About Us

കോട്ടയം അതിരൂപതയുടെ മുഖപത്രം

കോട്ടയം അതിരൂപതയെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന ജിഹ്വ-അപ്‌നാദേശ്‌. പേര്‌ സൂചിപ്പിക്കുന്നതുപോലെ ദേശീയവികാരം കത്തിജ്വലിച്ചു നിന്ന ഒരു കാലത്തായിരുന്നു ഇതിന്റെ തുടക്കം. 1950ല്‍. പക്ഷേ, അപ്‌നാദേശിന്റെ പൂര്‍വരൂപത്തിന്‌ മൂന്ന്‌ പതിറ്റാണ്ടുകളുടെകൂടെ പഴക്കമുണ്ട്‌.
ക്രാന്തദര്‍ശിയും കോട്ടയം രൂപതാ ബിഷപ്പുമായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ ഒരു വര്‍ത്തമാന പത്രത്തിന്റെ സാധ്യത ഏറെ മുന്നില്‍ കണ്ടിരുന്നു. പത്രങ്ങള്‍ പോലും പരിമിതമായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ പത്രത്തിനുള്ള സ്വാധീനം അതിവിപുലമാണെന്ന്‌ അദ്ദേഹം മനസിലാക്കി.
1920-ല്‍ കോട്ടയത്തുള്ള കാത്തലിക്‌ മിഷന്‍ പ്രസില്‍ നിന്നും റവ.ഡോ.ജോസഫ്‌ ചക്കുങ്കല്‍ എഡിറ്ററായി `കോട്ടയം മാസിക’ എന്ന പേരില്‍ ഒരു മാസിക ഇറങ്ങിയിരുന്നു. ചൂളപ്പറമ്പില്‍ പിതാവിന്റെയും ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ഏതാനും സമുദായസ്‌നേഹികളുടെയും ശ്രമഫലമായി മാസികയെ ഒരു വാരികയാക്കി രൂപാന്തരപ്പെടുത്തി. അക്കാലത്ത്‌ പത്രത്തിന്റെയും, പ്രസിന്റെയും ഉത്തരവാദിത്വം ഏറെറെടുത്തു നടത്തിയിരുന്നത്‌ പുരാതനപ്പാട്ടുകള്‍ ആദ്യമായി പുസ്‌തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ പി.യു.ലൂക്കാസ്‌ പുത്തന്‍പുരയ്‌ക്കല്‍ ആണ്‌. 1922 ഓഗസ്റ്റ്‌ ഒന്നിന്‌ ഒരു സമ്പൂര്‍ണ വാര്‍ത്താപത്രികയായി ഇതിനെ ഉടച്ചുവാര്‍ത്തു. പേരിലും മാറ്റം വന്നു – `കോട്ടയം പത്രിക. ഇന്നത്തെ വര്‍ത്തമാന ദിനപത്രത്തിന്റെ വലിപ്പത്തില്‍ ആറു പേജുകളോടുകൂടി എല്ലാ ബുധനാഴ്‌ചയും ഇത്‌ പുറത്തിറങ്ങി.
വിദേശ-സ്വദേശ വാര്‍ത്തകള്‍, ഇന്നത്തെ തപാല്‍, വര്‍ത്തമാനക്കത്ത്‌, ചതുരംഗം, ലേഖനങ്ങള്‍, കഥ, കവിത തുടങ്ങിയ വിഭവങ്ങളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. ജോസഫ്‌ മാളിയേക്കല്‍ പത്രാധിപരായിരുന്ന കാലത്ത്‌ `കോട്ടയം പത്രിക’ കേരളത്തിലെ പത്രങ്ങളില്‍ പ്രമുഖ സ്ഥാനം നേടി. 1927 ജനുവരി 29 മുതല്‍ നാലു പേജോടെ എല്ലാ ബുധനാഴ്‌ചകളിലും ശനിയാഴ്‌ചകളിലും പത്രിക വായനക്കാരെ തേടിച്ചെന്നു.
