ശതാബ്ദിയിലേക്കു പ്രവേശിച്ച കോട്ടയം അതിരൂപയ്‌തക്ക് വിവിധ വൈദിക മേലധ്യക്ഷന്മാര്‍ ആശംസകള്‍ നേര്‍ന്നു. അനാരോഗ്യം മൂലം ശതാബ്ദി ഉദ്‌ഘാടന ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സന്ദേശം ഉദ്‌ഘാടന ചടങ്ങില്‍ വായിച്ചു. മാര്‍ വര്‍ക്കി വിതയത്തിലിന്റെ സന്ദേശം പൂര്‍ണമായും, ചടങ്ങില്‍ പങ്കെടുത്ത സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, വിജയപുരം രൂപതാ ബിഷപ് ഡോ.സെബാസ്‌റ്റിയന്‍ തെക്കത്തെച്ചേരില്‍ എന്നിവരുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളും ചുവടെ കൊടുക്കുന്നു.
കോട്ടയം അതിരൂപതക്ക് ഇത് അഭിമാന മുഹൂര്‍ത്തം: മാര്‍ വിതയത്തില്‍
1911 ഓഗസ്റ്റ് 29-ന് ഭാഗ്യസ്‌മരണാര്‍ഹനായ വി. പത്താംപീയൂസ് മാര്‍പാപ്പയുടെ `ഇന്‍ യൂണിവേഴ്‌സി ക്രിസ്‌ത്യാനി’ എന്ന തിരുവെഴുത്തുവഴി തെക്കുംഭാഗ സമുദായക്കാര്‍ക്കുവേണ്ടി സ്ഥാപിതമായ കോട്ടയം വികാരിയാത്ത് ഇന്ന് അതിന്റെ ശതാബ്‌ദിയാഘോഷങ്ങളുടെ തുടക്കം കുറിക്കുമ്പോള്‍ നേരിട്ട് വന്ന് എനിക്കുള്ള സന്തോഷം നിങ്ങളുമായി പങ്കുവയ്‌ക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. കോട്ടയം രൂപതയുമായും അവിടുത്തെ പിതാക്കന്മാരുമായും എനിക്കുള്ള വ്യക്തിപരമായ അടുപ്പവും രൂപതയുടെ അതിരൂപതയായുള്ള വളര്‍ച്ചയിലും ഇവിടുത്തെ പിതാക്കന്മാരുടെ നിയമനങ്ങളിലുമൊക്കെ എനിക്കുണ്ടായിരുന്ന പങ്കും കണക്കിലെടുക്കുമ്പോള്‍ ഈ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനവേളയില്‍ നിങ്ങളുടെ സന്തോഷത്തില്‍ നേരിട്ട് ഞാന്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ, എന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിനെന്നെ അനുവദിക്കുന്നില്ല. എങ്കിലും ഈ വാക്കുകളിലൂടെ സന്തോഷത്തിന്റെയും കൃതജ്ഞതയുടേതുമായ ഈ ധന്യമുഹൂര്‍ത്തത്തില്‍ ഞാനും നിങ്ങളോടൊപ്പം ഉണ്ട് എന്നറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ സമൂഹത്തെ ആഗോളസഭയ്‌ക്ക്, സീറോ മലബാര്‍ സഭയ്‌ക്കു തന്ന ദൈവത്തിന് ആത്മാര്‍ത്ഥമായി നന്ദി പറയുവാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കട്ടെ.
