കോട്ടയം: അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങള്‍ക്കു മുന്നൊരുക്കമായി നടത്തിയ ദീപശിഖാ പ്രയാണം 1911-ല്‍ സ്ഥാപിതമായ കോട്ടയം വികാരിയാത്തിന്റെയും, എ.ഡി. 345-ല്‍ ക്‌നായി തോമ്മായുടെ നേതൃത്വത്തില്‍ കേരളത്തിലേക്കു നടത്തിയ ക്‌നാനായ കുടിയേറ്റത്തിന്റെയും ചരിത്രസ്‌മരണകള്‍ ഉണര്‍ത്തുന്നതായിരുന്നു. ക്‌നാനായ കുടിയേറ്റ ഭൂമിയായ കൊടുങ്ങല്ലൂരിലെ ക്‌നായി തോമ്മാ ഭവനില്‍നിന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്‌ക്കല്‍, അതിരൂപതാ ശതാബ്‌ദി റാലി കമ്മിറ്റി ചെയര്‍മാന്‍ റവ. ഫാ. ജോസ് നെടുങ്ങാട്ടിന് ദീപശിഖ നല്‍കിയാണ് പ്രയാണം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്.
കേരള സഭാ ചരിത്രത്തില്‍ ക്‌നാനായ സമുദായം നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണെന്നും ക്‌നാനായ തനിമയിലും പാരമ്പര്യത്തിലും അടിയുറച്ച് മുന്നോട്ടുപോകുന്ന കോട്ടയം അതിരൂപത ശതാബ്‌ദിയില്‍ എത്തിനില്‍ക്കുമ്പോള്‍ ആഗോളസഭയ്‌ക്കുതന്നെ ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്‌ക്കല്‍ പറഞ്ഞു. ദീപശിഖാ പ്രയാണത്തിന് മുന്നോടിയായി നടന്ന യോഗത്തില്‍ കെ.സി.സി. പ്രസിഡന്റ് ജോയി മുപ്രാപ്പള്ളി ആശംസ അര്‍പ്പിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതവും, ഫാ. ജോസ് നെടുങ്ങാട്ട് നന്ദിയും പറഞ്ഞു.
കുടിയേറ്റത്തെ അനുസ്‌മരിച്ച് പഴയകാല പായ്‌ക്കപ്പല്‍ മോഡലില്‍ തയാറാക്കിയ വാഹനത്തില്‍ പ്രത്യേക പീഠം സജ്ജീകരിച്ച് ദീപശിഖ പ്രതിഷ്‌ഠിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദീപശിഖാ പ്രയാണം ആദ്യമെത്തിയത് കാക്കനാട് പള്ളിയിലാണ്. ഓരോ സ്ഥലത്തും ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിരുന്നു. കാക്കനാട്ടുനിന്ന് പ്രയാണം തോട്ടറയിലേക്ക് നീങ്ങി. കരിപ്പാടം, വെള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവിടെ എത്തിയിരുന്നു.
തുടര്‍ന്ന് പിറവം ടൗണില്‍ എത്തിയപ്പോള്‍ ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെയും, ചെണ്ടമേളത്തോടെയും വരവേല്‌പ് നല്‍കി. മാങ്ങടപ്പള്ളി, രാമമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ളവരും പിറവത്ത് എത്തിയിരുന്നു. തുടര്‍ന്ന് അറുന്നൂറ്റിമംഗലത്തേക്ക്.
കടുത്തുരുത്തിയില്‍ നിന്ന് കോട്ടയം രൂപതാസ്ഥാപകന്‍ വി. പത്താം പീയൂസിന്റെയും കുടിയേറ്റ നേതാവ് ക്‌നായി തൊമ്മന്റെയും, ദൈവദാസരായ മാര്‍ മാക്കീല്‍, പൂതത്തില്‍ തൊമ്മിയച്ചന്‍ എന്നിവരുടെയും, യശഃശരീരനായ മാര്‍ ചൂളപ്പറമ്പില്‍, മാര്‍ തറയില്‍ എന്നീ പിതാക്കന്മാരുടെയും ഛായാചിത്രങ്ങള്‍ വഹിക്കുന്ന വാഹനവും ദീപശിഖാ പ്രയാണത്തോടൊപ്പം ചേര്‍ന്നു. കടുത്തുരുത്തി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഒരുക്കിയിരുന്നു. കടുത്തിരുത്തി ഫൊറോനായിലെ ദൈവാലയങ്ങളില്‍നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ രാജോജിതമായ സ്വീകരണമാണ് ഒരുക്കിയത്.
തുടര്‍ന്ന് കുറുപ്പന്തറ കവലയിലും, ഏറ്റുമാനൂരിലും, നീണ്ടൂര്‍, കൈപ്പുഴ, മള്ളൂശ്ശേരി എന്നീ കേന്ദ്രങ്ങളിലും നേരം വൈകിയിട്ടും, പ്രതികൂല കാലാവസ്ഥയിലും, നൂറുകണക്കിന് ക്‌നാനായ വിശ്വാസികള്‍ താലപ്പൊലികളേന്തി, ആവേശത്തിരകളിളക്കി, പുരാതനപ്പാട്ടുകള്‍ പാടിയും, നടവിളിച്ചും സമുദായ തനിമയുടെയും, വൈകാരിക ഒരുമയുടെയും ശക്തമായ പ്രകടനങ്ങളാണ് നടത്തിയത്. ഓരോ കേന്ദ്രങ്ങളില്‍നിന്നും നിരവധി വാഹനങ്ങള്‍ തൊട്ടടുത്ത കേന്ദ്രങ്ങളിലേക്ക് അനുഗമിച്ച് ദീപശിഖാ പ്രയാണയാത്രയ്‌ക്ക് മാറ്റുകൂട്ടി. കൊടുങ്ങല്ലൂരില്‍ നിന്നും ലോകത്തിന്റെ അതിര്‍ത്തികള്‍ വരെയും പ്രയാണം ചെയ്‌ത ക്‌നാനായ കുടിയേറ്റമക്കളുടെ ആവേശം വാനോളം ഉയര്‍ത്തിയ ദീപശിഖാ-ഛായാചിത്ര പ്രയാണങ്ങള്‍ രാത്രി 9.30 ന് കോട്ടയം രൂപതാ പ്രഥമമെത്രാന്‍ ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഇടയ്‌ക്കാട്ട് ഫൊറോനാ പള്ളിയില്‍ സ്ഥാപിച്ചു.
ജൂബിലി ഉത്‌ഘാടനദിവസമായ ജൂലൈ 15 വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 1.30 ന് റാലിക്കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ ഇടയ്‌ക്കാട്ട് ഫൊറോനായിലെ വിവിധ ഇടവകകളില്‍നിന്നുള്ള നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ക്രിസ്‌തുരാജ കത്തീഡ്രലിലേക്ക് സംവഹിക്കപ്പെട്ട ദീപശിഖ കത്തീഡ്രല്‍ ദൈവാലയ കവാടത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ. എം.എല്‍. ജോര്‍ജ്ജ് മറ്റത്തിക്കുന്നേല്‍ ഏറ്റുവാങ്ങി മാര്‍ മാത്യു മൂലക്കാട്ട് പിതാവിന് കൈമാറി.






