കോട്ടയം: പഠന-പാഠ്യേതര വിഷയങ്ങളില്‍ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിന് ഒരു പൊന്‍തൂവല്‍ കൂടി. ദക്ഷിണേന്ത്യന്‍ ശാസ്‌ത്രനാടക മത്സരത്തില്‍ ഒന്നാംസ്ഥാനമുള്‍പ്പെടെ മൂന്നു സമ്മാനങ്ങള്‍ നേടിയാണ് കേരളത്തിനും, കല്ലറ ഗ്രാമത്തിനും സെന്റ് തോമസ് ഹൈസ്‌കൂള്‍ അഭിമാനമായത്. ബാംഗ്‌ളൂര്‍ വിശ്വേശരയ്യ മ്യൂസിയത്തില്‍ നടന്ന മത്സരത്തിലാണ് കല്ലറ സ്‌കൂള്‍ അവതരിപ്പിച്ച `പേഴ്‌സിപിസെലം’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ നാടകമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ നാടകത്തിലെ മികവ് അരുണ്‍ മധുസൂദനന് മികച്ച നടനുള്ള അവാര്‍ഡും, ഓണംതുരുത്ത് രാജശേഖരന് മികച്ച സംവിധായകനുള്ള അവാര്‍ഡും നേടിക്കൊടുത്തു. വിദ്യാഭ്യാസ ജില്ല, റവന്യുജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ ശേഷമാണ് കല്ലറ സ്‌കൂള്‍ കേരളത്തെ പ്രതിനിധീകരിച്ച് ബാംഗളൂരില്‍ എത്തിയത്. കര്‍ണാടകത്തിനാണ് രണ്ടാം സ്ഥാനം. നാലു സോണുകളില്‍ നിന്ന് രണ്ടു ടീമുകള്‍ വീതം പങ്കെടുക്കുന്ന നാഷണല്‍ മത്സരത്തില്‍ മാറ്റുരയ്‌ക്കുന്നതിനുള്ള തയാറെടുപ്പിലാണ് കല്ലറ സ്‌കൂള്‍. ഒക്‌ടോബറില്‍ മുംബൈയില്‍ വച്ചാണ് അഖിലേന്ത്യാ മത്സരം നടക്കുന്നത്.
നാടിന് അഭിമാനം പകര്‍ന്ന് വിജയം നേടിയ കല്ലറ സ്‌കൂള്‍ ടീമംഗങ്ങള്‍ക്ക് നാട്ടുകാരും, പി.ടി.എ.യും, മാനേജ്‌മെന്റും ചേര്‍ന്ന് ഊഷ്‌മള സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. അഡ്വ. ജോസഫ് കീഴങ്ങാട്ട്, ഹെഡ്‌മാസ്റ്റര്‍ പി.എ. ബാബു, പി.ടി.എ. പ്രസിഡന്റ് സണ്ണി തറയില്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തോമസ് തടത്തില്‍, കെ.സി. രഘുനാഥ്, സിസ്റ്റര്‍ ഷൈനി എന്നിവരെയും സമ്മേളനം അനുമോദിച്ചു. കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ പി.ടി.എ.യുടെയും അധ്യാപകരുടെയും ഇടവകയുടെയും നിര്‍ലോഭമായ സഹകരണമാണ് തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് കാരണമെന്നും കല്ലറ സ്‌കൂള്‍ കോട്ടയം അതിരൂപതയ്‌ക്ക് എന്നും ഒരു അഭിമാന സ്ഥാപനമായി നിലനില്‍ക്കുമെന്നും സ്‌കൂള്‍ മാനേജരും, ഹെഡ്‌മാസ്റ്ററും, പി.ടി.എ. ഭാരവാഹികളും വ്യക്തമാക്കി.