വികാരിയാത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ക്‌നാനായ സമൂഹത്തിന് വളര്‍ച്ചയുടെ പടവുകള്‍ വെട്ടിക്കൊടുത്ത മാര്‍ മാത്യു മാക്കീല്‍, മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍ എന്നീ പിതാക്കന്മാരെയും അതിരൂപതയുടെ ആദ്യമെത്രാപ്പോലീത്തയായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെയും ഇപ്പോള്‍ അതിരൂപതയുടെ അജപാലനദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നീ പിതാക്കന്മാരെയും കൃതജ്ഞതാപൂര്‍വ്വം ഇവിടെ സ്‌മരിക്കുകയാണ്. അതിരൂപതയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ഈ പിതാക്കന്മാര്‍ക്കുള്ള പങ്ക് നിസീമമാണ്. ശതാബ്‌ദിയുടെ അവസരത്തില്‍ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുകയാണ്. പ്രത്യേകിച്ച് നാമഹേതുകതിരുനാള്‍ ആഘോഷിക്കുന്ന കുന്നശ്ശേരി പിതാവിന് സന്തോഷത്തിന്റെ ഇരട്ടിമധുരമാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. പിതാവിന്റെ നാമഹേതുകതിരുനാള്‍ ദിനം തന്നെ ഈ ജൂബിലി ആഘോഷങ്ങളുടെ ആരംഭം കുറിച്ചത് കോട്ടയം അതിരൂപതയ്‌ക്ക് പിതാവിനോടുള്ള വലുതായ കടപ്പാടിന്റെയും കൃതജ്ഞതയുടെയും അടയാളമായി ഞാന്‍ കാണുകയാണ്. എന്റെ വ്യക്തിപരമായ പേരിലും സീറോമലബാര്‍സഭയിലെ എല്ലാ പിതാക്കന്മാരുടെയും വൈദിക-സമര്‍പ്പിത-അത്മായ സമൂഹത്തിന്റെയും പേരിലും അഭിവന്ദ്യ കുന്നശ്ശേരി പിതാവിനു സ്‌നേഹം നിറഞ്ഞ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു.
പുരോഗതിയുടെ നൂറുവര്‍ഷം പിന്നിടുന്ന കോട്ടയം അതിരൂപതയ്‌ക്ക് അഭിമാനിക്കാവുന്ന ഒത്തിരി നേട്ടങ്ങളുണ്ട്. ഏകദേശം ഒന്നര ലക്ഷത്തിലധികം വിശ്വാസികളുള്ള ഈ സമൂഹത്തില്‍നിന്നും ഇരുനൂറോളം വൈദികരും, ആറ് സന്യാസിനീസമൂഹങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം സന്യാസിനികളും അതിരൂപതയിലും നാനൂറോളം വൈദികരും, ആയിരത്തിലധികം സന്യാസിനികളും അതിരൂപതയ്‌ക്ക് പുറത്തും വ്യത്യസ്‌തങ്ങളായ സേവനരംഗങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നത് സ്‌തുത്യര്‍ഹമായ ഒരു നേട്ടം തന്നെയാണ്. നാലു കോളേജുകളും, 13 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും, എയ്‌ഡഡ്-അണ്‍ എയ്‌ഡഡ് മേഖലകളിലായി 25 ഹൈസ്‌കൂളുകളും, 4 ആശുപത്രികളും, വൃദ്ധജനങ്ങള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കും അനാഥര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും മറ്റുമുള്ള നിരവധി ഭവനങ്ങളും ഈ നേട്ടങ്ങളുടെ പട്ടികയില്‍ ചിലതുമാത്രം. ഈ ശതാബ്‌ദിയുടെ വേളയില്‍ ആത്മീയവും ഭൗതികവുമായ കൂടുതല്‍ നേട്ടങ്ങളിലേക്ക് ഉയരുവാന്‍ കോട്ടയം അതിരൂപതയ്‌ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ശതാബ്‌ദി മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് `തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍’ എന്ന ആശയമാണല്ലോ. ഈ മൂന്ന് ആശയങ്ങളും പരസ്‌പരപൂരകങ്ങളായിരിക്കണം. നമ്മുടെ വിശ്വാസപാരമ്പര്യങ്ങള്‍, സാമുദായിക പാരമ്പര്യങ്ങള്‍ ഇവയെല്ലാം സംരക്ഷിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണ്. ഈ തനിമ തീര്‍ച്ചയായും സമുദായാംഗങ്ങള്‍ തമ്മിലുള്ള ഒരുമയിലേക്ക് നയിക്കും. തനിമയും ഒരുമയും വിശ്വാസത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കണം. വിശുദ്ധ പൗലോ സിന്റെ എഫേസോസുകാര്‍ക്കുള്ള ലേഖനം രണ്ടാം അദ്ധ്യായം 11 മുതലുള്ള വാക്യങ്ങളില്‍ പറയുന്നപോലെ കല്‌പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം ഇല്ലാതാക്കി യേശുവില്‍ ഒരു പുതിയ സൃഷ്‌ടിക്ക് രൂപംകൊടുക്കുന്ന വിശ്വാസപൂര്‍ണ്ണതയിലേക്ക് അത് നമ്മെ നയിക്കണം. വിദൂരസ്ഥരായിരിക്കുന്നവര്‍ക്കും സമീപസ്ഥരായിരിക്കുന്നവര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ പ്രാപ്‌തി നല്‍കുന്ന യേശുവിന്റെ ശരീരരക്തങ്ങളിലൂടെയുള്ള അനുരഞ്‌ജനത്തിന്റെ കൂട്ടായ്‌മയിലേക്ക് അത് നയിക്കണം. അന്യരും പരദേശികളുമായിരുന്നവരെ വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാക്കിതീര്‍ക്കുന്ന ക്രിസ്‌തുവിന്റെ ആലയങ്ങളായി നാം വളരേണ്ടിയിരിക്കുന്നു.
