നന്ദിയോടെ ശതാബ്‌ദിയിലേക്ക്‌
Updated on July 8, 2010 at 6:38 pm

MOOLAKKATTUകോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിനു മുന്നോടിയായി അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പൂര്‍ണ രൂപം.

“കര്‍ത്താവിന്റെ അനുഗ്രഹങ്ങള്‍ക്കു പകരമായി ഞാനവിടുത്തേയ്‌ക്കെന്തുകൊടുക്കും? രക്ഷയുടെ കാസ എടുത്തു കൊണ്ട്‌ ഞാന്‍ കര്‍ത്താവിന്റെ നാമം പ്രകീര്‍ത്തിക്കും”. (സങ്കീ. 116:12-13)
ക്‌നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം രക്ഷയുടെ കാസ എടുത്തുകൊണ്ട്‌ കര്‍ത്താവിന്റെ നാമം പ്രകീര്‍ത്തിക്കാന്‍ ഉചിതമായ സമയം സമാഗതമായിരിക്കുന്നു. 1911 ഓഗസ്റ്റ്‌ 29-ാം തീയതി പുണ്യസ്‌മരണാര്‍ഹനായ വി. പത്താം പീയൂസ്‌ മാര്‍പാപ്പായുടെ കൃപാകടാക്ഷത്താല്‍ ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവിന്റെ കരങ്ങളിലേക്കു പിറന്നുവീണ കോട്ടയം വികാരിയാത്ത്‌ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ആഗോള ക്‌നാനായസമുദായത്തിന്റെ അഭിമാനഭാജനമായ അതിരൂപതയായി അവളുടെ 100-ാം ജന്മദിനത്തിലേക്കു പ്രവേശിക്കുകയാണ.്‌ അതിരൂപതയുടെ വളര്‍ച്ചയില്‍ പങ്കാളികളായ എല്ലാവരെയും കൃതജ്ഞതാപൂര്‍വ്വം അനുസ്‌മരിച്ചു കൊണ്ട്‌ നമ്മുടെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവിന്റെ നാമഹേതുക തിരുനാളായ ജൂലൈ 15-ാം തീയതി കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ എത്തിച്ചേരുന്ന സഭാതനയരുടെ സാന്നിദ്ധ്യത്തില്‍ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനംചെയ്യുന്ന അതിരൂപതാ ശതാബ്‌ദിയുടെ തിരിനാളം ഹൃദയത്തിലേറ്റുവാങ്ങി വിശുദ്ധിയുടെ പ്രകാശം പ്രസരിപ്പിക്കാന്‍ ക്‌നാനായ സമുദായം സജ്ജമായിരിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ അതിരൂപതയെ അണിയിച്ചൊരുക്കാന്‍ 2008 ജനുവരിയില്‍ നടന്ന അതിരൂപതാ അസംബ്ലി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ നാം നടത്തിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ അതിരൂപതാ അതിര്‍ത്തികള്‍ക്കപ്പുറം ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുന്ന ക്‌നാനായ സമുദായത്തിന്റെ മുഴുവന്‍ ആത്മാര്‍ത്ഥമായ സഹകരണത്തോടെ ശതാബ്‌ദി ആഘോഷങ്ങള്‍ക്കാവശ്യമായ അന്തരീക്ഷം സംജാതമാക്കിയിരിക്കുന്നു.
