തോമ്മാ ശ്ലീഹാ – വിശ്വാസത്തിന്റെ മഹാതേജസ്‌
Updated on July 3, 2009 at 5:50 am
st-thomasശോകമൂകമായിരുന്ന ഗൊല്‍ഗോഥയും താഴ്‌വാരങ്ങളും. പക്ഷികള്‍ പാടാന്‍ മറന്ന പകലുകള്‍. ആകാശമുറ്റത്ത്‌ നക്ഷത്രങ്ങള്‍ വിളക്കുവയ്‌ക്കാത്ത രാവുകള്‍. ആകെക്കൂടി ഒരു മരണവീടിന്റെ പ്രതീതിയായിരുന്നു പ്രപഞ്ചത്തിന്‌. ദിവസങ്ങള്‍ക്കു മുമ്പ്‌ പട്ടാപ്പകല്‍ അപ്രതീക്ഷിതമായി പൊട്ടിവീണ ഇരുട്ടിന്റെയും ഭൂമി പിളര്‍ന്നെത്തിയ ഭീകരമായ മുഴക്കത്തിന്റെയും ഞെട്ടലില്‍ നിന്നും ഇനിയും മോചിതയായിരുന്നില്ല പ്രകൃതി. ജീവിതത്തിന്റെ അനിവാര്യതയായ ഒരു മരണത്തിലൂടെ കാലത്തെ രണ്ടായി പകുത്ത ദിനങ്ങള്‍. ആ ദിനങ്ങളില്‍ ആത്മാവില്‍ ആളുന്ന അഗ്നിയുമായി അശരണമായ മനസോടെ അലയുകയായിരുന്നു അയാള്‍. യൂദാസ്‌ തോമസ്‌ എന്നറിയപ്പെട്ടിരുന്ന ദിദീമൂസ്‌ എന്ന തോമസ്‌. മലമുകളിലെ ശൂന്യമായ കല്ലറയ്‌ക്കു മുന്നിലൂടെ, ചോരക്കറ ഉണങ്ങിയ കാല്‍വരിയിലൂടെ, കയ്യിലുയര്‍ത്തിയ കുരിശുമായി നില്‍ക്കുന്ന ഗിരിശൃംഗങ്ങളിലൂടെ, കാലമുറങ്ങുന്ന അക്കല്‍ദാമയിലെ നനഞ്ഞ മണ്ണിലൂടെ അയാള്‍ ലക്ഷ്യമില്ലാതെ നടന്നു.
ചോര വാര്‍ന്നൊലിക്കുന്ന ഗുരുവിന്റെ ദയനീയമുഖമായിരുന്നു മനസില്‍. കാതുകളില്‍ അവിടുത്തെ സ്‌നേഹാര്‍ദ്രമായ സ്വരം. കണ്‍മുന്നില്‍ കാല്‍വരിയാത്രയുടെയും ക്രൂരമായ കുരിശ്ശേറ്റത്തിന്റെയും രംഗങ്ങള്‍. എല്ലാം മറക്കാനായി അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌ കൈയ്‌ കൊണ്ട്‌ കാതുകള്‍ പൊത്തി പാറമേല്‍ കമിഴ്‌ന്നുകിടന്നു. കടലിന്റെ ദുരന്തങ്ങളില്‍ നിന്നും ജീവിതദുഃഖങ്ങളില്‍ നിന്നും നിത്യശാന്തിയിലേയ്‌ക്കും അസ്‌തമിക്കാത്ത വെളിച്ചത്തിലേയ്‌ക്കും തന്നെ കൂട്ടിക്കൊണ്ടുവന്ന ഗുരു. ആ ഗുരുവിന്റെ മുഖം ഒരിക്കല്‍കൂടി ഒന്നു കാണാനായെങ്കിലെന്ന്‌, അകലെ നിന്നാണെങ്കിലും അദ്ദേഹത്തെ ‘ഗുരോ’ എന്ന്‌ ഒരിക്കല്‍കൂടി ഒന്നു വിളിക്കാനായെങ്കിലെന്ന്‌ അയാള്‍ ആശിച്ചു. പിന്നെ, തപിക്കുന്ന മനസ്സിനെ നിരാശത കീഴടക്കിയ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍, കഴിഞ്ഞതെല്ലാം മറന്ന്‌, ഒരിക്കല്‍ താന്‍ ഉപേക്ഷിച്ച തുളവീണ വള്ളവും കീറിത്തുന്നിയ വലയുമായി കടലിന്റെ ആഴങ്ങളിലേക്കു തന്നെ മടങ്ങിയാലോ എന്ന്‌ അയാള്‍ വെറുതെ ഓര്‍ത്തു. അപ്പോള്‍ ഉള്ളിലിരുന്ന്‌ ആരോ വിലക്കി “വേണ്ട, അവന്‍ നീതിമാനാണ്‌. മനുഷ്യപുത്രനാണ്‌. അവന്‍ മടങ്ങിവരും. ഒരു നാള്‍ നിന്നെ ‘മകനേ’ എന്നു വിളിച്ച്‌ കടലിന്‌ മീതെ കൈയ്‌ പിടിച്ചുനടത്തും….”
