രാജപുരം; വൈദിക വര്‍ഷം പ്രമാണിച്ച് രാജപുരത്തു വച്ച് ഫൊറോനയിലെ വൈദിക – സന്യസ്‌ത സംഗമം സംഘടിപ്പിച്ചു. കൂടാരയോഗത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ സംഗമത്തില്‍ വൈദികരും സന്യസ്‌തരുമായി എഴുപത്തഞ്ചോളം പേര്‍ പങ്കെടുത്തു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യാതിഥിയായിരുന്നു. കൊച്ചുപിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും നിരവധി വൈദികരുടെ സഹകാര്‍മികത്വത്തിലും അര്‍പ്പിച്ച ദിവ്യബലിയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. തുടര്‍ന്നു ചേര്‍ന്ന പൊതുസമ്മേളനം മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫൊറോനാ വികാരി ഫാ.ജോസ് കടവില്‍ചിറയില്‍ സ്വാഗതം ആശംസിച്ചു. കൂടാരയോഗം പ്രസിഡന്റ് എന്‍.എം.ജോസ് നിരപ്പേല്‍ അധ്യക്ഷത വഹിച്ചു. രാജപുരം പയസ് ടെന്‍ത് കോളജിലെ അധ്യാപകന്‍ ഡോ.സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റുമാര്‍ ആശംസയര്‍പ്പിച്ചു. ചടങ്ങിനെത്തിയ എല്ലാ വൈദികരെയും സന്യസ്‌തരെയും ഉപഹാരം നല്‍കി ആദരിച്ചു. ഫാ.അനീഷ് മുളവേലിപ്പുറത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് മതബോധന വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.