തന്റെ സ്വന്തം ജനമായി ഈ സമൂഹത്തെ തെരഞ്ഞെടുത്തു പരിപാലിക്കുന്ന ദൈവതിരുമുമ്പില്‍ കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ ക്‌നാനായ സമുദായം നില്‍ക്കുന്ന ഈ നിമിഷങ്ങളില്‍ ഈ ജനത്തിനു ജന്മം നല്‍കി വളര്‍ത്തിയ പൂര്‍വ്വപിതാക്കന്മാരെ നമുക്കു നന്ദിയോടെ അനുസ്‌മരിക്കാം. മലയാളക്കരയില്‍ ക്‌നാനായ മക്കള്‍ക്ക്‌ അഭിമാനാര്‍ഹമായ വാസസ്ഥാനമൊരുക്കാന്‍ നേതൃത്വം നല്‍കിയ ക്‌നായിത്തോമ്മായെയും പ്രതികൂല സാഹചര്യങ്ങളിലും അടിപതറാതെ കടല്‍ താണ്ടി ഇവിടെ എത്തി ഈ സമൂഹത്തെ ക്രൈസ്‌തവ വിശ്വാസത്തില്‍ മുന്നോട്ട്‌ നയിച്ച സഭാപിതാക്കന്മാരെയും നമുക്കു നന്ദിയോടെ ഓര്‍ക്കാം. തെക്കുംഭാഗര്‍ക്കു സ്വന്തമായി ഒരു വികാരിയാത്ത്‌ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ദൈവദാസന്‍ മാക്കീല്‍ പിതാവിനെയും, കോട്ടയം രൂപതയ്‌ക്ക്‌ ശക്തമായ അടിത്തറപാകിയ അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിനെയും ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചക്കാവശ്യമായ വിവിധങ്ങളായ കര്‍മ്മ പരിപാടികളിലൂടെ കോട്ടയം രൂപതയെ ഈ സമുദായത്തിന്റെ വളര്‍ച്ചയുടെ പ്രഭവസ്ഥാനമാക്കി മാറ്റിയ അഭിവന്ദ്യ തറയില്‍ പിതാവിനെയും, നിശ്ചയദാര്‍ഢ്യത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി ശക്തമായ നേതൃത്വം നല്‍കി അതിരൂപതാപദവിയിലേയ്‌ക്കവളെ ആനയിച്ച അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവിനെയും അവരോടൊപ്പം നിന്ന്‌ നിശബ്‌ദവും നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണ്ണവുമായ പരിശ്രമങ്ങളിലൂടെ ഈ സമുദായ വളര്‍ച്ചയില്‍ പങ്കുചേര്‍ന്ന ബ.വൈദികരെയും സന്യസ്‌തരെയും അത്മായ സഹോദരങ്ങളെയും പ്രാര്‍ത്ഥനാപൂര്‍വ്വം കൃതജ്ഞതയോടെ നമുക്കനുസ്‌മരിക്കാം. ഈ യാത്രയില്‍ നമുക്കു താങ്ങും തണലുമായി നിന്ന സാര്‍വ്വത്രിക സഭാ നേതൃത്വത്തെയും മറ്റ്‌ അഭിവന്ദ്യ പിതാക്കന്മാരെയും ആവശ്യമായ തീരുമാനങ്ങളിലൂടെ നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചയില്‍ സഹകാരികളായ സീറോമലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പുമാരെയും സഭാസിനഡിലെ പിതാക്കന്മാരെയും നമുക്കു നന്ദിയോടെ ഓര്‍ക്കാം. നാനാജാതി മതസ്ഥരായ സാമൂഹ്യ, സാമുദായിക, രാഷ്‌ട്രീയ നേതാക്കന്മാരിലൂടെ ദൈവം നല്‍കിയ നന്മകളെ നന്ദിയോടെ ഓര്‍മ്മിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
പഴയനിയമത്തിലെ ലേവ്യരുടെ പുസ്‌തകം 25-ാം അദ്ധ്യായത്തില്‍ വിവരിക്കുന്ന ജൂബിലി ആചരണത്തിന്റെ ചൈതന്യത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ സഹായകമാകുന്ന പദ്ധതികളാണ്‌ ശതാബ്‌ദി ആചരണത്തിനായി നാം വിഭാവനം ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ 100 വര്‍ഷങ്ങളിലൂടെ നമുക്കു ലഭിച്ച ദൈവകൃപയ്‌ക്ക്‌ നന്ദി നിറഞ്ഞ ഹൃദയത്തോടെ കാഹളം മുഴക്കാനും, ദൈവത്തിങ്കലേക്കു കണ്ണുകളുയര്‍ത്തി ജീവിതത്തെ ക്രമപ്പെടുത്തി ഒരു പുതിയ സൃഷ്‌ടിയാകാനും, സഹോദരങ്ങളിലേക്കു കരങ്ങള്‍ നീട്ടി ഒരു സ്‌നേഹ കൂട്ടായ്‌മയായി വളര്‍ന്നുവരാനും വി. ഗ്രന്ഥം നമ്മെ ആഹ്വാനം ചെയ്യുന്നു. ശതാബ്‌ദി ആചരണങ്ങള്‍ക്ക്‌ ആത്മീയ അടിത്തറ പണിയുന്നതിന്‌ അതിരൂപതാ അസംബ്‌ളി നിര്‍ദ്ദേശിച്ച കുടുംബനവീകരണവര്‍ഷവും ഇടവകനവീകരണവര്‍ഷവും ദൈവജനത്തിന്റെ കൂട്ടായ പരിശ്രമങ്ങളിലൂടെ അനേകം നന്മകള്‍ക്കു കാരണമായിത്തീര്‍ന്നതില്‍ നമുക്കു ദൈവത്തെ സ്‌തുതിക്കാം. ദൈവ കൃപയാല്‍ പരിശുദ്ധപിതാവ്‌ ബനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച വൈദികവര്‍ഷം നമ്മുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാറ്റുകൂട്ടാനും കൂടുതല്‍ ഫലപ്രദമാക്കാനും നമ്മെ സഹായിച്ചു.
ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചക്കടിസ്ഥാനമായി നിലകൊള്ളുന്ന മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളാണ്‌, “തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍” എന്ന മുദ്രാവാക്യത്തിലൂടെ ശതാബ്‌ദി ലക്ഷ്യമിടുന്നത്‌. സമുദായത്തിന്റെ അനന്യതയെക്കുറിച്ചുള്ള അവബോധവും അതു സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഈ സമൂഹത്തിന്റെ അനിവാര്യമായ ശക്തിസ്രോതസ്സുകളാണ്‌. “ഹിന്ദുവില്‍ പോയാലും മക്കളെ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പിടാതോര്‍ക്കണമെപ്പഴും”- ബന്ധങ്ങള്‍ വേര്‍പിടാതെ സൂക്ഷിക്കുന്ന ക്‌നാനായ സമുദായത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുവാന്‍ ശതാബ്‌ദി ആഘോഷങ്ങള്‍ സഹായകമാകണമെന്ന അതിരൂപതാ അസംബ്‌ളിയുടെ ആഗ്രഹം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ കര്‍മ്മപരിപാടികള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്‌. ഇവയ്‌്‌ക്കെല്ലാം അടിസ്ഥാനവും പ്രചോദനവുമായി നിലകൊള്ളുന്നതാകട്ടെ തലമുറകളിലൂടെ കൈമാറി സൂക്ഷിക്കുന്ന വിശ്വാസപൈതൃകവും. ഈ വിശ്വാസദീപത്തെ കൂടുതല്‍ പ്രോജ്വലിപ്പിക്കുവാനും തലമുറകളുടെ ജീവിത വഴിത്താരയില്‍ അണയാത്ത ദീപമായി പ്രശോഭിപ്പിക്കുവാനും ശതാബ്‌ദി ആചരണം സഹായമാകണം.
ഈ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി അതിരൂപതാ അസംബ്‌ളിയുടെ സമാപനത്തില്‍ അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവിന്റെ നേതൃത്വത്തില്‍ നാം രൂപംകൊടുത്ത ശതാബ്‌ദി കമ്മറ്റി ഇടവക, ഫൊറോനാ, അതിരൂപതാ തലങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകളുടെയും അഭിപ്രായ രൂപീകരണങ്ങളുടെയും വെളിച്ചത്തില്‍ വിപുലീകരിച്ച 169 അംഗങ്ങളുള്ള ശതാബ്‌ദി കമ്മറ്റി 13 സബ്‌ കമ്മറ്റികളിലൂടെ ശതാബ്‌ദി ആചരണങ്ങള്‍ക്കാവശ്യമായ വിവിധ കര്‍മ്മ പരിപാടികള്‍ക്ക്‌ അന്തിമരൂപം നല്‍കിക്കൊണ്ടിരിക്കുന്നു.
അതിരൂപതാതലത്തില്‍ നാം വിഭാവനം ചെയ്‌തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്‌ ശതാബ്‌ദിസ്‌മാരക വിദ്യാഭ്യാസ ഫണ്ട്‌. ക്‌നാനായ മക്കളുടെ വളര്‍ച്ചയില്‍ ഓരോ ക്‌നാനായക്കാരനും അഭിമാനപൂര്‍വ്വം പങ്കു ചേരാന്‍ അവകാശവും ചുമതലയുമുണ്ട്‌. കാലോചിതവും കഴിവുകള്‍ക്കനുസൃതവുമായ വിദ്യാഭ്യാസത്തിലൂടെ ക്‌നാനായ സമുദായത്തിലെ ഓരോ അംഗത്തെയും അവര്‍ക്ക്‌ എത്തിച്ചേരാവുന്ന ഔന്നത്യത്തിലേക്കു കൈപിടിച്ചാനയിക്കാന്‍ സമുദായം ഒറ്റക്കെട്ടായി പ്രതിജ്ഞാബദ്ധമാണ്‌. ഇതിനായി സമുദായത്തിലെ ഓരോ അംഗവും അവരുടെ ഒരു മാസത്തെ വരുമാനം 2011-നു മുമ്പായി ഒന്നിച്ചോ ഗഡുക്കളായോ നല്‍കി ഈ പദ്ധതിയെ വിജയിപ്പിക്കാന്‍ സഹകരിക്കണം. വിദ്യാഭ്യാസമേഖലയില്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതോടൊപ്പം ഓരോരുത്തരുടെയും അഭിരുചികളും കഴിവുകളും കണ്ടറിഞ്ഞ്‌ അവര്‍ക്കനുയോജ്യമായ ജീവിതപാതകളിലേക്കവരെ കൈപിടിച്ചാനയിക്കുവാന്‍ സഹായകമായ സംവിധാനമാണ്‌ ശതാബ്‌ദിയുടെ ഭാഗമായി രൂപം നല്‍കിയിരിക്കുന്ന ക്‌നാനായ അക്കാഡമി ഫോര്‍ റിസേര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിംഗ്‌ (KART). സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ വഴികാട്ടിയാകുവാനും പുതിയ മേഖലകള്‍ കണ്ടെത്തി കീഴടക്കാനും KART നു സാധിക്കും.