ആത്മാവിന്റെ അനുരണനമായി മാറിയ ഗുരുവിന്റെ സ്വരം അയാളെ വീര്‍പ്പുമുട്ടിച്ചു. അപ്പോള്‍ ആത്മഗതംപോലെ അയാള്‍ പറഞ്ഞു; “ഗുരോ ഇത്‌ ഞാനാണ്‌; നീ തോമ്മായെന്ന്‌ വിളിക്കുന്ന നിന്റെ പ്രിയ ശിഷ്യന്‍…”
തോമ്മായുടെ തൊണ്ട ഇടറി. വാക്കുകള്‍ തൊണ്ടയിലെവിടെയോ കുരുങ്ങിപ്പിടഞ്ഞു.
“ജനത്തിന്‌ നിന്റെ ഇരട്ടയായി പിറന്നവനാണല്ലോ ഞാന്‍. നിന്റെ രൂപസാദൃശ്യവും മുഖഛായയുമുള്ളവന്‍. എന്നിട്ടും നീ എന്തേ എന്നെ മറന്നു…?” അയാള്‍ കൈയ്‌ത്തലങ്ങളില്‍ മുഖമമര്‍ത്തി വിങ്ങിപ്പൊട്ടി.
“തോമ്മാ നിന്നെ ഞാന്‍ എല്ലാവരെയുംകാള്‍ കൂടുതലായി സ്‌നേഹിക്കുന്നു എന്നു പറയുകയും തന്റെ ധൈര്യത്തെ പുകഴ്‌ത്തുകയും ചെയ്യുമായിരുന്ന തന്റെ പ്രിയപ്പെട്ട ഗുരു എന്തേ തന്നെമാത്രം മറന്നു…. ഒരു വേള, സ്‌ത്രീകള്‍ക്കും ശിഷ്യര്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌ അവന്‍ തന്നെ ആയിരുന്നില്ലേയെന്ന്‌ ഒരുനിമിഷം അയാള്‍ സംശയിച്ചു.
ആഴ്‌ചയുടെ ആദ്യദിനത്തില്‍ ഭക്തസ്‌ത്രീകള്‍ക്കും ഏതാനും ശിഷ്യന്മാര്‍ക്കും ദര്‍ശനം നല്‍കിയ ഗുരു. തനിക്കുമാത്രം അവിടുത്തെ ഒരു നോക്കു കാണാനായില്ലല്ലോയെന്നോര്‍ത്ത്‌ അയാള്‍ തേങ്ങിക്കരഞ്ഞു.
യൂദന്മാരെ ഭയന്ന്‌ വാതിലുകള്‍ ബന്ധിച്ച്‌ മുറിക്കുള്ളില്‍ മൗനമായി പ്രാര്‍ത്ഥിച്ചിരുന്നവരുടെ മുന്നില്‍ ഒരു മുന്നറിയിപ്പും കൂടാതെ പ്രത്യക്ഷപ്പെടാന്‍ തന്റെ ഗുരുവിനുമാത്രമേ കഴിയൂയെന്ന്‌ തോമ്മാ സ്വന്തം മനസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനാണവന്‍. കല്യാണവീട്ടില്‍ വെള്ളം വീഞ്ഞാക്കിയവന്‍, കടലിനു മീതെ നടന്നുപോയവന്‍, കുരുടനു കാഴ്‌ചയും ചെകിടനു കേഴ്‌വിയും രോഗികള്‍ക്കു സൗഖ്യവും നല്‍കിയവന്‍; മര്‍ത്തായുടെയും മറിയത്തിന്റെയും സഹോദരന്‍ ലാസറിനെ പേരു ചൊല്ലിവിളിച്ച്‌ കല്ലറയില്‍നിന്നും ഉയിര്‍പ്പിച്ചവന്‍. എല്ലാത്തിനും താന്‍ സാക്ഷിയാണ്‌.