ശതാബ്‌ദിയുടെ ഈ വര്‍ഷം യേശുവിലുള്ള മഹത്തരമായ ഈ ഐക്യത്തിലേക്ക് ദൈവം നമ്മെ നയിക്കട്ടെ. കോട്ടയം അതിരൂപതയ്‌ക്കും അഭിവന്ദ്യ പിതാക്കന്മാര്‍ക്കും വൈദിക-സമര്‍പ്പിത-അത്മായ സമൂഹങ്ങള്‍ക്കും ഒരിക്കല്‍കൂടി ശതാബ്‌ദിയുടെ മംഗളങ്ങള്‍ നേരുന്നു. ഐശ്വര്യപൂര്‍വ്വമായ ഭാവി സര്‍വ്വശക്തന്‍ നിങ്ങള്‍ക്കേവര്‍ക്കും നല്‍കട്ടെ.
വലിയ പൈതൃകം പേറുന്ന ജനത: ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
പരിശുദ്ധ റോമാ സിംഹാസനത്തില്‍ നിന്ന് തെക്കുംഭാഗക്കാര്‍ക്കായി കോട്ടയം വികാരിയാത്ത് അംഗീകരിച്ചുകിട്ടിയ സുവാര്‍ത്ത സഭാമക്കളെ അറിയിച്ചുകൊണ്ട് 1911 തുലാം മാസം 25-ാം തീയതി മാര്‍ മാക്കീല്‍ തിരുമേനി പുറപ്പെടുവിച്ച 37-ാം നമ്പര്‍ കല്‌പന ആരംഭിക്കുന്നത് 89-ാം സങ്കീര്‍ത്തനത്തിന്റെ പ്രാരംഭ തിരുവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്. “ദൈവത്തിന്റെ അനുഗ്രഹങ്ങളെ ഞാന്‍ എന്നേക്കും പാടി സ്‌തുതിക്കും; അങ്ങേ സത്യത്തെ തലമുറയോളം എന്റെ വായാല്‍ ഞാനറിയിക്കും” (സങ്കീ. 89/12) ശതാബ്‌ദിയുടെ ഈ സന്ദര്‍ഭത്തില്‍ എനിക്കോര്‍മ്മിപ്പിക്കാനുള്ളതും ഇതുതന്നെയാണ്. കഴിഞ്ഞ 17 നൂറ്റാണ്ടുകളായി ക്‌നാനായ സമുദായത്തിന് പ്രത്യേകിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടായി കോട്ടയം രൂപതയിലൂടെ ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങള്‍ അനുസ്‌മരിപ്പിക്കപ്പെടേണ്ടതും പ്രഘോഷിക്കപ്പേടേണ്ടതും അവയെപ്രതി ദൈവത്തിന് നന്ദി അറിയിക്കപ്പെടേണ്ടതുമാണ്.
ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മത്തിരുനാള്‍ ആഘോഷം തിരുവനന്തപുരത്ത് പട്ടം മേജര്‍ അതിഭദ്രാസന കത്തീഡ്രല്‍ ദേവാലയം കേന്ദ്രമാക്കി നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ഓര്‍മ്മത്തിരുനാള്‍ ആഘോഷവേദിയില്‍ നിന്നാണ് കോട്ടയത്തെ ഈ ആഘോഷവേദിയിലേക്ക് ഞാന്‍ കടന്നുവരുന്നത്. ഇവിടെ ഈ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന് പങ്കെടുക്കുക എന്നത് എന്റെ ചുമതല മാത്രമല്ല അവകാശവുമായി ഞാന്‍ കരുതുകയാണ്. കാരണം പുനരൈക്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്‌ക്കും കോട്ടയം അതിരൂപതയും ക്‌നാനായ സമുദായവും നല്‍കിയിട്ടുള്ളതും നല്‌കികൊണ്ടിരിക്കുന്നതുമായ പിന്‍ബലവും പിന്‍തുണയും മാത്രമല്ല, അന്ത്യോക്യന്‍ ആരാധനക്രമം പിന്‍തുടരുന്ന ഒരു സജീവ സമൂഹം കോട്ടയം അതിരൂപതയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതും കൂടിയാണ്.
അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം മാര്‍ കുര്യാക്കോസ് സഹദായുടെ തിരുനാള്‍ ദിവസം നടത്താന്‍ നിശ്ചയിച്ചത് വളരെ അര്‍ഥവത്തായിരിക്കുന്നു. മാര്‍ കുര്യാക്കോസ് സഹദായുടെ രക്തസാക്ഷിത്വത്തിന് 41 വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ഒരു ചരിത്രസംഭവമാണ് മലങ്കരയിലേക്കുള്ള ക്‌നാനായ കുടിയേറ്റം. ക്‌നാനായ കുടിയേറ്റം കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തിന് ദൈവീക ഇടപെടലായിരുന്നു. ക്‌നാനായ സാന്നിധ്യം കേരള സഭയെയും സമൂഹത്തെയും സംസ്‌കൃതിയെയും സമ്പന്നമാക്കി എന്നതില്‍ പക്ഷാന്തരമില്ല.
കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് 1911 ഓഗസ്റ്റ് 21-ന് പരിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച തിരുവെഴുത്തിലെ ഒരു വാചകം എനിക്ക് വളരെ ശ്രദ്ധേയമായിത്തോന്നി. കോട്ടയം വികാരിയാത്ത് സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. “മലയാളത്തെ സുറിയാനി ക്രിസ്‌ത്യാനികളുടെ വിശ്വാസവും ഭക്തിയും അഭിവൃദ്ധിപ്പെടണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി അവരുടെയിടയില്‍ ഒരു പുതിയ മിസം സ്ഥാപിക്കേണ്ടതാണെന്ന് നാം തീരുമാനിക്കുന്നു”. ദക്ഷിണ മെസപ്പൊട്ടോമിയയില്‍ നിന്ന് മലങ്കരയിലേക്ക് ക്‌നാനായ കുടിയേറ്റമുണ്ടായതിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഒരു കൂട്ടം ചരിത്രകാരന്മാര്‍ പറയുന്നത് മലങ്കരയിലെ ക്രിസ്‌ത്യാനികളുടെ വിശ്വാസവും ഭക്തിയും സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദൈവം ഉറഹായിലെ മാര്‍ യൗസേപ്പിന് അറിയിപ്പു നല്‌കിയെന്നും അതിന്റെ പശ്ചാത്തലത്തില്‍ എ.ഡി. 345 ല്‍ കുടിയേറ്റമുണ്ടായി എന്നതുമാണ്. ഇവിടെ ശ്രദ്ധേയമായിരിക്കുന്നത് 345 ല്‍ നടന്ന ക്‌നാനായ കുടിയേറ്റത്തിന്റെയും 1911 ല്‍ നടന്ന ക്‌നാനായ വികാരിയാത്ത് സ്ഥാപനത്തിന്റെയും ദൈവീകലക്ഷ്യം ഒന്നുതന്നെയാണ് എന്നതാണ.് വളരെ ശ്രദ്ധയോടെ അടിവരയിട്ട് ഹൃദയത്തില്‍ കുറിച്ചിടേണ്ട ഒരു സംഗതിയാണിത്.
വലിയ പൈതൃകം കാത്തുസൂക്ഷിക്കുന്ന ഈ സമൂഹത്തിന് ശതാബ്‌ദി സന്ദേശവാക്യം-തനിമയില്‍, ഒരുമയില്‍ വിശ്വാസനിറവില്‍ ഏറെ അര്‍ഥവത്താണ്. ക്രിസ്‌തീയ ജീവിതം പൂര്‍ണമാക്കുന്നത് ഈ മൂന്നു പദങ്ങളുടെ സമര്‍പ്പണത്തിലൂടെയാണ്. പ്രേഷിത സമൂഹമായി കേരളക്കരയില്‍ എത്തിയ ക്‌നാനായക്കാര്‍ ആ മനോഭാവം ഇപ്പോഴും തുടരുന്നു. അനേക രാജ്യങ്ങളില്‍ ക്‌നാനായ മക്കള്‍ ഇപ്പോള്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്.
