ന്യുവാര്‍ക്ക്: യു.കെ.കെ.സി.എയുടെ ദശാബ്‌ദി കണ്‍വന്‍ഷന് ആഗോള ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ ആദരണീയനായ കൊച്ചുപിതാവ് മാര്‍ ജോസഫ് പണ്ടാരശേരില്‍ ആവേശത്തിന്റെ അലകടലായി മാറിയ ആയിരക്കണക്കിനു സമുദായ സ്‌നേഹികളുടെ വികാര വായ്‌പുകളില്‍നിന്നും പകര്‍ന്നു നല്‌കിയ അഗ്നിയുടെ നാളങ്ങള്‍ ഏറ്റുവാങ്ങി പുതിയൊരു പതിറ്റാണ്ടിന്റെ ഭാവുകങ്ങളുമായി മാര്‍ത്തോമാകുരിശിന്റെ പാര്‍ശ്വങ്ങളില്‍ തിരികള്‍ തെളിച്ചപ്പോള്‍ അനേകായിരം കണ്‌ഠങ്ങളില്‍നിന്നു നടവിളികളുയര്‍ന്നു. ഉയര്‍ന്ന് ചിന്തകള്‍ കൊണ്ടാണ് സമൂഹത്തില്‍ ശ്രദ്ധ നേടേണ്ടതെന്ന് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. എണ്ണം നോക്കിയല്ല ഒരു സമൂഹത്തെ വിലയിരുത്തേണ്ടത്. പൊതുസമൂഹത്തിന് അവര്‍ നല്‍കുന്ന നന്മകളാണ് ശ്രദ്ധേയമാകുന്നത്. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്. ഉന്നത വിദ്യഭ്യാസം ക്‌നാനായ സമൂഹത്തിലെ ആര്‍ക്കും അന്യമാകുന്നില്ല എന്ന് ഉറപ്പു വരുത്തുന്ന് വലിയ ദൗത്യമാണ്. ശതാബ്ദിയിലൂടെ ഇതിനു വേണ്ട വലിയ തുടക്കമിടുകയാണ്. യുവാക്കളെ ദിശാബോധമുള്ളവരായി വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു.
യു.കെ.സി.എ പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ സ്റ്റെബി ചെറിയാക്കല്‍ സ്വാഗതം ആശംസിച്ചു. പൊതു സമ്മേളനത്തിനുമുന്നോടിയായി അരങ്ങേറിയ സ്വാഗത നൃത്തശില്‍പം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ആയിരക്കണക്കിന് ക്‌നാനായ മക്കള്‍ ഹര്‍ഷാരവത്തോടെയാണ് ഈ നൃത്തശില്‍പത്തെ അഭിനന്ദിച്ചത്. ദശാബ്‌ദി ആഘോഷങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ട് ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എല്‍.ഏബ്രാഹം, ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ.സജി തോട്ടം എന്നിവര്‍ പ്രസംഗിച്ചു. ജോസ് പരപ്പനാട്ട് നന്ദി പറഞ്ഞു. ബിജു നാരായണന്‍ കലാസന്ധ്യ ഉദ്‌ഘാടനം ചെയ്‌തു. പൊതു സമ്മേളനത്തിനു മുന്നോടിയായി നടന്ന സമുദായറാലി പൗരാണികതയുടെ പ്രൗഢിയില്‍ ജ്വലിച്ചുനിന്നു. ആഭിജാത്യത്തിന്റെ ചിഹ്നങ്ങള്‍ ആചരണങ്ങളില്‍ എന്ന സന്ദേശത്തെ അന്വര്‍ത്ഥമാക്കിയ റാലിയുടെ മുന്‍നിരയില്‍ മാര്‍ പണ്ടാരശ്ശേരില്‍, ഐന്‍സ്റ്റീന്‍ വാലയില്‍, സ്റ്റെബി ചെറിയാക്കല്‍, ഷാജി വരാക്കുടി, ജോസ് പരപ്പനാട്ട്, വിനോദ് മാണി, ഷെല്ലി ഫിലിപ്പ് തുടങ്ങിയവര്‍ അണിനിരന്നു. അനുകൂലമായ കാലവാസ്ഥയില്‍ ആയിരങ്ങളുടെ ആഹ്ലാദനിറവ് റാലിയില്‍ അലിഞ്ഞു ചേര്‍ന്നു.
ഷാജി ചരമേല്‍