ഉത്ഥാനത്തിന്റെ എട്ടാംനാള്‍ വാതിലുകള്‍ പൂട്ടിയ ഊട്ടുശാലയ്‌ക്കുള്ളില്‍ ഗുരുവിന്റെ മറ്റ്‌ ശിഷ്യന്മാര്‍ക്കൊപ്പം തകര്‍ന്ന മനസ്സോടെ തളര്‍ന്നിരിക്കെ അവന്‍ ആരാഞ്ഞു: “നിങ്ങള്‍ അവനെ കണ്ടോ? അവന്റെ മുഖത്തു ചോരപ്പാടുകളുണ്ടോ?…. വിലാപ്പുറത്ത്‌ ആണിപ്പഴുതുകളുണ്ടോ?….. തീര്‍ച്ചയായും അത്‌ നമ്മുടെ ഗുരുതന്നെ ആയിരുന്നെന്ന്‌ നിങ്ങള്‍ക്ക്‌ ഉറപ്പുണ്ടോ….?”
അത്‌ ഗുരുതന്നെ ആയിരുന്നെന്ന്‌ ശിഷ്യന്മാര്‍ അവന്‌ ഉറപ്പുനല്‍കി. ഇത്രയൊക്കെ സ്‌നേഹിച്ചിട്ടും അവനോടൊപ്പം പോയി മരിക്കാന്‍പോലും തയ്യാറായിട്ടും തനിക്കുമാത്രം അവനെ കാണാനായില്ലല്ലോ എന്ന ദുഃഖത്തില്‍ അവന്‍ എല്ലാം മനഃപൂര്‍വം മറക്കാന്‍ ശ്രമിച്ചു.
ഊട്ടുശാലയുടെ നിശബ്‌ദതയിലിരുന്ന്‌ ഗുരുവിനെക്കുറിച്ച്‌ ഓര്‍ത്ത്‌ കരഞ്ഞുകരഞ്ഞ്‌ അയാള്‍ അറിയാതെ മയങ്ങി. പെട്ടെന്ന്‌ പരിചിതമായ ഒരു സ്വരംകേട്ട്‌ അയാള്‍ ഞെട്ടി ഉണര്‍ന്നു.
മുന്നില്‍ മരണത്തെ ജയിച്ച തന്റെ ഗുരു….. ആണിപ്പഴുതു വീണ കരങ്ങളുയര്‍ത്തി അവിടുന്ന്‌ വിളിക്കുന്നു. “തോമ്മാ” സ്‌നേഹാര്‍ദ്രമായ ആ വിളിയുടെ മധുരമായ സ്വരം ഒരായിരം കാതുകളിലൂടെ തന്റെ ആത്മാവില്‍ ഒഴുകി നിറയുന്നതായി അയാള്‍ക്കുതോന്നി.
“നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക. എന്റെ കൈയ്‌കള്‍ കാണുക. നിന്റെ കൈയ്‌ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ നീ വിശ്വാസിയായിരിക്കുക…” ഗുരു പറഞ്ഞു.
“എന്റെ കര്‍ത്താവേ… എന്റെ ദൈവമേ…” തോമ്മാ സര്‍വവും മറന്ന്‌ പ്രതിവചിച്ചു. അവന്റെ ഹൃദയത്തിന്റെ മന്ത്രണമായിരുന്നു ആ വാക്കുകള്‍.
“നീ എന്നെ കണ്ടതുകൊണ്ട്‌ വിശ്വസിച്ചു. കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍” ഗുരു തോമ്മായോടായി പറഞ്ഞു.
“എന്റെ കര്‍ത്താവേ… എന്റെ ദൈവമേ” എന്ന വാക്കുകളിലൂടെ തന്റെ ഗുരുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ധീരനായ തോമ്മാ. വിശ്വാസത്തിന്റെ സജീവ സാന്നിധ്യമായ ഈ അപ്പസ്‌തോലന്‍ ഭാരതസഭയുടെ മാത്രമല്ല ആഗോള ക്രൈസ്‌തവ സഭയുടെ തന്നെ പിതാവും സംരക്ഷകനുമാണ്‌. യേശുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം അവിടുത്തെ ഉപദേശമനുസരിച്ച്‌ ശ്ലീഹന്മാര്‍ പ്രേഷിത പ്രവര്‍ത്തനത്തിനു പോകുന്ന സ്ഥലം കുറിയിട്ടാണു തീരുമാനിച്ചതെന്ന്‌ അപ്രമാണിക ഗ്രന്ഥമായ ‘തോമ്മായുടെ നടപടിയില്‍’ പറയുന്നു.