എ.ഡി. 345 ല്‍ ക്‌നായി തോമായുടെ നേതൃത്വത്തിലുള്ള കുടിയേറ്റ യാത്ര ആരംഭിച്ചനാള്‍ മുതല്‍ ഇന്നുവരെയുള്ള 17 നൂറ്റാണ്ടു കാലത്തെ ക്‌നാനായ ചരിത്രം അനേകം വൈതരണികളെ തരണം ചെയ്‌തുകൊണ്ടുള്ള മുന്നേറ്റമാണ്. പ്രതിസന്ധികളുടെ മുമ്പില്‍ തളരാതെ പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും വളമാക്കി വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ചരിത്രമാണ് കോട്ടയം അതിരൂപതയ്‌ക്കും ക്‌നാനായ സമുദായത്തിനുമുള്ളത്.
ഒരു സമൂഹത്തിന്റെ വിശ്വാസം, സംസ്‌കാരം, ജീവിതദര്‍ശനം, തനതാത്മകത, ജീവിതരീതികള്‍ തുടങ്ങിയവയുടെ പ്രതീകവും പ്രതിബന്ധനവുമാണ് ആചാരങ്ങള്‍. കാലാകാലങ്ങളിലൂടെ സാന്ദ്രീഭവിച്ച് തലമുറതലമുറകള്‍ കൈമാറി കാലാനുസൃതമായ രൂപഭേദങ്ങളോടെ എന്നാല്‍ അന്തസത്ത നഷ്‌ടപ്പെടാതെ ആ സമൂഹത്തിന്റെ വലിയ സമ്പത്തും പൈതൃകവുമായി അവ നിലനില്‍ക്കുന്നു. തനിമയാര്‍ന്ന ഈ ആചാരാനുഷ്‌ഠാനങ്ങള്‍ സമൂഹത്തിന്റെ അന്തസത്തയെയും സവിശേഷതകളെയും മൂല്യങ്ങളെയും വ്യക്തമാക്കുന്നവയാണ്. ക്‌നാനായ സമുദായത്തില്‍ ഇപ്രകാരം തനതായ ആചാരാനുഷ്‌ഠാനങ്ങള്‍ തെളിമയാര്‍ന്നു നില്‍ക്കുന്നു. പതിനാറു നൂറ്റാണ്ടുകാലം ശരിയായ നേതൃത്വമില്ലാതെ അസംഘടിതമായിരുന്നിട്ടും ബന്ധങ്ങള്‍ വേര്‍പെടാതെ വംശശുദ്ധിയിലും പാരമ്പര്യങ്ങളെ തലമുറതലമുറ കൈമാറി കാത്തുസൂക്ഷിച്ച് ഇന്നും തനിമയുള്ള സമുദായമായി നിലനില്‍ക്കുന്നു എന്ന യാഥാര്‍ഥ്യം മാത്രം മതി ക്‌നാനായ സമുദായത്തിന്റെ അകക്കാമ്പ് മനസിലാക്കാന്‍. അറമായ പാരമ്പര്യങ്ങളും ക്രിസ്‌തീയ അന്തര്‍ധാരയും ഭാരതീയ അനുഷ്‌ഠാനങ്ങളും അന്തര്‍ലീനമായിരിക്കുന്ന ഒരു ത്രിവേണീ സംഗമമാണ് ക്‌നാനായ ആചാരത്തനിമ. തങ്ങളുടെ സ്വത്വവും അനന്യതയും കാത്തുസൂക്ഷിച്ചുകൊണ്ട് സാര്‍വത്രിക സഭയിലായിരിക്കുവാനുള്ള ക്‌നാനായ സമുദായത്തിന്റെ അഭിവാഞ്ചയ്‌ക്ക് സഭ നല്‍കിയ ആശീര്‍വാദമാണ് കോട്ടയം മിസത്തിന്റെ സ്ഥാപനം.
സഭയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച സമൂഹം: മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതയുമായി വൈകാരികമായി കോട്ടയം അതിരൂപതയ്‌ക്ക് ഏറെ അടുപ്പമുണ്ട്. ദീര്‍ഘകാലം ഒരുമിച്ചു കഴിഞ്ഞ സമൂഹങ്ങളാണിത്. ഒരു കുടിയേറ്റത്തില്‍ ആരംഭിച്ച ഈ സമൂഹത്തിന്റെ പ്രയാണം സഭയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തുന്നതായിരുന്നു. സഭാ കൂട്ടായ്‌മയാണ് തീര്‍ഥാടനം പോലെ അന്നു കുടിയേറിയത്. പറിച്ചുനടപ്പെട്ട നാട്ടിലെ ക്രൈസ്‌തവസമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുവാന്‍ ക്‌നാനായ സമൂഹത്തിനു കഴിഞ്ഞു. അത് ഇപ്പോഴും തുടരുന്നു.