രാജവാഴ്‌ചയ്‌ക്കും ജനദ്രോഹിയായ ദിവാനുമെതിരെ പത്രിക ശക്തിയോടെ ഗര്‍ജിച്ചിരുന്നു. 1935 സെപ്‌റ്റംബര്‍18-ന്‌ പുറത്തിറങ്ങിയ പത്രത്തിലും വിമര്‍ശനത്തിന്റെ അഗ്നി പരത്തിയ ഒരു വാര്‍ത്തയുണ്ടായിരുന്നു. `മതം മാറുന്നതില്‍ ആക്ഷേപം’ എന്നതായിരുന്നു ഇതിന്റെ തലക്കെട്ട്‌. പത്രത്തിന്റെ ലൈസന്‍സ്‌ റദ്ദാക്കിക്കൊണ്ടാണ്‌ അധികാരികള്‍ ഇതിനെതിരെ പ്രതികരിച്ചത്‌. `ഇതാ ഒരു മഹാസന്തോഷ വാര്‍ത്ത നിങ്ങളെ ഞാനറിയിക്കുന്നു’ എന്ന സ്ലഗ്ഗോടെ പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം പത്രിക ഇതോടെ ഓര്‍മകളിലേയ്‌ക്ക്‌ മടങ്ങി.
കാത്തലിക്‌ മിഷന്‍ പ്രസില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ഇടയ്‌ക്ക്‌ മുടങ്ങുകയും ചെയ്‌ത ചേരമര്‍ ക്രിസ്‌ത്യന്‍ മഹാസഭയുടെ `ചേരമര്‍ ദൂതന്‍’ എന്ന പത്രത്തിലൂടെ ഒരു ഫീനിക്‌സ്‌ പക്ഷിയെപ്പോലെ കോട്ടയം പത്രിക പുനര്‍ജനിച്ചു. 1937-വരെ ഇത്തരുണത്തില്‍ പ്രസിദ്ധീകരണം തുടര്‍ന്നു.
മാറ്റത്തിന്റെ ചിറകടി ഏറെയുണ്ടായ ദശകമാണ്‌ പിന്നീട്‌ കടന്നുവന്നത്‌. സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേയ്‌ക്ക്‌ ഭാരതം കടന്നു. അക്കാലത്ത്‌ പത്രങ്ങള്‍ നിരവധിയുണ്ടായിരുന്നെങ്കിലും ജനാധിപത്യാദര്‍ശങ്ങളും അന്നത്തെ രാഷ്‌ട്രീയനിലയും തമ്മിലുള്ള അന്തരം ജനങ്ങളെ ഖിന്നരാക്കിയിരുന്നു. പൗരബോധം ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ട്‌ മാര്‍ തോമസ്‌ തറയിലിന്റെ താല്‍പര്യപ്രകാരമാണ്‌ ഇപ്പോഴത്തെ രൂപത്തിലുള്ള `അപ്‌നാദേശ്‌’ സമാരംഭിച്ചത്‌. 1950 നവംബര്‍ ഒന്നിനായിരുന്നു പുതിയ വാരികയുടെ തുടക്കം.
സ്വാതന്ത്ര്യാനന്തരം രാജ്യത്താകെ ആഞ്ഞുവീശിയ ദേശീയ വികാരം ഉള്‍ക്കൊണ്ടാണ്‌ അന്നത്തെ സാരഥികള്‍ `അപ്‌നാദേശ്‌’ എന്നു നാമകരണം ചെയ്‌തത്‌. ഭീരുത്വത്തിനും സേവയ്‌ക്കും വീരാരാധനയ്‌ക്കും പക്ഷപാതത്തിനും സ്ഥാനംകൊടുക്കാത്ത ഒരു മാധ്യമമാണ്‌ അപ്‌നാദേശിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ ലക്ഷ്യമിട്ടത്‌. `ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്ന ആദര്‍ശ മുദ്രാവാക്യം തന്നെ പത്രത്തിന്റെ വിശാല മനോഭാവം വ്യക്തമാക്കുന്നു.