ശതാബ്‌ദി ആചരണത്തിന്റെ ഭാഗമായി അതിരൂപതാ അസംബ്‌ളി നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റൊരു പ്രവര്‍ത്തനമാണല്ലൊ ആരോഗ്യ സുരക്ഷാ പദ്ധതി. അതിരൂപതയിലെ എല്ലാ ഇടവകകളിലും ഇടവകതലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ ഇടവകയിലെ എല്ലാ കുടുംബങ്ങളെയും ചേര്‍ക്കുന്നതോടൊപ്പം ഇടവകാതിര്‍ത്തിയിലുള്ള നാനാജാതി മതസ്ഥരായ ആളുകള്‍ക്കും കൂടി ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ ഇതു നടപ്പിലാക്കണമെന്നാണു നാം ആഗ്രഹിക്കുന്നത്‌. ഈ പദ്ധതിയിലൂടെ എല്ലാവരിലും ആരോഗ്യസുരക്ഷാ മനോഭാവവും സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്തിയെടുക്കുവാന്‍ നമുക്കു സാധിക്കണം. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, `ശതാബ്‌ദി വൃക്ഷം’, `എന്റെ സ്‌നേഹവീട്‌’, വില്ലേജ്‌, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ വ്യത്യസ്‌തവും ആകര്‍ഷണീയവുമായ കര്‍മ്മപരിപാടികളിലൂടെ ശതാബ്‌ദി ആചരണം അര്‍ത്ഥപൂര്‍ണ്ണവും ഫലപ്രദവുമാക്കാനുള്ള പരിശ്രമങ്ങളില്‍ ഹൃദയപൂര്‍വ്വം നമുക്കു പങ്കുചേരാം. ക്‌നാനായ സമുദായത്തിന്റെ ഐക്യം പരിപോഷിപ്പിക്കാനുതകുന്ന സമ്മേളനങ്ങള്‍, പഠനങ്ങള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍ തുടങ്ങിയവയും ഈ ശതാബ്‌ദി വര്‍ഷത്തില്‍ നടത്തപ്പെടുന്നു. നമ്മുടെ അതിരൂപതയുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത്‌ ക്‌നാനായ സമൂഹത്തിനു മുഴുവന്‍ ശതാബ്‌ദി ആചരണങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കണം എന്ന ലക്ഷ്യത്തോടെ അതിരൂപതാ തലത്തില്‍ നടത്തപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫൊറോനാകള്‍ കേന്ദ്രമാക്കി നടത്താനാണ്‌ നാം തീരുമാനിച്ചിരിക്കുന്നത്‌. ശതാബ്‌ദിയുടെ സമാപന സമ്മേളനങ്ങള്‍ കോട്ടയം കേന്ദ്രമാക്കി നടത്തപ്പെടുന്നതാണ്‌. ശതാബ്‌ദിവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും അവ നടത്തപ്പെടുന്ന സ്ഥലവും സമയവുമെല്ലാം വ്യക്തമായി അവതരിപ്പിക്കുന്ന ഒരു ശതാബ്‌ദി കലണ്ടര്‍ നമ്മുടെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതാണ്‌.
