കിടങ്ങൂര്‍: കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പിതൃദിനം സംഘടിപ്പിക്കുന്നു. കിടങ്ങൂര്‍ ഫൊറോനയുടെയും, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കോട്ടയം അതിരൂപതയിലെ യുവാക്കള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള പിതാക്കന്മാരുടെ സംഗമം ഒരുക്കുന്നത്. സെപ്‌റ്റംബര്‍ 11 ശനിയാഴ്‌ച കിടങ്ങൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളിലാണ് കൂട്ടായ്‌മയ്‌ക്കു വേദിയൊരുങ്ങുക. അന്നു രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്തുമണിക്ക് ക്‌നാനായ പിതാക്കന്മാര്‍ക്കായി കുട്ടിക്കാനം മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റൂബിള്‍ രാജ് സെമിനാര്‍ നയിക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. ഉച്ച ഭക്ഷണത്തിനു ശേഷം വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. 90 വയസു കഴിഞ്ഞ കാരണവന്മാരെ മാര്‍ ജോസഫ് പണ്ടാരശേരില്‍ ആദരിക്കും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് പയസ് കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്യും. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തുന്നതാണ്. 100 വയസു തികഞ്ഞ വന്ദ്യവയോധികരെ പ്രമുഖ സിനിമാ നടന്‍ ലാലു അലക്‌സ് ആദരിക്കും. തോമസ് ചാഴികാടന്‍ എം.എല്‍.എ, കെ.സി.സി അതിരൂപതാ പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജേക്കബ് മുല്ലൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
പിതൃദിനാഘോഷം വന്‍ വിജയമാക്കുന്നതിന് ഫാ. ജേക്കബ് വാലേല്‍ ചെയര്‍മാനായും, പി.കെ. ചാക്കോ പട്ടാറുകുഴിയില്‍ ജനറല്‍ കണ്‍വീനറായും വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഉച്ചകഴിഞ്ഞുള്ള പരിപാടികളില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ക്‌നാനായ പിതാക്കന്മാര്‍ക്കു വേണ്ടി ഒരുക്കുന്ന പുതുമ കലര്‍ന്ന ഈ കൂട്ടായ്‌മയില്‍ പങ്കാളികളാകാന്‍ എല്ലാ ക്‌നാനായ മക്കളെയും സംഘാടകര്‍ കിടങ്ങൂരിലേക്കു സ്വാഗതം ചെയ്‌തു.