കുറിയിട്ടപ്പോള്‍ തോമ്മാശ്ലീഹായ്‌ക്കു കിട്ടിയത്‌ ഭാരതമായിരുന്നു. എന്നാല്‍ ഭാരതത്തിലേയ്‌ക്കു പോകാന്‍ ഇഷ്‌ടമില്ലാതിരുന്ന തോമ്മായെ യേശു പ്രത്യക്ഷപ്പെട്ട്‌ ധൈര്യപ്പെടുത്തുകയായിരുന്നത്രെ. ഭാരതത്തിലേയ്‌ക്കു യാത്രതിരിച്ച തോമ്മാശ്ലീഹ കടല്‍മാര്‍ഗം ചന്ദ്രഗിരി തുറമുഖത്തെത്തി, അവിടത്തെ രാജാവിന്റെ മകളുടെ വിവാഹകര്‍മത്തില്‍ പങ്കെടുക്കുകയും വധൂവരന്മാരെ ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്‌തുയെന്ന്‌ ചരിത്രം പറയുന്നു.
ഒന്നാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയോടടുത്താണ്‌ തോമ്മാശ്ലീഹാ തന്റെ വിശ്വാസ പ്രഖ്യാപനവും സുവിശേഷദൗത്യവുമായി ഭാരതത്തിലെത്തുന്നത്‌. ഇവിടെയെത്തിയ അദ്ദേഹം ഗുണ്ടഫര്‍ രാജാവിനെ ചെന്നു കാണുന്നു. മനോഹരമായ ഒരു കൊട്ടാരം പണിയാന്‍ രാജാവ്‌ അദ്ദേഹത്തെ ചുമതലപ്പെടുത്തുന്നു. എന്നാല്‍ കൊട്ടാരം പണിക്കായി രാജാവ്‌ ഏല്‌പിച്ച പണം തോമ്മാശ്ലീഹാ സാധുജന സംരക്ഷണത്തിനായി വിനിയോഗിക്കുകയായിരുന്നു. കുപിതനായ രാജാവ്‌ അദ്ദേഹത്തെ തടവിലാക്കി. അന്നുരാത്രിയില്‍ രാജാവിന്റെ സഹോദരന്‍ ഗാദു മരിക്കുന്നു. സ്വര്‍ഗത്തിലെത്തിയ അയാള്‍ തോമ്മാശ്ലീഹ ഗുണ്ടഫര്‍ രാജാവിനുവേണ്ടി നിര്‍മിച്ച കൊട്ടാരം കാണുന്നു. ഗാദു ഭൂമിയില്‍ മടങ്ങിയെത്തി രാജാവിനെ ഈ വിവരം അറിയിക്കുന്നു.
രാജാവ്‌ തോമ്മാശ്ലീഹായോട്‌ അനുതാപപൂര്‍വം മാപ്പ്‌ ചോദിച്ചുവെന്നും ശ്ലീഹായില്‍നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ചുവെന്നും ചരിത്രംപറയുന്നു.
ഭാരതപര്യടനത്തിനിടയിലാണ്‌ തോമ്മാശ്ലീഹ കേരളത്തിലെത്തുന്നത്‌. വിദേശിയരായ വ്യാപാരിസംഘത്തോടൊപ്പം എ.ഡി. 52-ലാണ്‌ തോമ്മാ ശ്ലീഹ കൊടുങ്ങല്ലൂര്‍ തുറമുഖത്ത്‌ എത്തിചേര്‍ന്നത്‌. കേരളത്തിലുടനീളം സഞ്ചരിച്ച അദ്ദേഹം രക്ഷയുടെ സുവിശേഷം ആളുകളെ അറിയിച്ചു. യേശുവിന്റെ സ്‌നേഹം അവരെ അനുഭവിപ്പിച്ചു. ഉന്നതകുലജാതരായ അനേകര്‍ തോമ്മാശ്ലീഹായില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ചു. അവരാണ്‌ കേരളത്തിലെ മാര്‍ത്തോമ്മാ നസ്രാണികളുടെ പിതാക്കന്മാര്‍. കൊടുങ്ങല്ലൂര്‍, പാലയ്‌ക്കല്‍, കോട്ടയ്‌ക്കല്‍, നിരണം, കൊല്ലം, ചായല്‍, കോക്കമംഗലം എന്നീ സ്ഥലങ്ങളില്‍ അദ്ദേഹം വിശ്വാസികളുടെ സമൂഹത്തിനു രൂപം നല്‌കി. കന്യാകുമാരി ജില്ലയിലെ തക്കലയ്‌ക്കു സമീപം തിരുവിതാംകോട്ട്‌ കുരിശു സ്ഥാപിക്കുകയും അരപ്പള്ളി പണിയുകയും ചെയ്‌തു. ശങ്കരപുരി, പകലോമറ്റം, കള്ളി, കാളികാവ്‌, കോയിക്കര, മാടപ്പുറം, നെടുമ്പള്ളി തുടങ്ങിയ 32 ഇല്ലക്കാരാണ്‌ തോമ്മാശ്ലീഹായില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ചത്‌. ഇവരില്‍ പകലോമറ്റം കുടുംബക്കാരില്‍ നിന്ന്‌ മേല്‍പ്പട്ടക്കാരെയും ശങ്കരപുരികുടുംബക്കാരില്‍ നിന്ന്‌ പുരോഹിതന്മാരെയും ശ്ലീഹ നേരിട്ടു നിയമിക്കുകയായിരുന്നു എന്നാണ്‌ ചരിത്രം.
കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശ്ലീഹ ചോളരാജ്യത്തേയ്‌ക്ക്‌ പോയി. തിരിച്ചെത്തിയ അദ്ദേഹം മലയാറ്റൂരിലേയ്‌ക്കു പോയി. അവിടെ ഏറെനാള്‍ പ്രാര്‍ത്ഥനയില്‍ മുഴുകികഴിഞ്ഞശേഷം വീണ്ടും ചോള രാജ്യത്തേയ്‌ക്കുപോയ ശ്ലീഹ മദ്രാസിനു സമീപമുള്ള മൈലാപ്പൂരിലെ ചിന്നമല കേന്ദ്രമാക്കി സുവിശേഷപ്രവര്‍ത്തനം തുടങ്ങി. അവിടെവച്ച്‌ എ.ഡി 72 ജൂലൈ മൂന്നിന്‌ ഒരു ബ്രാഹ്മണപൂജാരി അദ്ദേഹത്തെ ശൂലംകൊണ്ട്‌ കുത്തികൊല്ലുകയായിരുന്നു.
സഭയ്‌ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ആ വിശുദ്ധന്റെ സ്‌മരണയാണ്‌ എല്ലാവര്‍ഷവും ‘ദുക്‌റാന’യായി നാം ആചരിക്കുന്നത്‌.
മൈലാപ്പൂര്‍ സാന്തോം കത്തീഡ്രലിലെ അദ്ദേഹത്തിന്റെ കബറിടം വിശ്വാസികള്‍ക്ക്‌ എന്നും പുണ്യസങ്കേതമാണ്‌. വിശ്വാസസംരക്ഷണത്തിനും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കുമായി സ്വജീവന്‍ ബലിയായി നല്‍കിയ വിശുദ്ധന്‍ സ്ഥാപിച്ച പള്ളികളും അദ്ദേഹത്തിന്റെ കാല്‌പാടുകള്‍ വീണ പുണ്യസ്ഥലങ്ങളും പതിനായിരങ്ങള്‍ക്കു ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌.
