കോട്ടയം: അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വയോജനദിനമായ ഒകടോബര്‍ ഒന്നിന് ചൈതന്യപാസ്റ്ററല്‍ സെന്ററില്‍ വയോജന ദിനാഘോഷം സംഘടിപ്പിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങളില്‍ സാമൂഹിക വികസനത്തിനുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് ഒരുക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണിവരെ നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ വിജ്ഞാനപ്രദമായ ക്ലാസുകള്‍, കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍, പ്രായമായവരെ ആദരിക്കല്‍, പൊതുസമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികള്‍ ഒരുക്കാം. 60 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരും സ്‌ത്രീകളുമാണ് വയോജന ദിനാഘോഷത്തില്‍ പങ്കുചേരുക. മനുഷ്യബന്ധങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പിന്തള്ളപ്പെടുന്ന വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് വയോജനങ്ങളുടെ അറിവുകള്‍ പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കുന്നതിനും, അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ സമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തി കാട്ടുന്നതിനുമായി സാമൂഹിക വികസന കമ്മിറ്റി വയോജനദിനാഘോഷം ഒരുക്കുന്നത്.






