കടുത്തുരുത്തി: കാര്‍ഷിക മേഖലയുടെ പ്രാധാന്യം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുവാന്‍ ലക്ഷ്യമിട്ട് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പിലാക്കുന്ന `എന്റെ പച്ചക്കറി അടുക്കളയിലേക്ക്’ പദ്ധതിക്കു തുടക്കമായി. കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍ ഐ.എ.എസ് പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് ഏറെ അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തെ പഴിച്ചിരിക്കാതെ ക്രിയാത്മക പ്രവര്‍ത്തനത്തിലൂടെ കാര്‍ഷിക മുന്നേറ്റം സാധ്യമാക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോട്ടയം അതിരൂപതാ സഹായ മെത്രന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അഭിപ്രായപ്പെട്ടു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അഞ്ചിനം പച്ചക്കറി വിത്തുകള്‍ വീതം വിതരണം ചെയ്യുന്ന പദ്ധതിയണിത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് ചേത്തലില്‍, പ്രധാനാധ്യാപകന്‍ ജോസ്.എം.ഇടശ്ശേരി, കൃഷ്‌ണന്‍ ഇളയത്, സിറിയക്ക് മാത്യു, സ്‌കൂള്‍ നേച്ചര്‍ ക്ലബ് കണ്‍വീനര്‍ തോമസ്.പി.ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ സംരംഭം വിജയപ്രദമാക്കുവാന്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കാര്‍ഷിക ബോധവത്‌കരണ ക്ലാസുകള്‍ നടത്തുകയുണ്ടായി. സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഒരു മാതൃകാ കൃഷിത്തോട്ടം തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളുടെ വീടുകളില്‍ തയ്യാറാക്കുന്ന കൃഷിതോട്ടത്തിന്റെ പുരോഗതി വിലയിരുത്തുവാനുള്ള `വര്‍ക്ക് ബുക്കി’ന്റെ ഉദ്‌ഘാടനം ഹെഡ്‌മാസ്റ്റര്‍ ജോസ്.എം.ഇടശ്ശേരി നിര്‍വ്വഹിച്ചു. കുട്ടികളില്‍ സമ്പാദ്യശിലം വളര്‍ത്തുന്നതിനായി നടപ്പാക്കുന്ന `എന്റെ പണം നാടിന്റെ നന്മയ്‌ക്ക് പദ്ധതിയുടെ ഉദ്‌ഘാടനം പാസ് ബുക്കുകള്‍ വിതരണം ചെയ്‌തുകൊണ്ട് ബാങ്ക്, പ്രസിഡന്റ് പി.വി.സുനില്‍ നിര്‍വ്വഹിച്ചു.