വിറയ്‌ക്കുന്ന കരങ്ങളോടെ ഗുരുവിന്റെ മുറിവുകള്‍ തൊട്ടറിയുകയും സ്‌പര്‍ശനവിശുദ്ധിയില്‍ അവിടുത്തെ സ്‌നേഹചൈതന്യം സ്വന്തം ആത്മാവില്‍ ആവാഹിക്കുകയും ചെയ്‌ത തോമ്മാശ്ലീഹാ, തനിക്ക്‌ ഗുരുവില്‍ നിന്ന്‌ കിട്ടിയ സ്‌നേഹവും വിശ്വാസവും മറ്റുള്ളവര്‍ക്ക്‌ അതേ അളവില്‍ പകര്‍ന്നു നല്‍കിയ ക്രിസ്‌തുശിഷ്യനാണ്‌. എന്റെ കര്‍ത്താവേ എന്റെ ദൈവമേ – എന്ന വിശ്വാസ പ്രഖ്യാപനം ക്രൈസ്‌തവ വിശ്വാസത്തിന്റെ ആണിക്കല്ലാണ്‌. യേശുവിലുള്ള പൂര്‍ണ സമര്‍പ്പണമാണ്‌ ഇതുവഴി വെളിപ്പെടുന്നത്‌. ഭാരതസഭയില്‍ വിശ്വാസത്തിന്റെ ജ്വാല കൊളുത്തിയ തോമ്മാ ശ്ലീഹാ നമ്മുടെ മാര്‍ഗദീപമാണ്‌. നമുക്കും ഗുരുവിനോടൊപ്പം പോയി മരിക്കാമെന്നു – പറഞ്ഞ നിര്‍ഭയനും ധീരനുമായ ക്രിസ്‌തുശിഷ്യനാണ്‌ തോമ്മാശ്ലീഹാ. തന്റെ ജന്മദേശമായ പാലസ്‌തീനായില്‍ അധര്‍മവും അനീതിയും തേര്‍വാഴ്‌ച നടത്തുന്നതു കണ്ട്‌ മനംമടുത്ത്‌ മാറ്റത്തിനു കൊതിച്ച ധൈര്യശാലി. അനീതീക്കെതിരേ സിംഹഗര്‍ജനം നടത്തുകയും, സത്യവും നീതിയും കൊതിക്കുന്നവര്‍ ഉള്ളതെല്ലാം ഉപേക്ഷിച്ച്‌ തന്നെ അനുഗമിക്കുക എന്ന്‌ ഉപദേശിക്കുകയും ചെയ്‌ത യേശുക്രിസ്‌തുവിന്റെ വത്സല ശിഷ്യന്‍. ഈ ശിഷ്യനില്‍ നിന്ന്‌ു കിട്ടിയ വിശ്വാസവും നീതിബോധവും സാഹോദര്യവുമാണ്‌ എന്നും ഭാരതസഭയുടെ കൈമുതല്‍.
 
വട്ടപ്പലം (ദീപിക മുന്‍ പത്രാധിപ സമിതിയംഗം)
MORE NEWS INDIA
  • » ഉഴവൂര്‍ കോളേജില്‍ ചെസ്‌ മത്സരം നടത്തി
  • » കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനാ വനിതാ സംഗമം സംഘടിപ്പിച്ചു
  • » കോട്ടയം അതിരൂപതയുടെ 66 സ്‌കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി
  • » കൈപ്പുഴ സ്‌കൂളില്‍ ജൂണിയര്‍ കോണ്‍ഫറന്‍സ്‌
  • » കടുത്തുരുത്തി ഫൊറോനാ യുവജനദിനാഘോഷം രാമമംഗലത്ത്‌ നടത്തി
  • » കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സില്‍ വായനാവാരം സംഘടിപ്പിച്ചു
  • » സെന്റ്‌ ആന്‍സില്‍ നവതി ആഘോഷത്തിനു തുടക്കമായി
  • » ജോയി ചെമ്മാച്ചേല്‍ മികച്ച മത്സ്യ കര്‍ഷകന്‍
  • » മതവിശ്വാസത്തിന്റെ ദുരുപയോഗം അപകടകരം: മാര്‍ ജോസഫ്‌ പവ്വത്തില്‍
  • » നീതി ദിനാചരണവും നിയമ അവബോധ സെമിനാറും സംഘടിപ്പിച്ചു
  • » പ്രൊഫ. ഷീല സ്റ്റീഫന്‍ വനിതാ കോണ്‍ഗ്രസ്‌ -എം പ്രസിഡന്റ്‌
  • » ശാസ്‌ത്രനാടകം: കല്ലറ സ്‌കൂളിന്‌ ദക്ഷിണേന്ത്യന്‍ കിരീടം
  • » വേള്‍ഡ്‌ യൂത്ത്‌ പാര്‍ലമെന്റില്‍ കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ പങ്കെടുക്കും
  • » തിരുവനന്തപുരം ക്‌നാനായ പള്ളിയില്‍ യുവജന ദിനം ആഘോഷിച്ചു
  • » കെ.സി.വൈ.എല്‍ അതിരൂപതാ യുവജനദിനാഘോഷം ശ്രദ്ധേയമായി
  • » വൃദ്ധജനങ്ങള്‍ക്ക്‌ സാന്ത്വനത്തിന്റെ തൂവല്‍സ്‌പര്‍ശം
  • » മടമ്പം കോളജില്‍ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സൗകര്യം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ക്യാമ്പ്‌ മ്രാലയില്‍
  • » വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്‌
  • » സമുദായ വളര്‍ച്ചയ്‌ക്ക്‌ കെ.സി.സി. യത്‌നിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌
  • Advertise Here