയം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അഭി. പിതാവ് ഓര്‍മ്മിപ്പിച്ചു. ഈ വിഷയം നമ്മുടെ അതിരൂപതയില്‍ ഇന്നു കൂടുതല്‍ പ്രസക്തമാണെന്നു പറഞ്ഞ അഭി. പിതാവ് ഈ വിഷയം പഠിച്ചു പഠിപ്പിക്കാന്‍ തയ്യാറായിവന്നവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും അനുഗ്രഹങ്ങള്‍ നേരുകയും ചെയ്തു.
അതിരൂപത അസംബ്ലിയുടെ ചുമതലക്കാരനായ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയാണ് പഠന ശിബിരം നയിച്ചത്. സിനഡാത്മകതയുടെ അര്‍ത്ഥവ്യാപ്തിയും ലക്ഷ്യവും വിശദീകരിച്ചുകൊണ്ട് അസംബ്ലിക്കുള്ള പ്രാരംഭ രേഖ പിതാവ് പരിചയപ്പെടുത്തി. അതിരൂപതയില്‍ അസംബ്ലികള്‍ നടക്കേണ്ടതിന്റെ ആവശ്യകത, 4-ാം അസംബ്ലിയുടെ പ്രത്യേകത, ഈ പ്രത്യേക വിഷയം ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവയും പിതാവ് വിശദീകരിച്ചു.
വിവിധ ഇടവകകളിലും സംഘടനകളിലും വികാരി അച്ചന്മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് കൂടാരയോഗങ്ങളിലും ”സിനഡാത്മകത’ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകരും, മറ്റു നിലകളില്‍ പ്രാവിണ്യമുള്ളവരുമായ അഭ്യസ്തവിദ്യരായ ഒരു സംഘത്തെ തെരഞ്ഞെടുത്തത്. ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍ സിനഡാത്മകതയും, പ്രാരംഭരേഖയും പരിചയപ്പെടുത്തി ക്ലാസെടുക്കുകയുണ്ടായി. തുടര്‍ന്ന്, പങ്കെടുത്തവര്‍ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രാരംഭ രേഖ സ്വന്തമായി പഠനം നടത്തി. അതിനുശേഷം വന്നുചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഈ വിഷയത്തെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും അവതരിപ്പിച്ച്, ഇടവകകളില്‍ ക്ലാസുകള്‍ എടുക്കേണ്ടിവരുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യങ്ങള്‍ക്ക് എപ്രകാരം മറുപടി നല്കണം എന്നതും പൊതുവായി ചര്‍ച്ച ചെയ്തു. എല്ലാ ചോദ്യങ്ങള്‍ക്കും അഭി. പണ്ടാരശ്ശേരില്‍ പിതാവ് വ്യക്തമായ മറുപടി നല്കി. അതോടൊപ്പം അതിരൂപത നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങളും പ്രതിസന്ധികളും പിതാവ് പങ്കുവയ്ക്കുകയും അതിരൂപത അതിനായി കൈക്കൊള്ളുന്ന തുടര്‍നടപടികളും പിതാവ് വ്യക്തമാക്കി.
ഫലപ്രദമായ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം പ്രൊഫ. ടോറ ജോസഫ് അഭി. മെത്രാപ്പോലിത്തായ്ക്കു വ്യക്തിപരമായും അഡ്വക്കേറ്റ് നവ്യ പഴൂമ്യാലില്‍ (നീറിക്കാട്) പൊതുവായും നന്ദി പറഞ്ഞ് പഠനശിബിരം അവസാനിപ്പിച്ചു.
ഈ പരിശീലനത്തില്‍ പങ്കെടുത്ത റിസോഴ്‌സ് ടീമിലെ എല്ലാവരുടെയും പേരും മേല്‍വിലാസവും എല്ലാ ഇടവകകളിലും അറിയിക്കുന്നതാണ്. ഇടവകകളില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

 

Previous Post

കോട്ടയം: കുടകശ്ശേരില്‍ കുര്യന്‍ അബ്രാഹം

Next Post

മാര്‍ ജേക്കബ് അങ്ങാടിയത്തിന് ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനയുടെ നന്ദി പ്രകാശനം

Total
0
Share
error: Content is protected !!