കൂടല്ലൂര്‍: വൃദ്ധജനങ്ങളെ പരിഗണിക്കുവാനും, സ്‌നേഹം പകരുവാനുമുള്ള മനോഭാവം കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തില്‍ വൃദ്ധജനങ്ങള്‍ക്ക് സാന്ത്വനത്തിന്റെ തൂവല്‍സ്‌പര്‍ശം പകര്‍ന്നുനല്‌കി ഒരുപറ്റം യുവജനങ്ങള്‍ നാടിനു മാതൃകയായി. കാരിത്താസ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സഹകരണത്തോടെ കെ.സി.വൈ.എല്‍. കൂടല്ലൂര്‍ യൂണിറ്റാണ് വര്‍ഷങ്ങളായി സ്വഭവനങ്ങളില്‍ രോഗികളായി കഴിയുന്നവര്‍ക്ക് സ്‌നേഹത്തിന്റെ തണലില്‍ ഒരുമിച്ചു കൂടാന്‍ അവസരമൊരുക്കിയത്. കൂടല്ലൂര്‍ സെന്റ് മേരീസ് ദേവാലയാങ്കണത്തില്‍ ഇത്തരത്തിലുള്ള 45 വൃദ്ധജനങ്ങള്‍ ഒരുമിച്ചുകൂടുകയും, പരിചയം പുതുക്കുകയും ചെയ്‌തപ്പോള്‍ തങ്ങളുടെ വേദനകള്‍ മറന്ന് അവര്‍ ആഹ്ലാദത്തിന്റെ പുതിയ ലോകത്ത് എത്തുകയായിരുന്നു. നാടന്‍ പാട്ടുകള്‍, ലഘുനാടകം, പുരാതനപ്പാട്ടുകള്‍, മാര്‍ഗംകളി തുടങ്ങിയ കലാവിഭവങ്ങളൊരുക്കി യുവജനങ്ങള്‍ മുതിര്‍ന്ന തലമുറയ്‌ക്ക് സംഗമം കൂടുതല്‍ ആസ്വാദകരമാക്കി. രോഗഗ്രസ്ഥരായവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് പരസ്‌പരം കാണുവാനും പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കുവാനും സംഗമം അവസരമൊരുക്കി. ഡോ. മേരി കളപ്പുര, ഡോ. ബിബിത പീറ്റര്‍, സിസ്റ്റര്‍ സെലിന്‍, ആന്‍സമ്മ എന്നിവര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ടീം വൃദ്ധരായ രോഗികള്‍ക്ക് ആവശ്യമായ വൈദ്യസഹായവും, നിര്‍ദേശങ്ങളും നല്‌കി. വികാരി ഫാ. ജെയിംസ് പൂതൃക്കയില്‍, ഫാ. അലക്‌സ് ചെട്ടിയാത്ത് എന്നിവര്‍ ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിച്ചു. കാരിത്താസ് ആശുപത്രിയുടെ ആംബുലന്‍സ്, പാലിയേറ്റീവ് കെയര്‍ വോളന്റീയേഴ്‌സിന്റെ സേവനം ഈ സംരംഭത്തിന് വളരെ ഉപകരിച്ചു. വൃദ്ധമാതാപിതാക്കളുടെ ഈ `ഉല്ലാസയാത്ര’, അവരുടെ മനസിനും, ആത്മാവിനും കുളിര്‍മമയും അവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് ശരിയായ ദിശാബോധവും നല്‌കി. അതിലുപരി വൃദ്ധരായ മാതാപിതാക്കളെ സ്‌നേഹിക്കാനും, ശുശ്രൂഷിക്കുവാനും അവസരമൊരുങ്ങിയതിന്റെ ആത്മസംതൃപ്‌തി ഇടവകയിലെ യുവജനങ്ങള്‍ക്ക് ലഭിച്ചു. മറ്റ് ഇടവകകളിലെ യുവജനങ്ങള്‍ മുമ്പോട്ടു വന്നാല്‍ ഇത്തരം സംരംഭങ്ങളോട് കൂടുതലായി സഹകരിക്കുവാന്‍ കാരിത്താസ് പാലിയേറ്റീവ് കെയര്‍ സന്നദ്ധമാണെന്ന്, കോട്ടയം ജില്ലാ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റുകൂടിയായ ഡോ. മേരി കളപ്പുരയ്‌ക്കല്‍ പറഞ്ഞു. ചടങ്ങില്‍ അതിരൂപതയിലെ കെ.സി.വൈ.എല്‍. ഭാരവാഹികള്‍, ഡയറക്‌ടര്‍ ഫാ. ജിനു കാവിലിനൊപ്പം സന്നിഹിതരായിരുന്നു. കെ.സി.വൈ.എല്‍ യൂണിറ്റ് പ്രസിഡന്റ് തോമസ്‌കുട്ടി തടത്തില്‍ നന്ദി പറഞ്ഞു. 2010-ലെ യുവജനദിനത്തില്‍ ഒരുക്കിയ വൃദ്ധജനങ്ങളുടെ സംഗമം കെ.സി.വൈ.എല്‍. യൂണിറ്റിന് അവിസ്‌മരണീയ അനുഭവമായി മാറി.