സാമൂഹ്യവ്യവസ്ഥയെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ മുഖംനോക്കാതെ അപ്‌നാദേശ്‌ തൂലിക ചലിപ്പിച്ചു. പനമ്പിള്ളിയുടെ തെറ്റായ വിദ്യാഭ്യാസ നയവും സ്വകാര്യ കോളജ്‌ മാനേജുമെന്റുകള്‍ക്ക്‌ മൂക്കുകയറിടാനുള്ള ശ്രമവും ശക്തമായി എതിര്‍ക്കാന്‍ അപ്‌നാദേശ്‌ മുന്‍നിരയിലുണ്ടായിരുന്നു. മദ്യം, മയക്കുമരുന്ന്‌, ബന്ദ്‌, രാഷ്‌ട്രീയ കൊലപാതകം, ആഡംബരം, ധൂര്‍ത്ത്‌, പുകവലി, വര്‍ഗീയ തിന്മകള്‍ എന്നിവയ്‌ക്കെതിരെ ഈ ജിഹ്വ എന്നും പ്രതികരിച്ചുകൊണ്ടിരിക്കുന്നു.
ദിനപത്രങ്ങള്‍ വ്യാപകമായതോടെ രാഷ്‌ട്രീയ-സാമൂഹ്യ വിഷയങ്ങളെ പാടെ അവഗണിക്കാതെ സാമുദായിക വാര്‍ത്തകള്‍ക്ക്‌ പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരണ രംഗത്ത്‌ ചുവടുറപ്പിച്ചു. ഫാ.ജോസ്‌ ചാഴികാട്ട്‌, ഫാ.മാത്യു മണക്കാട്ട്‌, ഫാ.തോമസ്‌ ആദോപ്പിള്ളി, ഫാ.ഫിലിപ്പ്‌ പന്നിവേലില്‍, ഫാ.ജോസ്‌ പൂത്തൃക്കയില്‍, ഫാ.മാത്യു കുഴിപ്പിള്ളില്‍, ഫാ.ലൂക്ക്‌ പൂത്തൃക്കയില്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ ചീഫ്‌ എഡിറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ഫാ.ഏബ്രഹാം പറമ്പേട്ടാണ്‌ ഇപ്പോഴത്തെ ചീഫ്‌ എഡിറ്റര്‍.
1974-ല്‍ ദൈ്വവാരികയായി രൂപാന്തരപ്പെട്ട അപ്‌നാദേശ്‌, 1980-ല്‍ ഓട്ടോമാറ്റിക്‌ സിലിണ്ടര്‍ പ്രസും, 1999-ല്‍ ഓഫ്‌സെറ്റ്‌ സംവിധാനവും സ്വായത്തമാക്കി. കമ്പ്യൂട്ടര്‍ പേജിനേഷനും മള്‍ട്ടി കളറും അപ്‌നാദേശിന്റെ മുഖച്ഛായ മാറ്റാന്‍ സഹായിച്ചിട്ടുണ്ട്‌. ടാബ്ലോയ്‌ഡ്‌ സൈസില്‍ 24 പേജുള്ള അപ്‌നാദേശ്‌ ഒന്നിടവിട്ട ഞായറാഴ്‌ചകളില്‍ പുറത്തുവരുന്നു.
അഞ്ചു ഭൂഖണ്‌ഡങ്ങളിലേയ്‌ക്കും തപാലില്‍ എത്തുന്ന കത്തോലിക്ക പ്രസിദ്ധീകരണമെന്ന ഖ്യാതി അപ്‌നാദേശിന്‌ സ്വന്തം. കോട്ടയം അതിരൂപതയുടെ ഓരോ ഉള്‍ത്തുടിപ്പുകളും ഇതില്‍ പ്രതിഫലിക്കുന്നു. അതുകൊണ്ട്‌ തന്നെ അപ്‌നാദേശ്‌ ഇല്ലാത്ത ക്‌നാനായ കുടുംബങ്ങള്‍ വിരളമാണ്‌. സാഹിത്യ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ തൂലിക അപ്‌നാദേശിന്റെ താളുകളെ സമ്പന്നമാക്കുന്നു.

Editorial Board
Editorial

192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4