കൊച്ചി: മതവിശ്വസത്തിന്റെ ദുരുപയോഗം മൂലം കേരളവും അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക് നീങ്ങുകയാണെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ പി.ഒ.സിയില്‍ സംഘടിപ്പിച്ച കത്തോലിക്കാസഭയിലെ രൂപതാവക്താക്കളുടേയും ജാഗ്രതാസമിതി ഡയറക്‌ടര്‍മാരുടേയും സംസ്ഥാനതല സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ബിഷപ്. ഒരു മതവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യന്റെ നന്മയ്‌ക്കുതകുന്ന ദര്‍ശനമാണ് മതങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. മതത്തിന്റെ പേരില്‍ അക്രമവും അരാജകത്വവും വിതയ്‌ക്കപ്പെടുന്നെങ്കില്‍ അത് മതത്തിന്റെ ദുരുപയോഗമാണ്. സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മതങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മതേതരത്വം അഭംഗുരം നിലനിര്‍ത്താന്‍ യത്‌നം നടത്തണം. വിദ്യാഭ്യാസസ്ഥാപനങ്ങളെ അക്രമവിമുക്തമാക്കണമെന്നും സമാധാനന്തരീക്ഷത്തില്‍ പഠനം നടത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യമൊരുക്കണമെന്നും ആര്‍ച്ച് ബിഷപ് തുടര്‍ന്നു പറഞ്ഞു.
ചടങ്ങില്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത ്‌അദ്ധ്യക്ഷനായിരുന്നു. തെരുവുകളില്‍ സംസ്‌ക്കാരങ്ങള്‍ ഏറ്റുമുട്ടുന്നതും വികലമായ കാഴ്‌ചപ്പാടുകളും എന്തും ചെയ്യാമെന്ന അപരിഷ്‌കൃതനിലപാടും കേരളസമൂഹത്തിന് അപമാനമാണെന്ന് ബിഷപ് പറഞ്ഞു. ജാഗ്രതാകമ്മീഷന്റെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനവും ബിഷപ് മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു. കത്തോലിക്കാസഭയിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍മാരുടെ ദൗത്യങ്ങളെകുറിച്ച് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയുടെ മാധ്യമവിഭാഗം തലവന്‍ റവ.ഡോ. ജേക്കബ് സ്രാമ്പിക്കല്‍ എസ്. ജെ പ്രബന്ധം അവതരിപ്പിച്ചു. മോണ്‍. വിന്‍സന്റ് അറയ്‌ക്കല്‍. ഫാ. ജോണി കൊച്ചുപറമ്പില്‍, ഡോ. സ്റ്റീഫന്‍ ആലത്തറ, പി.സി.സിറിയക്, വി.വി അഗസ്‌റ്റിന്‍, ഡോ എബ്രഹാം ജോസഫ്, ഡോ. ലിസി ജോസ്, അഡ്വ. ചാര്‍ലി പോള്‍, മോണ്‍. ചെറിയാന്‍ രാമനാലില്‍, ഡോ. സക്കറിയാസ് പറനിലം, ഫാ. ജോസഫ് നിക്കോളാസ്, എല്‍സാ ജോസ് എന്നിവര്‍ പ്രസംഗിച്ചു. രൂപതാതല ജാഗ്രതാസമിതികളുടെ റിപ്പോര്‍ട്ട് രൂപതാവക്താക്കള്‍ അവതരിപ്പിച്ചു. തുടര്‍ന്നു പൊതുചര്‍ച്ചയും ഉണ്ടായിരുന്നു.