നമ്മുടെ അതിരൂപതയുടെ ശതാബ്‌ദി ആചരണങ്ങള്‍ ഫലദായകവും അര്‍ത്ഥപൂര്‍ണവുമാകുന്നത്‌ നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാര്‍ഥമായ സഹകരണത്തിലൂടെയാണ്‌ എന്ന്‌ എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏറ്റം പ്രധാനമായത്‌ നമ്മുടെ ആത്മീയ ഒരുക്കവും ഓരോരുത്തരുടെയും ആത്മാര്‍ഥമായ പ്രാര്‍ഥനയുമാണ്‌. വി. ഗ്രന്ഥത്തില്‍ നാം കാണുന്നതുപോലെ ജൂബിലിവര്‍ഷം ദൈവത്തിന്റെ വര്‍ഷമാണ്‌. അതിനോട്‌ ആത്മാര്‍ഥമായി സഹകരിക്കുന്നവര്‍ ദൈവത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ദൈവാനുഗ്രഹങ്ങള്‍ക്ക്‌ പാത്രീഭൂതരാവുകയും ചെയ്യുന്നു. ദൈവകൃപയാല്‍ ശതാബ്‌ദി ആചരണങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സൗകര്യങ്ങള്‍ നമ്മുടെ സമുദായത്തിനുണ്ട്‌. അതിനാല്‍ മടികൂടാതെ തുറന്ന മനസ്സോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹകരണം നല്‍കാന്‍ ഏവരും തയാറാകണമെന്ന്‌ ഞാന്‍ സ്‌നേഹപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു. ദൈവദാനം ദൈവമക്കള്‍ക്കായി പങ്കിടുമ്പോള്‍ കുറയുകയല്ല വര്‍ധിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ നമ്മുടെ പിതാക്കന്മാരില്‍ നിന്നു നാം പഠിച്ചിട്ടുണ്ടല്ലോ.
പ്രാര്‍ഥനാസഹായവും സാമ്പത്തിക സഹകരണവും നല്‍കുന്നതോടൊപ്പം ഈ തലമുറയ്‌ക്കു ദൈവമൊരുക്കിയ ആനന്ദത്തില്‍ ശാരീരിക സാന്നിദ്ധ്യം വഴി പങ്കുചേരുവാനും എല്ലാ സമുദായാംഗങ്ങളെയും ഞാന്‍ സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്യുന്നു. 2011 ഓഗസ്റ്റ്‌ 28-ാം തീയതി നടക്കുന്ന സമാപന പരിപാടികളില്‍ സംബന്ധിക്കുവാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ക്‌നാനായ സമുദായത്തിലെ ഓരോ അംഗവും പരമാവധി പരിശ്രമിക്കുമല്ലോ. ഏതെങ്കിലും കാരണത്താല്‍ അതിനു സാധിക്കാത്ത ക്‌നാനായ മക്കള്‍ ഈ ശതാബ്‌ദി വര്‍ഷത്തില്‍ വിവിധ ഫൊറോനകളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ ഒന്നിലെങ്കിലും പങ്കെടുത്ത്‌ ശതാബ്‌ദിയുടെ ആനന്ദം ആത്മാവില്‍ ഏറ്റുവാങ്ങി ക്‌നാനായ സമുദായ കൂട്ടായ്‌മയുടെ അഭിമാനബോധം തലമുറകള്‍ക്കു കുറയാതെ പങ്കുവയ്‌ക്കാന്‍ കഴിയുന്നവരാകണം എന്നാണ്‌ എന്റെ ആഗ്രഹം.
2010 ജൂലൈ 15-ാം തീയതി ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ നടക്കുന്ന സമൂഹബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായി പങ്കുചേരുകയും
എല്ലാ സന്യസ്‌തരും സാധിക്കുന്നത്ര അത്മായരും പങ്കെടുക്കുകയും ഇടവകകളില്‍ നിന്നുള്ള പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, അതിരൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ശതാബ്‌ദികമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം വി. കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ഉദ്‌ഘാടന ചടങ്ങിലും ഉണ്ടാകണം.
ശതാബ്‌ദിയിലേയ്‌ക്കെത്താന്‍ കനിഞ്ഞനുഗ്രഹിച്ച നല്ലവനായ ദൈവത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ആത്മീയ നവീകരണത്തിലൂടെയും ജീവിത വിശുദ്ധിയിലൂടെയും സംജാതമാകുന്ന ഹൃദയ ഐക്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ശതാബ്‌ദി ആഘോഷങ്ങളിലേക്കു നമുക്കു പ്രവേശിക്കാം. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും അതിരൂപതാസ്ഥാപകനായ വി. പത്താം പീയൂസിന്റെയും ദൈവദാസന്മാരായ മാര്‍ മാക്കീല്‍ പിതാവിന്റെയും പൂതത്തില്‍ തൊമ്മിയച്ചന്റെയും പ്രാര്‍ഥനാസഹായം ഈശോയുടെ തിരുഹൃദയത്തില്‍ നമ്മെ നിരന്തരം സംരക്ഷിക്കട്ടെ. എല്ലാവര്‍ക്കും അതിരൂപതാശതാബ്‌ദിയുടെ മംഗളങ്ങള്‍ ആശംസിക്കുന്നു.

MORE CENTENARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4