ശതാബ്‌ദിയുടെ സന്ദേശവാക്യം അര്‍ഥപൂര്‍ണമാണ്. സ്വന്തം തനിമയെപ്പറ്റി ബോധ്യമില്ലെങ്കില്‍ നമുക്കു വളരുവാന്‍ സാധിക്കില്ല. തനിമയുടെ ഈ അവബോധമാണ് എല്ലാ പ്രതിസന്ധികളെയും അതീജീവിക്കുവാന്‍ സമുദായത്തിനു ശക്തിനല്‍കിയത്. സമുദായത്തെ എന്നും ഒരുമിച്ചു നിറുത്തുന്നതും ഈ തനിമയാണ്. തനിമ നഷ്‌പ്പെടാതെനോക്കുന്ന ഈ സമൂഹം മറ്റുള്ളവര്‍ക്ക് മാതൃക പകരുന്നു.
ഈ തനിമയില്‍, ഒരുമയോടെ വിശ്വാസ വീഥിയില്‍ 100 വര്‍ഷം കഴിഞ്ഞതിന്റെ ആഘോഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദിമ ക്രൈസ്‌തവ സഭയുടെ പൈതൃകവും സുറിയാനി പാരമ്പര്യവും നിലനിര്‍ത്തുന്ന കോട്ടയം അതിരൂപത ഭാരതസഭയ്‌ക്കും, ആഗോള സഭയ്‌ക്കും വലിയ മുതല്‍ക്കൂട്ടാണ്. ഭാവിയിലേക്ക് പ്രത്യാശ പകരുന്ന ഈ സമൂഹം സഭാത്മക സാക്ഷ്യം പകര്‍ന്നുകൊണ്ട് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.
ഒരുമയോടെ വളരുന്ന ജനത: ബിഷപ് ഡോ.സെബാസ്‌റ്റിയന്‍ തെക്കത്തെച്ചേരില്‍
കോട്ടയം അതിരൂപതയുമായി വിജയപുരം അതിരൂപതയ്‌ക്ക് അഭേദ്യമായ ബന്ധമാണുള്ളത്. എന്നും സൗഹൃദത്തില്‍ കഴിയുന്ന സഹോദരങ്ങളെപ്പോലെയാണ് രണ്ടു രൂപതകളും. ശതാബ്‌ദി സന്ദേശവാക്യം കത്തോലിക്കാ സഭയുടെ മുദ്രാവാക്യമാണെന്നും പറയാം. തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍ – എന്നത് അര്‍ഥസമ്പുഷ്‌ടമാണ്. ക്രിസ്‌തുവിന്റെ സഭയുടെ തനിമ അതിലുണ്ട്. ക്രിസ്‌തുവായ തായ്‌തണ്ടിനോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ഒരുമ. ഇവയുടെ പൂര്‍ത്തീകരണമാണ് വിശ്വാസനിറവ്.
ശതാബ്‌ദി സന്ദേശവാക്യത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം അതിരൂപതയെ മറ്റുള്ളവര്‍ മാതൃകയായി കാണണം. നോക്കിനില്‍ക്കെ അതിവേഗം വളരുന്ന ഒരു സമൂഹമാണിത്. ഒരുമയോടെ അവര്‍ വളരുന്നു എന്നതാണ് പ്രത്യേകത.
പഴയ നിയമത്തിലെ ജൂബിലി ആചരണത്തെപ്പറ്റിയുള്ള സന്ദേശം ഉള്‍ക്കൊണ്ട് നവീകരിക്കപ്പെടുന്ന ഒരു സമൂഹമായി ശതാബ്‌ദി വര്‍ഷത്തില്‍ കോട്ടയം അതിരൂപത മാറണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്‌നാനായ സമുദായത്തിനു സാന്നിധ്യമുണ്ട്. അതുകൊണ്ടു തന്നെ ഈ നവീകരണത്തിലൂടെ ആഗോള സഭയുടെ വലിയ വളര്‍ച്ചയില്‍ ഭാഗഭാഗിത്വം വഹിക്കുവാന്‍ ഈ സമൂഹത്തിനു കഴിയും.






