മാറിക: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വൈവിധ്യമാര്‍ന്ന ചടങ്ങുകളാല്‍ അവിസ്‌മരണീയമായി. മാറിക സെന്റ് ആന്റണീസ് പാരിഷ് ഹാളിലാണ് ആഘോഷത്തിനു വേദിയൊരുങ്ങിയത്. ഓണഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളില്‍ യുവജനങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്തു. ഫൊറോനാ പ്രസിഡന്റ് ഷിനോ കുന്നപ്പള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനം സമ്മേളനം കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ജേക്കബ് തോമസ് വാണിയംപുരയിടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫൊറോനാ ഡയറക്ടര്‍ യു.കെ.സ്‌റ്റീഫന്‍ ആമുഖ സന്ദേശം നല്‍കി. ഫൊറോനാ ചാപ്ലയിന്‍ ഫാ.ബിജു മാളിയേക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു. തമ്പി എരുമേലിക്കര ആശംസയര്‍പ്പിച്ചു. ഫൊറോനാ സെക്രട്ടറി അജീഷ് കൊണ്ടാംടുപടവില്‍ സ്വാഗതവും, മാറിക യൂണിറ്റ് പ്രസിഡന്റ് ഹാന്‍സ് പുത്തന്‍പുരയില്‍ നന്ദിയും പറഞ്ഞു. ഓണപ്പാട്ട് മത്സരത്തില്‍ ചുങ്കം യൂണിറ്റ് ഒന്നാം സ്ഥാനത്തെത്തി പുത്തന്‍പുരയ്‌ക്കല്‍ ഉതുപ്പാന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കും, 1001 രൂപ കാഷ് അവാര്‍ഡിനും അര്‍ഹരായി. രണ്ടാം സ്ഥാനം നേടിയ മാറിക യൂണിറ്റ് പുത്തന്‍പുരയ്‌ക്കല്‍ ഉതുപ്പാന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, 151 രൂപ കാഷ് അവാര്‍ഡും നേടി. മൂന്നും സ്ഥാനത്തെത്തിയ മണക്കാട് യൂണിറ്റിന് 501 രൂപ കാഷ് അവാര്‍ഡ് ലഭിച്ചു. ആണ്‍കുട്ടികള്‍ക്ക് പുരുഷകേസരി മത്സരവും, പെണ്‍കുട്ടികള്‍ക്ക് മലയാളി മങ്ക മത്സരവും ഒരുക്കിയിരുന്നു. മാറിക ഇടവകക്കാര്‍ക്കു വേണ്ടി വടംവലി മത്സരവും സംഘടിപ്പിച്ചിരുന്നു. എമ്മാനുവല്‍ ജോസഫ് പുത്തന്‍പുരയില്‍ വടംവലി മത്സരത്തിലെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും, എവര്‍റോളിംഗ് ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്‌തു.
ഷിനോ കുന്നപ്പള്ളില്‍











