തെള്ളകം: കോട്ടയം അതിരൂപതയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്‌ട്ര നീതി ദിനമായ ജൂലൈ 17ന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കോട്ടയം താലൂക്ക് ലീഗല്‍ സര്‍വ്വീസസ്‌് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നീതിദിനാചരണവും നിയമ അവബോധ സെമിനാറും സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്‌ഘാടനം കോട്ടയം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ ജില്ലാ ജഡ്‌ജിയുമായ പി. ശങ്കരനുണ്ണി നിര്‍വഹിച്ചു. തുല്യ നീതിക്കും നിയമ സംരക്ഷണത്തിനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിനായി നിയമ സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാധാരണക്കാരില്‍ നിയമ അവബോധം സൃഷ്‌ടിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് നിയമ സംവിധാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, അസി. സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍, കോട്ടയം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി മെംബര്‍ അഡ്വ. ജി. ഗോപകുമാര്‍, കോട്ടയം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി ആലിസ് പോള്‍, അഡ്വ. അനൂപ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ?ഗാര്‍ഹിക പീഢന നിരോധന നിയമം? എന്ന വിഷയത്തെ ആസ്‌പദമാക്കി കോട്ടയം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ ബീനാ എം സുലൈമാന്‍, ?സൗജന്യ നിയമ സഹായം? എന്ന വിഷയത്തില്‍ കോട്ടയം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ലീഗല്‍ എയ്‌ഡ് കണ്‍സല്‍ട്ടന്റ് അഡ്വ. ജി. ജയശങ്കര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഗ്രാമതല പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിലും നീതിദിനാചരണത്തിലും നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു.






